തലമുറകളുടെ ഏറ്റുമുട്ടലായി മാറുന്ന കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് …?
ഈ മാസം 17ന് നടക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ കെഎന്‍ ത്രിപാഠിയുടെ നാമനിര്‍ദ്ദേശ പത്രിക സാങ്കേതിക കാരണങ്ങളാൽ തള്ളിയതോടെ ത്രികോണ മത്സരമെന്ന ഊഹാപോഹങ്ങൾ അവസാനിച്ച് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിയുടെ മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയും യുവത്വത്തിന്‍റെ മുഖമായ ശശി തരൂരും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായി മാറി. ഇതോടെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് രംഗം സജീവമായി.
തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ഒരു നിലപാടുമില്ല എന്ന് ഗാന്ധികുടുംബം ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഗാന്ധി കുടുംബത്തിന്‍റെ ആശീര്‍വാദമില്ലാത്ത സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുകയില്ല എന്ന് വ്യക്തമാണ്. കോണ്‍ഗ്രസ്സിലെ കടല്‍കിഴവന്മാരുടെ സ്ഥാനാര്‍ത്ഥിയായ മല്ലികാര്‍ജുന ഖാര്‍ഗെയെ ഹൈക്കമാന്‍ഡിന്‍റെ സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കുന്നത് അതുകൊണ്ടാണ്. ഇത് തിരിച്ചറിയുന്നതുകൊണ്ടാണ് “ഗാന്ധി കുടുംബത്തിന്റെയും കോൺഗ്രസിന്റെയും ഡിഎൻഎ ഒന്നുതന്നെയാണ്… ഗാന്ധി കുടുംബത്തോട് വിടപറയാൻ ഒരു (പാർട്ടി) അധ്യക്ഷനും അത്ര മണ്ടനല്ല. അവർ ഞങ്ങൾക്ക് വലിയ സമ്പത്താണ്” എന്ന് ശശി തരൂര്‍ ‘എഎൻഐ’യുമായുള്ള സംഭാഷണത്തിൽ പറഞ്ഞത്.
പാർട്ടിയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നത് പാർട്ടിയിൽ ഒരു മാറ്റം കൊണ്ടുവരാനാണ് എന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് “പാർട്ടിയുടെ പ്രവർത്തനത്തിൽ നിങ്ങൾ തൃപ്തനാണെങ്കിൽ ഖാർഗെ സാബിന് വോട്ട് ചെയ്യുക, എന്നാൽ നിങ്ങൾക്ക് ഒരു മാറ്റം വേണമെങ്കിൽ – പാർട്ടി വ്യത്യസ്തമായി പ്രവർത്തിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ – എന്നെ തിരഞ്ഞെടുക്കുക.“ എന്ന് 9,000-ത്തിലധികം പ്രതിനിധികളുള്ള ഇലക്ടറൽ കോളേജ് പ്രതിനിധികളോട് തന്ത്ര ശാലിയായ ശശി തരൂര്‍ ആവശ്യപ്പെടുന്നത്.
തെരഞ്ഞെടുപ്പുകളില്‍ നിരന്തരം തോറ്റുകൊണ്ട് നിലനില്‍പ്പു പോലും അസാധ്യമാകുന്ന സാഹചര്യത്തില്‍ മാറ്റങ്ങള്‍ക്കു വേണ്ടി മുറവിളി കൂട്ടുന്ന സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുന്പിലേക്ക് ചാട്ടുളിപോലുള്ള ഈ ചോദ്യം തൊടുത്തു വിട്ട ശശി തരൂരിന് ദിവസം പ്രതി കൂടിവരുന്ന സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രത്യേകിച്ച് കോണ്ഗ്രസ്സിലെ യുവതലമുറയുടെ പിന്തുണ കൂടി വരുകയാണ്. ഇതിനു തെളിവാണ് സോഷ്യല്‍ മീഡിയായില്‍ കാണുന്ന ശശി തരൂരിനായുള്ള മുറവിളി. ഇത് ഉയര്‍ത്തുന്നതാകട്ടെ കേവലം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമല്ല. കോണ്‍ഗ്രസ് നശിച്ചു പോകരുതെന്ന് ആഗ്രഹിക്കുന്ന നിഷ്പക്ഷ മതികളും മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗങ്ങള്‍ പോലും ഈ കാംപയിന് ഭാഗബാക്കാകുകയാണ്.
പൊതു സമൂഹത്തില്‍ നിന്ന് ശശി തരൂരിനു ലഭിക്കുന്ന ഈ പിന്തുണ ഉന്നത നേതാക്കന്മാരെ എല്ലാം തന്നെ അലോസരപ്പെടുത്തുവാന്‍ തുടങ്ങി എന്ന് വ്യക്തം. ഇതിനെ പ്രതിരോധിക്കുവാനായാണ് നേതൃത്വത്തിന്‍റെ കൂട്ടായ തീരുമാനത്തോടെ പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരും എന്ന് പ്രഖ്യാപിക്കുവാന്‍ ഖാര്‍ഗെയും നിര്‍ബ്ബന്ധിനായിരിക്കുന്നത്. എന്നിരുന്നാലും ഖാര്‍ഗെയെ സ്റ്റാറ്റസ്കോയുടെ പ്രതീകമായി ആണ് ജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും കാണുന്നത്. ശശി തരൂര്‍ തൊടുത്തു വിട്ട ഈ പ്രചണ്ഡ പ്രചാരണത്തെ പ്രതിരോധിക്കുവാന്‍ കഴിയാതെ വിഷമിക്കുകയാണ് 80 വയസു പിന്നിട്ട ഖാര്‍ഗേ.
തന്റെ തിരഞ്ഞെടുപ്പ് വീക്ഷണം വ്യക്തമാക്കി പ്രകടന പത്രികതന്നെ പുറത്തിറക്കിയ ശശിതരൂരാകട്ടെ പാർട്ടിയില്‍ വികേന്ദ്രീകരണത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി എല്ലാതീരുമാനങ്ങളും ഡല്‍ഹിയില്‍ നിന്ന് കെട്ടിയിറക്കുന്ന നിലവിലുള്ള കോണ്‍ഗ്രസ് രീതിയെ ചോദ്യം ചെയ്യുന്നു. “എല്ലാ തീരുമാനങ്ങളും എടുക്കുന്നത് ഈ ദിവസങ്ങളിൽ ന്യൂ ഡൽഹിയിലാണ് തീരുമാനങ്ങളെടുക്കാനുള്ള അവകാശം ബ്ലോക്കുകൾ, ജില്ല, സംസ്ഥാനങ്ങൾ എന്നീ തലങ്ങളിൽ താഴെത്തട്ടിലുള്ളവർക്ക് നൽകിയാൽ അത് പാർട്ടിക്ക് നല്ലതായിരിക്കും“മെന്നു അദ്ദേഹം പറഞ്ഞുവെക്കുമ്പോള്‍ ലക്ഷ്യം വക്കുന്നത് നെഹൃ കുടുംബത്തിന്‍റെ അപ്രമാദിത്യത്തെ തന്നെയാണ്.
രാഷ്ട്രീയ പ്രവര്‍ത്തനം എന്നത് ഗാന്ധികുടുംബത്തിന്‍റെ ചുറ്റും ഉപഗ്രഹങ്ങള്‍പോലെ പ്രദിക്ഷണം വെക്കലായി മാത്രം കരുതുന്ന കോണ്‍ഗ്രസ്സിലെ ബഹുഭൂരിപക്ഷത്തെ അലോസരപ്പെടുത്തുന്നതും ശശി തരൂരിന്‍റെ ഈ നിലപാടാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസ്സിന്റെ തലമൂത്ത നേതാക്കന്മാരുടേയും എന്തിനേറെ ഗ്രൂപ്പ് 20 നേതാക്കളുടെ പിന്തുണ പോലും ശശി തരൂരിന് ലഭിക്കാതെ പോകുന്നത്. എങ്ങനേയും ഗാന്ധി കുടുംബത്തിന്‍റെ കണ്ണിനു മുന്പില്‍ നല്ലപിള്ള ചമഞ്ഞ് ലഭിക്കുന്ന സ്ഥാനമാനങ്ങള്‍ കൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി തൃപ്തിപ്പെടുന്നവരും അതു ലഭിക്കാത്തതിനാല്‍ ഗ്രൂപ്പ് 20 പോലുള്ള സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ രൂപീകരിച്ച് വിലപേശുന്നവരും ഒറ്റക്കെട്ടായി ശശി തരൂരിനെ എതിര്‍ക്കുന്നതിന്‍റെ പിന്നിലെ കാരണവും മറ്റൊന്നല്ല.
എന്നാല്‍ അവരുടെ തന്നെ ഇളം തലമുറക്കാര്‍ വരെ ‘നാളെയെപറ്റി ചിന്തിക്കൂ, തരൂരിനെ ചിന്തിക്കൂ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ശശി തരൂരിനു പിന്നില്‍ അണിനിരക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ഓരോ സംസ്ഥാനത്ത് ചെല്ലുമ്പോഴും ശശി തരൂരിനു ലഭിക്കുന്ന അഭൂതപൂര്‍വ്വമായ സ്വീകരണത്തിനു പിന്നിലും കോണ്‍ഗ്രസ് രക്ഷപെടണമെന്നാഗ്രഹിക്കുന്ന ഒരു വലിയ ജനവിഭാഗം പുറത്തുണ്ട് എന്ന് വ്യക്തമാവുകയാണ്.
കോണ്‍ഗ്രസ്സിലെ ഇളം തലമറക്കാരും കഴിഞ്ഞ തലമുറക്കാരും തമ്മിലുള്ള ഏറ്റുമുട്ടലായി അഥവ തലമുറകളുടെ യുദ്ധമായി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് മാറിക്കഴിഞ്ഞു. 25 വർഷത്തിന് ശേഷം ഗാന്ധി അല്ലാത്ത ഒരു പ്രസിഡന്റിനെ ലഭിക്കാൻ ഗ്രാൻഡ് ഓൾഡ് പാർട്ടി തയ്യാറായതിന്‍റെ ഫലം എന്താണെന്ന് ഒക്‌ടോബർ 19ന് പ്രഖ്യാപിക്കുമ്പോള്‍, അത് കോണ്‍ഗ്രസ്സിന്‍റെ തിരിച്ചുവരവാണോ അതോ കോണ്‍ഗ്രസ്സിനുള്ള മരണമണിയാണോ എന്നുള്ള പ്രഖ്യാപനം കൂടിയായി മാറും.