മുസ്ലീം മാനേജ്മെന്‍റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ക്ക് വിലക്ക്

Print Friendly, PDF & Email

അടുത്ത അധ്യായന വര്‍ഷം മുതല്‍ മുസ്ലീം എഡ്യൂക്കേഷന്‍ സൊസൈറ്റി(എംഇഎസ്) യുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് സര്‍ക്കുലര്‍. എംഇഎസ് പ്രസിഡന്‍റ് ഡോ. പികെ ഫസല്‍ ഗഫൂറാണ് സര്‍ക്കുലര്‍ പുറത്തുവിട്ടത്.

ഹൈകോടതി വിധിയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥിനികള്‍ മുഖം മറച്ചുകൊണ്ടുള്ള യാതൊരു വിധത്തിലുമുള്ള വസ്ത്ര ധാരണത്തിലും ക്ലാസുകളിലേക്ക് വരുന്നില്ല എന്ന് അധ്യാപകര്‍ ഉറപ്പ് വരുത്തണം എന്നാണ് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ക്കയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്. പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത വിധത്തിലുള്ള വേഷ വിധാനങ്ങള്‍ അത് ആധുനികയുടെ പേരിലായാലും മതാചാരങ്ങളുടെ പേരിലായാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. 2019-20 അധ്യായന വര്‍ഷം മുതല്‍ അത് പ്രാവര്‍ത്തികമാക്കണമെന്നും ഇക്കാര്യം നിയമമായി ഉള്‍പ്പെടുത്തി പുതിയ അധ്യായന വര്‍ഷത്തെ കോളജ് കലണ്ടര്‍ തയാറാക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.