നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു
സംസ്ഥാനത്ത് ഇന്നു മുതല്‍ പ്രഖ്യാപിച്ചിരുന്ന നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു. ചേര്‍ത്തലയില്‍ നിന്നു തിരുവനന്തപുരത്തേക്കു നടത്താനിരുന്ന ലോങ് മാര്‍ച്ചും പിന്‍വലിച്ചിട്ടുണ്ട്. സമരം പിന്‍വലിച്ചെങ്കിലും നഴ്‌സുമാര്‍ക്ക് നല്‍കിവന്നിരുന്ന അലവന്‍സുകള്‍ ആശുപത്രി മാനേജ്‌മെന്റുകള്‍ വെട്ടിക്കുറച്ചത് നിയമപരമായി നേരിടാനാണ് യുഎന്‍എയുടെതീരുമാനം.
ശമ്പളം പരിഷ്‌കരിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത് പരിഗണിച്ചാണ് സമരത്തില്‍ നിന്ന് പിന്‍വാങ്ങുന്നത്. ഇന്ന് മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്നലെ വൈകുന്നേരം തന്നെ പുതിയ ശമ്പളം നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കുകയായിരുന്നു. എന്നാല്‍ മിനിമം വേതനവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം കയ്യില്‍ കിട്ടും വരെ സമരം തുടരുമെന്നായിരുന്നു യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നേരത്തെ അറിയിച്ചത്. അലവന്‍സ് കാര്യത്തില്‍ ഉണ്ടായത് വലിയ അട്ടിമറിയാണ് മുഖ്യമന്ത്രിയുടെ വാക്കും സുപ്രീംകോടതി വിധിയും അട്ടിമറിച്ചുവെന്നും സംഘടന ആരോപിച്ചു. അടിസ്ഥാന ശമ്പളം വര്‍ധിപ്പിച്ചിട്ടും സമരം ചെയ്യുന്നത് ജനവികാരം എതിരാകുമെന്നതും സമരം പിന്‍വലിക്കാന്‍ കാരണമായി.
പരിഷ്‌കരിച്ച വിജ്ഞാപന പ്രകാരം കിടക്കകളുടെ അടിസ്ഥാനത്തില്‍ ആശുപത്രികളെ ആറ് വിഭാഗങ്ങളായി തിരിച്ചാണ് ശമ്പളപരിഷ്‌ക്കരണം. ആശുപത്രി അറ്റന്‍ഡര്‍മാര്‍ ഉള്‍പ്പപ്പെടെയുള്ള ജീവനക്കാര്‍ക്ക് 16,000 രൂപയും സ്റ്റാഫ് നഴ്‌സുമാര്‍ ഉള്‍പ്പെടുന്ന വിഭാഗത്തിന് 20,000 രൂപയും ലാബ്‌ടെക്‌നീഷ്യന്മാരും ഫാര്‍മസിസ്റ്റുകളും ഉള്‍പപ്പെടെയുള്ളവര്‍ക്ക് 20,000 രൂപയും കുറഞ്ഞശമ്പളമായി ലഭിക്കും. നഴ്‌സുമാരുടെ മിനിമം ശമ്പളം 20,000 രൂപയാക്കിയാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. അമ്പത് കിടക്കകള്‍ വരെ 20,000 രൂപ, 50 മുതല്‍ 100 കിടക്കകള്‍ വരെ 24,400 രൂപ. 100 മുതല്‍ 200 കിടക്കകള്‍ വരെ 29,400 രൂപ, 200 ല്‍ കൂടുതല്‍ കിടക്കകളുണ്ടെങ്കില്‍ 32,400 രൂപ ഇങ്ങനെയാണ് പുതിയ വിജ്ഞാപനത്തിലെ ശമ്പളനിരക്ക്.