കോണ്‍ഗ്രസിന്റെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. ശാന്തിനഗറില്‍ ഹാരസ് തന്നെ

Print Friendly, PDF & Email

 

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്റെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. അഞ്ചു സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ആദ്യം പ്രഖ്യാപിച്ച ലിസ്റ്റിലെ ആറു സ്ഥാനാര്‍ത്ഥികളെ മാറ്റുകയും ചെയ്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ ബദാമി മണ്ഡലത്തിലും മത്സരിക്കും. ഇവിടെ നേരത്തെ ഡോ. ദേവരാജ് പാട്ടീലിനെയാണ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നത്. ചാമുണ്ഡേശ്വരിയിലും സിദ്ധരാമയ്യ മത്സരിക്കുന്നുണ്ട്. ഇതിനു പുറമെ ജഗലൂര്‍, തിപ്തൂര്‍, മല്ലേശ്വരം, പത്മനാഭ നഗര്‍, മടിക്കേരി മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളേയും കോണ്‍ഗ്രസ് മാറ്റി. മടിക്കേരിയില്‍ വിവാദത്തിലുള്‍പ്പെട്ടെ എച്ച്.എസ് ചന്ദ്രമൗലിക്കു പകരം കെ.പി ചന്ദ്രകല സ്ഥാനാര്‍ത്ഥിയാവും. മെഹുല്‍ ചോക്‌സിയുടെ അഭിഭാഷകനെന്ന നിലയില്‍ ബി.ജെ.പി ചന്ദ്രമൗലിക്കെതിരെ രംഗത്തു വന്നിരുന്നു.

പുതുതായി പ്രഖ്യാപിച്ച അഞ്ചു സീറ്റുകളില്‍ ഡോ. ബി ഇനാംദാര്‍-കിട്ടൂര്‍, വിതല്‍ ദോണ്ഡിബ കതക്‌ബോണ്ട- നാഗത്താന്‍,, മല്ലണ്ണ നിഗണ്ണ സാലി- സിന്ദ്ഗി, സയ്യിദ് യാസിന്‍-റായ്ച്ചൂര്‍, എന്‍.എ ഹാരിസ്-ശാന്തിനഗര്‍ എന്നിവടങ്ങളില്‍ മത്സരിക്കും. മെല്‍കോട്ട മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടില്ല. ഇവിടെ സ്വരാജ് ഇന്ത്യ പാര്‍ട്ടിയുടെ ദര്‍ശന്‍ പുട്ടനയ്യയെ കോണ്‍ഗ്രസ് പിന്തുണക്കും.

ശാന്തിനഗര്‍ മണ്ഡലത്തി ആര് എന്ന അഭ്യൂഹമാണ് ഇതോടെ ഇല്ലാതായത്. മലയാളിയും കാസര്‍കോട് കീഴൂര്‍ സ്വദേശിയുമായ എന്‍ എ ഹാരിസ് മൂന്നാംതവണയും അങ്കത്തിനിറങ്ങുമെന്ന് ഉറപ്പായി. നഗരത്തിലെ ശാന്തിനഗറില്‍ നിന്ന് രണ്ട് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണ പൗരസമിതി നടത്തിയ സര്‍വ്വേയില്‍ കര്‍ണാടകത്തില്‍ തന്നെ മികച്ച എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മകന്‍ ക്രിമിനല്‍ കേസില്‍പെട്ട സംഭവത്തെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സീറ്റിന്റെ കാര്യത്തില്‍ അനിശ്ചിതത്വമുണ്ടായിരുന്നു. ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് ഹൈക്കമാന്റ് ഇദ്ദേഹത്തെ തന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ബി.ജെ.പി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി മുന്‍ ഡെപ്യൂട്ടി മേയറും നിരവധി ക്രിമിനല്‍ കേസിലെ പ്രതിയുമാണ്. എന്നാല്‍ ഹാരിസിന്റെ പേരില്‍ ഒരു പെറ്റി കേസ് പോലുമില്ല. മാത്രമല്ല അദ്ദേഹത്തിന്റ ജനകീയ അടിത്തറക്ക് ഒരു കോട്ടവും തട്ടിയിട്ടുമില്ല. ഇതെല്ലാമാണ് ഹാരിസിനെ വീണ്ടും പരിഗണിക്കാന്‍ കാരണമായത്.

മുസ്‌ലിം, ക്രിസ്ത്യന്‍, ദളിതര്‍ എന്നിവര്‍ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് ശാന്തിനഗര്‍. ഹാരിസിനെ ഇറക്കിയതോടെ ഈസിവാക്കോവറാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. കേരളത്തിലും കര്‍ണാടകത്തിലും രാഷ്ട്രീയ രംഗത്തും വ്യാപാര രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച നാലപ്പാട് ഗ്രൂപ്പിന്റെ ചെയര്‍മാനും മലബാര്‍ മുസ്‌ലിം അസോസിയേഷന്‍ പ്രസിഡന്റുമായ ഡോ. എന്‍ എ മുഹമ്മദിന്റെ മകനാണ് എന്‍ എ ഹാരിസ്. എന്‍ എ മുഹമ്മദ് നേരത്തെ ഭദ്രാവതി മുന്‍സിപ്പല്‍ ചെയര്‍മാന്‍ കൂടിയായിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് പ്രവേശിച്ച ഹാരിസ് വിജയ കോളജ് സ്റ്റുഡന്‍സ് യൂണിയന്‍ ചെയര്‍മാന്‍, കര്‍ണാടക സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, മൈസൂര്‍ പേപ്പര്‍മില്‍ ചെയര്‍മാന്‍, കര്‍ണാടക ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു.