“പോലീസ് എന്നെ ഭ്രാന്തനാക്കി സെല്ലിലടച്ചു”. ഗുരുതര ആരോപണവുമായി ലീഗയുടെ ഭര്‍ത്താവ്
കാണാതായ ലിഗയ്ക്കായി അന്വേഷണം നടത്തുന്നതില്‍ കേരളാ പോലീസ് തികഞ്ഞ അനാസ്ഥയാണ് കാട്ടിയതെന്ന് ഭര്‍ത്താവ് ആന്‍ഡ്രൂസ്. അയര്‍ലന്‍ഡിലെ ആര്‍ടിഇ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് ലിത്വാന സ്വദേശിയായ ആന്‍ഡ്രൂസ് കേരള പോലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. മറ്റ് വിദേശ മാധ്യമങ്ങളും ഇക്കാര്യം അന്നുതന്നെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ലിഗയെ കാണാതായ താമസസ്ഥലത്തിന് വളരെയടുത്താണ് പോലീസ് സ്‌റ്റേഷന്‍. എന്നിട്ടും കാണാതായ വിവരം തങ്ങള്‍ക്കറിയില്ലെന്ന രീതിയിലാണ് അവര്‍ പെരുമാറിയത്. പരാതിയുമായി പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ചപ്പോഴൊക്കെ ലിഗ മറ്റെവിടേയ്‌ക്കെങ്കിലും അവധിയാഘോഷിക്കാന്‍ പോയതായിരിക്കുമെന്ന് പറഞ്ഞ് തന്നെ തിരിച്ചയക്കുകയായിരുന്നു. പരാതി നല്‍കിയെങ്കിലും അന്വേഷണപുരോഗതി സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചില്ല. തങ്ങള്‍ നല്‍കിയ വിവരങ്ങള്‍ കേള്‍ക്കാനോ അതനുസരിച്ച് അന്വേഷണം നീക്കാനോ പോലീസ് തയ്യാറായില്ല. പോലീസുകാരോട് വിവരങ്ങള്‍ തിരക്കിയപ്പോള്‍ അവര്‍ സംസാരിക്കാന്‍ പോലും തയ്യാറായില്ല. പലപ്പോഴും പോലീസ് തങ്ങളുടെ പരാതി കാര്യമായ ഒരു വിഷയമായിയിട്ടു പോലും കണ്ടില്ല. ഒരാഴ്ചയിലേറെ വേണ്ടി വന്നു വിഷയത്തിന്റെ ഗൗരവം പോലീസിനു ബോധ്യപ്പെടുത്തുവാന്‍. അതുകൊണ്ടാണ് ലീഗയുടെ സഹോദരി ഇല്‍സയുമായി ചേര്‍ന്ന് തങ്ങളുടേതായ രീതിയില്‍ അന്വേഷണം ആരംഭിക്കുവാന്‍ തീരുമാനിച്ചത്.
അന്വേഷണം നടത്തികൊണ്ടിരിക്കുന്നതിനിടക്ക് ലീഗയെ ഒരു ഹോട്ടലില്‍ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ അവിടെച്ചെന്നു. എന്നാല്‍, രൂക്ഷമായ ഭാഷയിലാണ് ഹോട്ടല്‍ മാനേജര്‍ പ്രതികരിച്ചത്. ഇതേത്തുടര്‍ന്ന് അയാളുമായി വാക്കേറ്റമുണ്ടായി. താന്‍ അയാളുടെ ഷര്‍ട്ടില്‍ കടന്നുപിടിച്ചു. ജീവനക്കാരെല്ലാം തന്റെ മേല്‍ ചാടിവീണു. അവര്‍ പോലീസിലറിയിക്കുകയും മാനസികാസ്വാസ്ഥ്യമുണ്ടെന്നാരോപിച്ച് തന്നെ നിര്‍ബന്ധിത വൈദ്യചികിത്സയ്ക്ക് പോലീസുകാര്‍ വിധേയരാക്കുകയാണുണ്ടായത്. ആശുപത്രിയില്‍ തന്നെ ആറുദിവസം അഡ്മിറ്റ് ചെയ്തു. തന്റെ അറിവോ സമ്മതമോ കൂടാതെ പല ടെസ്റ്റുകള്‍ക്കും വിധേയനാക്കി. ഫോണ്‍ പോലീസുകാര്‍ പിടിച്ചുവാങ്ങിയതായും എംബസിയിലേക്ക് വിളിക്കാന്‍ പോലും അനുവദിച്ചില്ലന്നും ആന്ഡ്രൂസ് ആരോപിക്കുന്നു. തുടര്‍ന്നാണ് താന്‍ അയര്‍ലന്‍ഡിലേക്ക് പോയത്. എന്നാല്‍ പ്രദേശവാസികളായ ജനങ്ങളാണ് തങ്ങളുടെ വിഷമം മനസ്സിലാക്കി ഒപ്പം നിന്നത്. സഹായമനസ്ഥിതിയായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ മാധ്യമങ്ങള്‍ പോലീസിനെ ഭയന്ന് വേണ്ടവിധം വാര്‍ത്തകള്‍ നല്‍കിയില്ലെന്നാണ് ആന്‍ഡ്രുവിന്റെ ആക്ഷേപം. ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് അവരങ്ങനെ ചെയ്തതെന്നാണ് ഞാന്‍ കരുതുന്നതെന്ന് ആന്‍ഡ്രൂസ് പറഞ്ഞു
വിഷാദരോഗത്തിന് ആയുര്‍വേദ ചികിത്സ തേടിയാണ് ലിഗ സഹോദരി ഇല്‍സിക്കൊപ്പം കഴിഞ്ഞ ഫെബ്രുവരി 3ന് കേരളത്തിലെത്തിയത്. ആറാഴ്ച്ചയായിരുന്നു ചികിത്സാകാലാവധി. എന്നാല്‍, ,ചികിത്സ പൂര്‍ത്തിയാവും മുമ്പ് മാര്‍ച്ച് 14ന് ലിഗയെ കാണാതായി. താമസസ്ഥലത്തിന് 16 കിലോമീറ്റര്‍ അകലെ കോവളം കടപ്പുറത്താണ് ലിഗയെ അവസാനമായി കണ്ടത്. കഴിഞ്ഞ 20ന് തിരുവല്ലം വാഴമുട്ടം പുനം തുരുത്തില്‍ ചൂണ്ടയിടാന്‍ വന്നവര്‍ തല വിഛേദിക്കപ്പെട്ട നിലയില്‍ ജീര്‍ണ്ണിച്ച ലീഗയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തുകയായിരുന്നു.

