അലോക് വർമയെ വീണ്ടും മാറ്റി… റഫാൽ ഇടപാടിൽ നിന്ന് രക്ഷപെടാനെന്ന് കോണ്‍ഗ്രസ്

Print Friendly, PDF & Email

സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം വീണ്ടും സിബിഐ ഡയറക്ടർ സ്ഥാനം ഏറ്റെടുത്ത അലോക് വർമയെ മാറ്റി. രണ്ടര മണിക്കൂർ നീണ്ടു നിന്ന പ്രധാനമന്ത്രി അധ്യക്ഷനായസെലക്ഷൻ കമ്മിറ്റി യോഗമാണ് അലോക് വർമയെ മാറ്റാൻ തീരുമാനിച്ചത്. കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത സുപ്രീംകോടതി ജഡ്ജി എ കെ സിക്രി വർമയെ മാറ്റുന്നതിനെ അനുകൂലിച്ചു. പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖർഗെ തീരുമാനത്തോട് വിയോജിച്ചു. സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് ഫയർ സർവീസ് ഡയറക്ടർ ജനറലായാണ് വർമയെ മാറ്റുന്നത്.

പരസ്പരം അഴിമതിയാരോപണം ഉന്നയിച്ചതിനെ തുടർന്ന് അലോക് വർമയെയും സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയെയും 2018 ഒക്ടോബർ 23-ന് അർധരാത്രിയിലാണ്. തുടര്‍ന്ന് ഡയറക്ടറെ മാറ്റുന്നതിൽ കേന്ദ്രത്തിന് ഏകപക്ഷീയമായി തീരുമാനമെടുക്കാനാവില്ലെന്നും സെലക്‌ഷൻ കമ്മിറ്റിക്കേ അതിനധികാരമുള്ളൂ എന്നും കാട്ടി വർമ സുപ്രീംകോടതിയെസമീപിച്ചു.

ഒന്നരമാസത്തോളം വാദം കേട്ടതിന് ശേഷം അലോക് വർമയെ മാറ്റി നിർത്തിയ കേന്ദ്രസർക്കാർ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയത്. സിബിഐ ഡയറക്ടറെ നിയമിക്കാൻ അധികാരമുള്ള സെലക്ഷൻ കമ്മിറ്റി തന്നെ അലോക് വർമ തുടരുന്ന കാര്യം തീരുമാനിക്കട്ടെ എന്നാണ് സുപ്രീംകോടതി വിധിച്ചത്. എന്നാൽ നയപരമായ തീരുമാനങ്ങൾ വർമ എടുക്കരുതെന്നും അദ്ദേഹം പദവിയിൽ തുടരുന്ന കാര്യം സെലക്ഷൻ കമ്മിറ്റിക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി വിധിച്ചിരുന്നു. പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, ലോക്സഭയിലെ പ്രതിപക്ഷനേതാവ് – എന്നീ മൂന്ന് പേരടങ്ങുന്നതാണ് സെലക്ഷൻ കമ്മിറ്റി.

നേരത്തേ സെലക്ഷൻ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറിയിരുന്നു. വർമയ്ക്കെതിരായ കേസിൽ വിധി പറഞ്ഞത് താനടക്കമുള്ള ബഞ്ചാണെന്ന് കാണിച്ചാണ് ചീഫ് ജസ്റ്റിസ് പിന്മാറിയത്. പകരം സുപ്രീംകോടതി ജ‍‍ഡ്ജിയായ എ കെ സിക്രിയാണ് രഞ്ജൻ ഗൊഗോയിയുടെ പ്രതിനിധിയായി പങ്കെടുത്തത്.

ബുധനാഴ്ച കമ്മിറ്റി യോഗം ചേർന്നെങ്കിലും തീരുമാനമെടുക്കാതെ പിരിഞ്ഞു. ഖാർഗെയുടെ എതിർപ്പുകാരണം ബുധനാഴ്ച തീരുമാനമെടുക്കാൻ കഴിഞ്ഞില്ല. ജനവരി 31-നു വിരമിക്കുന്ന വർമയ്ക്ക് വിലപ്പെട്ട 77 ദിവസങ്ങൾ നഷ്ടമായെന്നും ആ കാലാവധികൂടി അദ്ദേഹത്തിനു നൽകണമെന്നും സി.വി.സി. റിപ്പോർട്ടിൽ വർമയ്ക്കെതിരേ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ലെന്നും ഇക്കാര്യത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. എന്നാല്‍ ഇതൊന്നും അംഗീകരിക്കുവാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. ജസ്റ്റീസ് സിക്രയാകട്ടെ പ്രധാനമന്ത്രിക്കനുകൂലമായ നിലപാടെടുത്തു.

റഫാൽ ഇടപാടിൽ അന്വേഷണത്തിനൊരുങ്ങിയ പശ്ചാത്തലത്തിലാണ് വർമയെ മാറ്റുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.വർമയെ മാറ്റാൻ പ്രധാനമന്ത്രിക്കെന്താ ഇത്ര ധൃതിയെന്ന് വ്യാഴാഴ്ച രാവിലെ രാഹുൽ ട്വീറ്റ് ചെയ്തിരുന്നു. സെലക്‌ഷൻ കമ്മിറ്റി സി.ബി.ഐ. മേധാവിയുടെ കേസ് പരിഗണിക്കാത്തതെന്തെന്നും രാഹുൽ ചോദിച്ചു. ഉത്തരം റഫാലെന്നും പരിഹസിച്ചു.