കേരളത്തില്‍ കോവിഡ് കുതിച്ചുയരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഉമ്മന്‍ ചാണ്ടിക്കും കൊവിഡ്

Print Friendly, PDF & Email

മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ രോഗലക്ഷണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കണ്ണൂര്‍ പിണറായിലെ വസതിയിലായിരുന്ന മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.. മകൾ വീണയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോദനയിലാണ് മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. മരുമകൻ മുഹമ്മദ് റിയാസിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ വസതിയിൽ നിരീക്ഷണത്തിലായിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

വാക്‌സിൻ എടുത്ത് രണ്ടാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പൊതുപരിപാടികളിലെല്ലാം കൃത്യമായി കോവിഡ് പ്രോട്ടോക്കാള്‍ പാലിക്കുകയും, രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്ത മുഖ്യമന്ത്രിക്ക് എങ്ങനെ കൊവിഡ് ബാധിച്ചുവെന്നാണ് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നത്. എന്നാല്‍ അത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വാക്‌സിൻ എടുത്താൽ കൊവിഡ് വരില്ല എന്ന ചിന്ത ശരിയല്ല. കൊവിഡ് വാക്‌സിൻ എടുത്തവരിലും കൊവിഡ് വരാനുള്ള സാധ്യതയുണ്ട്. പക്ഷേ രോഗ ലക്ഷണങ്ങളോടു കൂടിയ രോഗം വരാനുള്ള സാധ്യത 80 ശതമാനം കുറവാണ്. ആദ്യ ഡോസ് വാക്‌സിനെടുത്താൽ 30 മുതൽ 40 ശതമാനം വരെ സുരക്ഷ ലഭിക്കും. രണ്ടാമത്തെ ഡോസ് എടുത്ത് രണ്ടാഴ്ചയ്ക്ക് ശേഷമാണ് 80 ശതമാനം സുരക്ഷ ലഭിക്കുന്നത്. എന്നാല്‍ വാക്‌സിൻ എടുത്തവർക്ക് ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകാനുള്ള സാധ്യത കുറവായിരിക്കും. ഇനി രോഗമുണ്ടായാൽ തന്നെ ഗുരുതരമായ രോഗസാധ്യത വളരെ കുറവാണ്. മരണമുണ്ടാകാനുള്ള സാധ്യത 100 ശതമാനം കുറവാണെന്നും വിദഗ്ധര്‍ പറയുന്നു.

തിരഞ്ഞെടുപ്പ് മാമാങ്കം കഴിഞ്ഞതോടെ കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇന്ന് 4353 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 654, കോഴിക്കോട് 453, തിരുവനന്തപുരം 444, തൃശൂർ 393, മലപ്പുറം 359, കണ്ണൂർ 334, കോട്ടയം 324, കൊല്ലം 279, ആലപ്പുഴ 241, കാസർഗോഡ് 234, പാലക്കാട് 190, വയനാട് 176, പത്തനംതിട്ട 147, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,901 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.81 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 173 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3858 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 297 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 617, കോഴിക്കോട് 439, തിരുവനന്തപുരം 329, തൃശൂർ 384, മലപ്പുറം 343, കണ്ണൂർ 252, കോട്ടയം 290, കൊല്ലം 274, ആലപ്പുഴ 236, കാസർഗോഡ് 211, പാലക്കാട് 81, വയനാട് 166, പത്തനംതിട്ട 125, ഇടുക്കി 111 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

25 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 6, കൊല്ലം, കോട്ടയം, കാസർഗോഡ് 4 വീതം, എറണാകുളം, പാലക്കാട് 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,55,683 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,50,535 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 5148 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 759 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

  •  
  •  
  •  
  •  
  •  
  •  
  •