മന്ത്രി കെ ടി ജലീൽ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന ലോകായുക്ത. സംരക്ഷിച്ച് എല്‍ഡിഎഫ്.

Print Friendly, PDF & Email

മന്ത്രി കെ ടി ജലീൽ മന്ത്രി സ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന ലോകായുക്ത. സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി ബന്ധുവായ കെ ടി അദീബിനെ നിയമിച്ചത് അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നായിരുന്നു ലോകായുക്താ കണ്ടെത്തിയിരിക്കുന്നത്. മന്ത്രിയെന്ന നിലയിൽ സത്യസന്ധതയില്ലാത്ത നടപടിയാണ് ജലീലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ലോകായുക്തയുടെ റിപ്പോർട്ടിൽ പറയുന്നു. സ്വജനപക്ഷപാതം കാണിച്ച ജലീൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നുമുള്ള വ്യക്തമായ വിധിയാണ് ലോകായുക്ത പുറപ്പെടുവിച്ചിരിക്കുന്നത്. ഭരണഘടനയുടെ മൂന്നാമത്തെ ഷെഡ്യൂളിൽ ഉൾപ്പെട്ട സത്യപ്രതിജ്ഞാ ലംഘനം ജലീലിന്റെ ഭാഗത്തുനിന്നുണ്ടായെന്നാണ് റിപ്പോർട്ട്. ജലീലിനെ മന്ത്രി സഭയിൽ നിന്നും പുറത്താക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്താ കോടതി വിധിയിൽ ആവശ്യപ്പെടുന്നു. റിപ്പോർട്ട് കിട്ടിയാൽ മൂന്നുമാസത്തിനുളളിൽ മുഖ്യമന്ത്രി തീരുമാനമെടുക്കണമെന്നാണ്‌ നിയമം. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ എടുത്ത നടപടി ലോകായുക്തയെ അറിയിക്കണം. ആ റിപ്പോർട്ട് ഗവർണർ നിയമസഭയുടെ പരിഗണനയ്ക്ക് വയ്‌ക്കണമെന്നുമാണ് കേരള ലോകായുക്ത ആക്‌ടിൽ പറയുന്നത്.

നിയമപരമായും ധാർമികമായും മന്ത്രി കെ.ടി. ജലീലിനെ പ്രതിസന്ധിയിലാക്കുന്നതാണ് ലോകായുക്തയുടെ റിപ്പോർട്ടെന്ന് നിയമവിദഗ്ധർ പറയുന്നു. അഴിമതിനിരോധനത്തിനുവേണ്ടി നിയമപരമായ സ്ഥാപിക്കപ്പെട്ട അതോറിറ്റിയുടേതാണ് റിപ്പോർട്ട്. വെറുതെയുള്ള കണ്ടെത്തലല്ല ലോകായുക്ത നടത്തിയിരിക്കുന്നത്. മറിച്ച് ഇതൊരു വിധി പ്രഖ്യാപനമാണെന്നത് കാര്യത്തിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. വകുപ്പ് മാറ്റി പ്രശ്‌നം പരിഹരിക്കാൻപോലും കഴിയാത്ത പ്രതിസന്ധിയാണത്. ലോകായുക്തയുടെ റിപ്പോർട്ടിനെതിരേ മന്ത്രിക്ക് ഹൈക്കോടതിയെ സമീപിക്കാം. പക്ഷെ വിധി നടപ്പിലാക്കാനുള്ള ഉത്തരവ് മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്നതിനാല്‍ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നടപടി എടുത്തില്ലങ്കില്‍ അത് കോര്‍ട്ടലക്ഷ്യമാകും.

ഇതോടെ ജലീലിനെതിരെ പ്രതിക്ഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം. ജലീലിനെ പുറത്താക്കാൻ സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആരോപണം ഉയർന്നപ്പോൾ ജലീലിനെ പിന്തുണച്ച മുഖ്യമന്ത്രി ജനങ്ങളോട് മാപ്പുപറയാൻ തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.

എന്നാല്‍, എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തു എന്നതിന്റെ പേരില്‍ മന്ത്രി കെ.ടി. ജലീല്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം പറയുന്നു. ചോദ്യംചെയ്യപ്പെടുന്നവരെല്ലാം രാജിവെക്കാന്‍ തുടങ്ങിയാല്‍ പിന്നെ രാജിവെക്കലിന് അവസാനമില്ലാതാകുമെന്നും പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള പറയുന്നു. കേന്ദ്ര ഏജന്‍സി ഒരാളോട് വിവരങ്ങള്‍ ആരായുന്നുവെന്നുളളത് നിയമവ്യവസ്ഥയുടെ ഭാഗമായിട്ടുളള കാര്യമാണെന്നും അതിന്റെ ഭാഗമായി അയാള്‍ കുറ്റാരോപിതനാവുകയോ കുറ്റം കുറ്റം ചെയ്തതായി തെളിയിക്കപ്പെടുകയോ ഉണ്ടായിട്ടില്ലെന്നും എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു.

  •  
  •  
  •  
  •  
  •  
  •  
  •