ബിസി ഒന്നാം നൂറ്റാണ്ടിൽ താഴമൺ മഠത്തിന് തന്ത്രാവകാശം ലഭിച്ചെന്ന വാദം ചരിത്ര വിരുദ്ധം
ബി.സി ഒന്നാം നൂറ്റാണ്ടിൽ താഴമൺ മഠത്തിന് ശബരിമലയുടെ തന്ത്രാവകാശം പരശുരാമനില്‍ നിന്നു ലഭിച്ചു താഴമൺ മഠത്തിന്റെ അവകാശവാദം. ചരിത്ര പരമായി തികച്ചും തെറ്റാണ്. ബി.സി ഒന്നാം നൂറ്റാണ്ടിൽ താഴമൺ മഠത്തിന് തന്ത്രം ലഭിച്ചു എന്ന് അവകാശവാദം ഉന്നയിക്കുന്നവർ കേരളത്തിലെ ബ്രാഹ്മണ കുടിയേറ്റത്തിന്റെ ചരിത്രം പഠിക്കുന്നത് നന്നായിരിക്കും.
കേരളത്തിലേക്ക് ബ്രാഹ്മണ കുടിയേറ്റം ആരംഭിക്കുന്നത് BCE മൂന്നാം നൂറ്റാണ്ടോടു കൂടിയാണെന്ന് ചില ചരിത്രകാരന്മാർ വാദിക്കുന്നുണ്ടെങ്കിലും ക്ഷേത്രവുമായി ബന്ധപ്പെട്ട ബ്രാഹ്മണ വ്യവസ്ഥ കേരളത്തിൽ ശക്തമാകുന്നത് 7, 8 നൂറ്റാണ്ടുകളിൽ മാത്രമാണ്. എ.ഡി 855 ൽ ഇരിങ്ങാലക്കുടയിൽ നിന്നും ലഭിച്ചിട്ടുള്ള ശിലാലിഖിതം ഇതു സാക്ഷ്യപ്പെടുത്തുന്നുണ്ട്. എട്ടാം നൂറ്റാണ്ടിൽ സ്ഥാപിതമായ അഞ്ചൈക്കളം ക്ഷേത്രം ബ്രാഹ്മണരുമായി ബന്ധപ്പെട്ട ക്ഷേത്രവ്യവസ്ഥ കേരളത്തിൽ രൂപം കൊള്ളുന്നത് എട്ടാം നൂറ്റാണ്ടിലാണെന്നാണ് സൂചിപ്പിക്കുന്നത്. തേവാരത്തിൽ ഈ ക്ഷേത്രത്തെ സംബന്ധിച്ച പരാമർശമുണ്ട്.
കൂടാതെ കേരളത്തിൽ താന്ത്രികാരാധനകളുമായി ബന്ധപ്പെട്ട് തന്ത്രഗ്രന്ഥങ്ങൾ രചിക്കപ്പെടുന്നത് പോലും 10-15 നൂറ്റാണ്ടുകൾക്കിടയിലാണ്. കേരളത്തിലെ ആദ്യകാല തന്ത്രഗ്രന്ഥങ്ങളിലൊന്നായ പ്രയോഗമഞ്ജരിയുടെ കാലം CE 10-11 നൂറ്റാണ്ടുകൾക്കിടയിലാണ്. തന്ത്രിമാർ ആധികാരികമായി കണക്കാക്കുന്ന തന്ത്രസമുച്ചയം ഉണ്ടാകുന്നത് പോലും CE 15ാം നൂറ്റാണ്ടിലാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രാചീന തന്ത്ര ഗ്രന്ഥമായ നിശ്വാസ തത്ത്വസംഹിതയുടെ കാലം CE 7-ാം നൂറ്റാണ്ടാണ്. ഇന്ത്യയിലെ അവസ്ഥയനുസരിച്ച് ബി.സി രണ്ടാം നൂറ്റാണ്ടിന് മുൻപ് വരെ (പ്രത്യേകിച്ച് കുശാനന്മാരുടെ ഭരണത്തിന് മുൻപ് വരെ) ബ്രാഹ്മണരുടെ ക്ഷേത്ര പൂജ സംബന്ധിച്ച ആർക്കിയോളജിക്കൽ തെളിവുകളൊന്നും തന്നെ ലഭ്യമല്ല. കേരളത്തിലാവട്ടെ ക്ഷേത്ര കേന്ദ്രിതമായി ബ്രാഹ്മണാവാസ വ്യവസ്ഥ ശക്തി പ്രാപിക്കുന്നത് ഏഴാം നൂറ്റാണ്ടോട് കൂടിയാണ്. തന്നെയുമല്ല ശബരിമലയെ സംബന്ധിച്ച് ലഭ്യമായ ചീരപ്പഞ്ചിറ ചെപ്പേട്, വാവരുടെ ചെപ്പേട്, ചെമ്പഴന്നൂർ ചെപ്പേട് എന്നിവ ശബരിമലയിലെ ബ്രാഹ്മണേ തരമായ താന്ത്രിക സമ്പ്രദായങ്ങളെയാണ് വെളിവാക്കുന്നത്.
ലഭ്യമായ റവന്യൂ രേഖകളിൽ കറുപ്പ സ്വാമിക്ക് പൂജ നടത്തിയിരുന്നത് അവരുടെ കുടുംബത്തിൽ പെട്ട ആളാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സർവ്വോപരി വാവരുടെ ചെപ്പേടിൽ മകരവിളക്കുത്സവ കാലത്ത് ശബരിമലയിൽ വന്ന് 36 ആടിനെ ഗുരുതി കഴിക്കണമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ശബരിമലയുമായി ബന്ധപ്പെട്ട് 16, 17, 18 നൂറ്റാണ്ടുകളിൽ ലഭ്യമായ മേൽ സൂചിപ്പിച്ച രേഖകളെല്ലാം അബ്രാഹ്മണ പൂജകളാണ് ശബരിമലയിൽ നടന്നിരുന്നതെന്ന് തെളിയിക്കുന്നു. ഇതെല്ലാം ബി സി ഒന്നാം നൂറ്റാണ്ടിൽ താഴമൺ മഠത്തിന് ശബരിമല തന്ത്രം ലഭിച്ചു എന്ന അവകാശവാദം തികച്ചും വസ്തുതാ വിരുദ്ധമാണെന്നാണ് തെളിയിക്കുന്നത്. അയ്യപ്പന്റെ പേര് പരാമർശിക്കുന്ന ഏറ്റവും പഴയ രേഖ തിരുവല്ലാ ചെപ്പേടാണ്. കാര്യമിങ്ങനെയാണെന്നിരിക്കെ തങ്ങൾക്ക് ശബരിമലയുടെ തന്ത്രം ബി.സി ഒന്നാം നൂറ്റാണ്ടിൽ ലഭിച്ചു എന്ന താഴമൺ മഠത്തിന്റെ അവകാശവാദം പച്ചക്കള്ളമാണെന്ന് പറയേണ്ടി വരും.