KERALANEWS MAIN

മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെല്ലാം സി.പി.എം പ്രവര്‍ത്തകര്‍. പ്രതിഷേധ സംഗമം ഇന്ന്.

കൂത്തുപറന്പ് പെരിങ്ങത്തൂര്‍ പുല്ലൂക്കരയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പാറാല്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളെല്ലാം സി.പി.എം.-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. ഷിനോദ്, രതീഷ്, സംഗീത്,ശ്രീരാഗ്, സജീവന്‍, സുഹൈല്‍, അശ്വന്ത്, ശശി, സുമേഷ്, ജാബിര്‍,നസീര്‍ എന്നീ 11 പേരും തിരിച്ചറിയാത്തവരുമായ 14 പേരുമാണ് കേസില്‍ പ്രതികള്‍. ഇതില്‍ ഒരാളെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതി രതീഷിനെ കഴിഞ്ഞ ദിവസം വൈകീട്ടോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. വകവരുത്തുക എന്ന ലക്ഷ്യത്തോടെ ആയുധങ്ങളുമായി സംഘടിച്ചെന്നും പോലീസ് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു.

പാനൂര്‍ കൊലപാതകത്തില്‍ അന്വേഷണ സംഘത്തെ മാറ്റണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി ഇസ്മയില്‍ സിപിഎമ്മിന്റെ സന്തത സഹചാരിയാണെന്ന് കെ.സുധാകരന്‍ എം.പി ആരോപിച്ചു. സിപിഎമ്മുകാരായ പ്രതികളെ രക്ഷപ്പെടുത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. മുഴുവന്‍ പ്രതികളെയും പിടികൂടാത്തതിനെതിരെ യുഡിഎഫ് ഇന്ന് പാനൂരിൽ പ്രതിഷേധ സംഗമം നടത്തുകയാണ്. സംഗമത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, പി കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും. ഇതിനിടയില്‍ മൻസൂർ കൊല്ലപ്പെട്ട കേസില്‍ ഒരാൾ കൂടി കസ്റ്റഡിയിലായെന്ന് പൊലീസ്. കേസിൽ നിർണ്ണായക പങ്ക് വഹിച്ചയാളാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.

0