KERALANEWS MAIN

കിഫ്ബി മസാല ബോണ്ടിന്‍റെ സൂത്രധാരന്‍ തോമസ് ഐസക്‍. അന്വേഷണം മുഖ്യമന്ത്രിയിലേക്ക്…?

കിഫ്ബി മസാലബോണ്ട് ഇറക്കാന്‍ തീരുമാനിച്ചതിനു പിന്നില്‍ തനിക്കുമാത്രമായി പ്രത്യേക റോള്‍ ഇല്ലന്നും മുഖ്യമന്ത്രി അദ്ധ്യക്ഷനായ കിഫ്ബി ബോര്‍ഡിന്‍റെ 15അംഗ കമ്മിറ്റിയുടെ ധനകാര്യ വകുപ്പ് മന്ത്രി എന്ന നിലയില്‍ ഉപാദ്ധ്യക്ഷന്‍ മാത്രമാണ് താനെന്നുമുള്ള മുന്‍ധനകാര്യ മന്ത്രി തോമസ് ഐസക് ന്‍റെ വാദം തള്ളി ഇ.ഡി. കിഫ്ബിയുടെ 11-ാമത് എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിന്റെയും 34-ാമത് ജനറല്‍ബോഡി യോഗത്തിന്റെയും മിനിറ്റ്‌സുകള്‍ പുറത്തുവിട്ടുകൊണ്ടാണ് ഇഡി തോമസ് ഐസക്കിന്‍റെ വാദങ്ങള്‍ നിരാകരിച്ചത്. കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ തോമസ് ഐസക്കിന്‍റെ നിര്‍ണ്ണായകമാണെന്നാണ് ഇഡി നിലപാട്.

ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) പ്രകാരമുള്ള മസാല ബോണ്ടുകളുടെ ഇഷ്യൂവിലെ ലംഘനങ്ങൾ സംബന്ധിച്ച് അന്വേഷണത്തിന്റെ ഭാഗമായി ഡോ. ഐസക്കിന് ഏജൻസി നാല് സമൻസ് അയച്ചിരുന്നു. എന്നാല്‍ ഇഡിക്ക് മുന്പില്‍ ഹാജരാകാന്‍ തയ്യാറാകാതെ മുഖ്യമന്ത്രി അദ്ധ്യക്ഷനായ കിഫ്ബി ബോര്‍ഡില്‍ ഒരംഗം മാത്രമാണ് താനെന്നും കിഫ്ബി എടുത്ത തീരുമാനത്തിന് താൻ മാത്രം ഉത്തരവാദിയല്ലെന്നായിരുന്നു തോമസ് ഐസക്കിന്റെ വാദം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇഡിയുടെ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ഉന്നയിച്ചഡോ.തോമസ് ഐസക് അന്വേഷണ ഏജൻസിക്കു മുന്പില്‍ ഹാജരാകുവാന്‍ തയ്യാറായിരുന്നില്ല. ഇതോടെയാണ് മസാലബോണ്ടിലേക്ക് കിഫ്ബി എത്തിയതിനുപിന്നിലെ തോമസ് ഐസക്കിന്റെ പങ്ക് വെളിപ്പെടുത്തുന്ന യോഗങ്ങളുടെ മിനിറ്റ്‌സ് പുറത്തുവിട്ട് മസാല ബോണ്ടിന്‍റെ പ്രധാന ആസൂത്രകന്‍ തോമസ് ഐസക്കാണെന്ന് ഐ.ഡി പറഞ്ഞിരിക്കുന്നത്.

മുഖ്യമന്ത്രി അധ്യക്ഷനായിരുന്ന കിഫ്ബിയടെ നിര്‍ണായക യോഗത്തില്‍ ഉയര്‍ന്ന പലിശനിരക്കില്‍ മസാലബോണ്ട് വിതരണം ചെയ്യുന്നതിലെ അപാകത ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും ചൂണ്ടികാട്ടിയതായി മിനിറ്റ്‌സില്‍ നിന്നു വ്യക്തമാണ്. മസാലബോണ്ട് ഇറക്കുന്നതില്‍ തീരുമാനമെടുക്കാന്‍ കിഫ്ബി ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ കെ.എം എബ്രാഹംമിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഉയര്‍ന്ന പലിശവാഗ്ദാനംചെയ്താലേ മുന്നോട്ടുപോകാനാകൂ എന്നും ഇപ്പോഴത്തെ വിപണിയനുസരിച്ച് മസാലബോണ്ടില്‍ തീരുമാനമെടുക്കുക ബുദ്ധിമുട്ടാണെന്ന് സി.ഇ.ഒ. യോഗത്തില്‍ അറിയിച്ചു.

ഇതിനുപിന്നാലെ നടന്ന ചര്‍ച്ചയില്‍ ആഭ്യന്തര കടപ്പത്രങ്ങളെക്കാള്‍ ഉയര്‍ന്ന പലിശ നല്‍കി എന്തിന് മസാലബോണ്ട് ഇറക്കണമെന്ന് അന്നത്തെ ധനകാര്യ സെക്രട്ടറി മനോജ് ജോഷി ആശങ്ക ഉന്നയിക്കുന്നു. ആഭ്യന്തര കടപ്പത്രവിപണിയെക്കാള്‍ വിദേശപലിശനിരക്ക് താഴ്‌ന്നുനില്‍ക്കുമ്പോള്‍ എന്തിനാണ് മസാലബോണ്ട് ഇറക്കുന്നതെന്ന് അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസും ചോദിക്കുന്നു. മികച്ച ക്രെഡിറ്റ് റേറ്റ് ഉള്ള സ്ഥാപനങ്ങള്‍ക്കു വരെ ഉയര്‍ന്നപലിശയാണ് കടപ്പത്രത്തിന് വാഗ്ദാനമായി ലഭിക്കുന്നത് എന്നതിനാല്‍ മസാലബോണ്ടിനും പലിശ കുറവുള്ള നല്ലൊരു വാഗ്ദാനം ലഭിക്കാന്‍ ബുദ്ധിമുട്ടാകുമെന്ന് കിഫ്ബി ബോര്‍ഡ് അംഗമായ പ്രൊഫ. സുശീല്‍ ഖന്നയും ചൂണ്ടിക്കാട്ടി. വിപണി മെച്ചപ്പെട്ടുനില്‍ക്കുമ്പോള്‍ മസാലബോണ്ടിലേക്ക് പോകുന്നതായിരിക്കും നല്ലതെന്ന് മറ്റൊരു അംഗമായ ജെ.എന്‍. ഗുപ്തയും പറയുന്നതായി മിനിറ്റ്സിലുണ്ട്.

എന്നാല്‍ ഇവരുടെ എല്ലാം അഭിപ്രായങ്ങളെ അവഗണിച്ച് അന്ന് ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക് മസാലബോണ്ടുമായി മുന്നോട്ടുപോകുന്നതാണ് കൂടുതല്‍ അഭികാമ്യമെന്നും ഭാവിയില്‍ വിദേശകടങ്ങള്‍ കൂടുതല്‍ ലഭിക്കുവാന്‍ ഇത് കാരണമാകുമെന്നും ചൂണ്ടിക്കാട്ടി ശക്തമായ നിലപാടെടുക്കകയായിരുന്നു. പലിശനിരക്ക് ഉയര്‍ന്നുനില്‍ക്കുകയാണെങ്കിലും അന്താരാഷ്ട്ര വിപണിയിലേക്ക് കടക്കാന്‍ കിട്ടുന്ന സാഹചര്യം പ്രയോജനപ്പെടുത്തണമെന്നായിരുന്നു തോമസ് ഐസക്കിന്റെ വാദം. നിര്‍ണായകയോഗത്തില്‍ അധ്യക്ഷനായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗത്തിന്റെ മിനിറ്റ്‌സിന് 2019 ജനുവരി 28-ന് അംഗീകാരം നല്‍കിയിരിക്കുന്നത്.

ഇതോടെ ഡോ.തോമസ് ഐസക്കിനെ ഇഡി ചോദ്യം ചെയ്തതിന്റെ പിന്നാലെ മുഖ്യമന്ത്രിയും ഇഡിക്കു മുന്പില്‍ ഇരിക്കേണ്ടി വരുമെന്ന സാഹചര്യത്തിലേക്കാണ് കിഫ്ബി മസാലബോണ്ട് അന്വേഷണം നീളുന്നത്. മുഖ്യമന്ത്രിയേയും അന്വേഷണ പരിധിയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി അദ്ധ്യക്ഷനായ കിഫ്ബി ബോര്‍ഡില്‍ ഒരംഗം മാത്രമാണ് താനെന്ന് തോമസ് ഐസക്‍ ഇഡിക്കു നല്‍കിയ മറുപടിയില്‍ ലക്ഷ്യമാക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കുതുന്നു.

0