മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലും വന്‍ തട്ടിപ്പ്. പണം പോകുന്നത് പാര്‍ട്ടിക്കാര്‍ക്ക്.
മരിച്ചുപോയ പാർട്ടി നേതാക്കന്മാരുടെ കുടുംബങ്ങളുടെ കടബാധ്യകൾ തീർക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണമനുവദിച്ച കഥകളൊക്കെ പഴയത്. ഇപ്പോൾ പാർട്ടിക്കാർക്കും അനുഭാവികൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വ്യാപകമായി പണമനുവദിച്ച വൻ തട്ടിപ്പുകളുടെ കഥകളാണ് പുറത്തുവരുന്നത്. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഇടനിലക്കാർ വഴി വ്യാജ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ചാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം തട്ടിയെടുക്കുന്നതെന്ന് വിജിലൻസ് അന്വേഷണത്തിലാണ് കണ്ടെത്തിയിരിക്കുന്നത്.
ഏറ്റവും പാവപ്പെട്ടവർക്കുള്ള സഹായമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി നൽകുന്നത്. കുറ്റമറ്റ രീതിയിൽ അർഹതപ്പെട്ടവർക്ക് മാത്രമാണ് സഹായം അനുവദിക്കുന്നതെന്നായിരുന്നു സർക്കാർ വിശദീകരണം. പക്ഷേ ഓപ്പറേഷൻ സിഎംഡിആർഎഫിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന തട്ടിപ്പാണ്. സംസ്ഥാനത്ത് ഉടനീളം ഡോക്ടർമാരും ഇടനിലക്കാരും ഏജൻറുമാരും അടങ്ങുന്ന വൻ തട്ടിപ്പ് ശൃംഖല തന്നെ പണം കൈക്കലാക്കാൻ പ്രവർത്തിക്കുന്നു എന്നാണ് വിജിലൻസിൻറെ കണ്ടെത്തൽ. വ്യാജ സർട്ടിഫിക്കറ്റ് വെച്ച് ഉദ്യോഗസ്ഥ ഒത്താശയോടെ അസുഖമില്ലാത്തവരുടെ പേരിലും പണം തട്ടുന്നതാണ് ഒരു രീതിയെങ്കിൽ അർഹതപ്പെട്ടവരുടെ കാര്യത്തിലാകട്ടെ ഇടനിലക്കാരുടെ ബാങ്ക് അക്കൗണ്ടും വിവരങ്ങളും നൽകിയാണ് പണം തട്ടുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം ലഭിക്കണമെങ്കില്‍ ഏജന്‍റുമാരെ സമീപിക്കണം എന്ന സ്ഥിതിയാണ് പലയിടത്തുമുള്ളത്. പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളായിരിക്കും ഈ ഏജന്‍റുമാര്‍. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സഹായധനം ഏർപ്പാടാക്കലാണ് ഈ ഏജന്റുമാരുടെ തൊഴില്‍. ഏജന്‍റുമാരില്ലാതെ സഹായധനത്തിന് അപേക്ഷിച്ചാല്‍ അതിന്‍റെ സ്ഥാനം ചവറ്റുകൊട്ടയിലായിരിക്കുമെന്ന് അനുഭവസ്ഥര്‍ പറയുന്നു. സമർപ്പിക്കുന്ന അപേക്ഷകളിൽ പലതിലും അപേക്ഷകന്റെ ഫോൺ നമ്പറിന് പകരം ഏജന്റുമാരുടെ നമ്പറുകളാണുള്ളത്. സഹായധനം ലഭിച്ചാൽ ഏജന്റുമാർ അവരുടെ വിഹിതം എടുത്തിട്ട് ബാക്കി തുകയേ അപേക്ഷകന് ലഭിക്കൂ എന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
എറണാകുളം ജില്ലയിൽ സമ്പന്നരായ 2 വിദേശ മലയാളികൾക്ക് CMDRF ൽ നിന്ന് സഹായം കിട്ടി. അതില്‍ ഒരു വിദേശ മലയാളിക്ക് ചികിത്സാസഹായധനമായി മൂന്ന് ലക്ഷവും മറ്റൊരു വിദേശ മലയാളിക്ക് 45,000 രൂപയുമാണ് അനുവദിച്ചത്. പണമനുവദിച്ച പ്രവാസികളിലൊരാൾക്ക് 2 ആഡംബര കാറുകളും വലിയ കെട്ടിടവുമുണ്ട്. ഭാര്യ അമേരിക്കയിൽ നഴ്സാണ്. രണ്ട് ലക്ഷം വരുമാന പരിധിയിലുള്ളവർക്കാണ് സഹായം അനുവദിക്കുക എന്നിരിക്കെയാണ് കുത്തഴിഞ്ഞഈ തട്ടിപ്പ് അരങ്ങേറുന്നത്.
തിരുവനന്തപുരം അഞ്ചുതെങ്ങ് ഗ്രാമപ്പഞ്ചായത്തിൽ ഒരു ഏജന്റിന്റ് തന്‍റെ ഫോൺ നമ്പർ ഉപയോഗിച്ച് സമർപ്പിച്ച 16 അപേക്ഷകളിലും സഹായധനം അനുവദിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കൊല്ലം ജില്ലയിൽ പരിശോധിച്ച 20 അപേക്ഷകളിലെ മെഡിക്കൽ സർട്ടിഫിക്കറ്റിൽ 13 എണ്ണം ഒരേ എല്ലുരോഗ വിദഗ്‌ധൻ നൽകിയതാണ്. പുനലൂർ താലൂക്കിൽ ഒരു ഡോക്ടർ ഏകദേശം 1500 സർട്ടിഫിക്കറ്റുകൾ നൽകിയതായി കണ്ടെത്തി. കരുനാഗപ്പള്ളിയിൽ 14 അപേക്ഷകളിലെ മെഡിക്കൽ സർട്ടിഫിക്കറ്റുകളിൽ 11 എണ്ണവും ഒരു ഡോക്ടറുടേതാണ്. ഇതേ ഡോക്ടർ ഒരേ വീട്ടിലെ എല്ലാവർക്കും രണ്ട് ഘട്ടങ്ങളിലായി നാല് സർട്ടിഫിക്കറ്റുകൾ രണ്ടു ദിവസങ്ങളിലായി നൽകിയതും വിജിലൻസ് കണ്ടെത്തി.
കരൾ രോഗിക്ക് ചികിത്സ സഹായം നൽകിയത് ഹൃദ്രോഗിയാണെന്ന സർട്ടിഫിക്കറ്റിൻറെ അടിസ്ഥാനത്തിൽ. പുനലൂർ താലൂക്കിലെ ഒരു ഡോക്ടർ നൽകിയത് 1500 മെഡിക്കൽ സർട്ടിഫിക്കറ്റുകൾ. കരുനാഗപ്പള്ളിയിൽ ഒരു കുടുംബത്തിലെ നാലു പേരുടെ പേരിൽ രണ്ട് ഘട്ടമായി സർട്ടിഫിക്കറ്റുകൾ നൽകി പണം വാങ്ങി. കോട്ടയം മുണ്ടക്കയം സ്വദേശിക്ക് കരൾ രോഗത്തിനാണ് പണം അനുവദിച്ചത്. പക്ഷേ ഹാജരാക്കിയത് എല്ലുരോഗ വിദഗ്ദൻ നൽകിയ സർട്ടിഫിക്കറ്റ്. കോട്ടയത്തും ഇടുക്കിയലും ഇയാൾ സർട്ടിഫിക്കറ്റ് ഹാജരാക്കി പണംതട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. നിലമ്പൂരിൽ മെഡിക്കൽ സർട്ടിഫിക്കറ്റിൽ ചികിത്സയ്ക്കായി ചെലവായ തുക രേഖപ്പെടുത്താത്ത അപേക്ഷകളിലും തുക അനുവദിച്ചിട്ടുണ്ട്.
പ്രാഥമിക പരിശോധനയിൽ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ദുരിതാശ്വാസ സഹായം ആവശ്യപ്പെട്ട് സമർപ്പിച്ചിട്ടുള്ള ഓരോ രേഖകളും പരിശോധിക്കാന്‍ വിജിലൻസ് ഡയറക്ടർ മനോജ് എബ്രാഹാം നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഓരോ ജില്ലായിലും എസ്.പിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘമായി കളക്ടേറേറ്റിലെ രേഖകള്‍ പരിശോധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമായിരിക്കും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുക. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ സ്വർണ്ണക്കടത്തും കള്ളക്കടത്തും പണം തട്ടിപ്പും നടത്തി അന്വേഷണ ഭീക്ഷണി നേരിടുമ്പോൾ സിഎംഡിആര്‍എഫ് തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം എത്രമാത്രം കാര്യക്ഷമമായി മുന്നോട്ടുപോകുമെന്ന സംശയമാണ് അവശേഷിക്കുന്നത്.

