ജഗദീഷ് ഷെട്ടാർ തിരികെ ബിജെപിയില്‍
കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ തിരികെ ബിജെപിയില്‍. ഡല്‍ഹി ബിജെപി ആസ്ഥാനത്ത് വച്ച് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയാണ് അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് തിരികെ സ്വീകരിച്ചത് കഴിഞ്ഞ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് ഷെട്ടാർ കോൺഗ്രസിൽ ചേർന്നത്. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ സ്വന്തം മണ്ഡലമായ ഡഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ മത്സരിച്ച ഷെട്ടാർ കനത്ത തോൽവി ഏറ്റുവാങ്ങുകയായിരുന്നു. പിന്നീട് കോൺഗ്രസ് ഷെട്ടാറിനെ കർണാടക നിയമനിർമ്മാണ കൗൺസിൽ അംഗമാക്കി. കഴിഞ്ഞ ദിവസം ഡൽഹിലെത്തിയ ഷെട്ടാർ ബിഎസ് യദ്യൂരപ്പക്കൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. “പാർട്ടി എനിക്ക് മുൻകാലങ്ങളിൽ ഒരുപാട് ഉത്തരവാദിത്വങ്ങൾ തന്നു. ചില പ്രശ്നങ്ങള്‍ കാരണം കോണ്‍ഗ്രസ്സിലേക്ക് പോയി. ഇപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ എന്നോട് തിരിച്ചുവരുവാന്‍ ആവശ്യപ്പെടുന്നു. നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണം എന്ന വിശ്വാസത്തോടെയാണ് പാർട്ടിയിൽ വീണ്ടും ചേരുന്നത്” ഷെട്ടാര്‍ പ്രതികരിച്ചു. താൻ കോൺഗ്രസിലായിരുന്നപ്പോൾ മുഖ്യമന്ത്രി സിദ്ധരാമയ്യയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറും ഉൾപ്പെടെയുള്ള നേതാക്കള്‍ തനിക്ക് ബഹുമാനവും സ്ഥാനവും നൽകിയെന്നും അതിനു കോൺഗ്രസ് നേതാക്കൾക്ക് ,ഷെട്ടാര്‍ നന്ദിയും പറഞ്ഞു.