തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. എന്നാല്‍ നരേന്ദ്രമോദി ആവശ്യപ്പെടുന്നത് എന്തും ചെയ്യും – ദേവഗൗഡ
പ്രായം കണക്കിലെടുത്ത് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്ത് പറഞ്ഞാലും അത് പാലിക്കുമെന്നും മുൻ പ്രധാനമന്ത്രിയും ജെഡി (എസ്) മേധാവിയുമായ എച്ച് ഡി ദേവഗൗഡ പറഞ്ഞു.
” എനിക്ക് ഇപ്പോൾ 90 വയസ്സായി. ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല, എന്നാല്‍, ആവശ്യമുള്ളിടത്തെല്ലാം ഞാൻ പോകും. എനിക്ക് സംസാരിക്കാനും ഓർമ്മശക്തിയുമുണ്ട്. അതുകൊണ്ട് സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തും” . പത്ര സമ്മേളനത്തില്‍ ദേവഗൗഡ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജെഡിഎസ് സംസ്ഥാന അദ്ധ്യക്ഷൻ എച്ച് ഡി കുമാരസ്വാമി മത്സരിക്കുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് മുൻ പ്രധാനമന്ത്രി പറഞ്ഞു. മുമ്പ് 11 ദിവസത്തെ കഠിന തപസ്സു ചെയ്ത മോദി ഒരുപാട് പുണ്യങ്ങൾ ചെയ്തിട്ടുണ്ട്, അതിനാല്‍ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ഏറ്റവും ഭക്തിയോടും ആത്മീയ അച്ചടക്കത്തോടും കൂടി നടത്തുവാന്‍ അദ്ദേഹം യോഗ്യനാണ്. ജനുവരി 22 ന് ഭാര്യ ചെന്നമ്മയോടൊപ്പം രാമദേവ വിഗപങ്കെടുക്കുമെന്ന് മുൻ പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ വർഷം മേയിൽ 224 അംഗ കർണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ജെഡി(എസ്) 19 സീറ്റുകൾ മാത്രമാണ് നേടിയത്. കോൺഗ്രസിന് 135ഉം ബിജെപിക്ക് 66ഉം ലഭിച്ചു. പിന്നീട് ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവരുമായി ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ജെഡി(എസ്) ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയിൽ ചേർന്നിരുന്നു. കർണാടകയിൽ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് പോരാടുമെന്ന് ഇരു പാർട്ടികളും അറിയിച്ചു.

