NEWS MAINWORLD

പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ജനങ്ങള്‍ക്കു മുന്പില്‍ കീഴടങ്ങി ഇറാന്‍ മതഭരണകൂടം.

മാസങ്ങള്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ജനങ്ങള്‍ക്കു മുന്പില്‍ കീഴടങ്ങി ഇറാന്‍ മതഭരണകൂടം. രാജ്യത്തുനിന്ന് മതകാര്യ പോലീസിനെ പിന്‍വലിക്കുകയാണെന്ന് ഇറാന്‍ പ്രഖ്യാപിച്ചു. ടെഹ്റാനിൽ നടന്ന ഒരു മതസമ്മേളനത്തിനിടെ അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മൊണ്ടാസരി ആണ് ഈ വിവരം പുറത്തുവിട്ടത്. സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്ന് നിര്‍ഷ്‌കര്‍ഷിക്കുന്ന നിയമത്തില്‍ മാറ്റംവരുത്തുന്നത് സംബന്ധിച്ച് രാജ്യത്തെ നിയമസംവിധാനങ്ങളുമായി കൂടിയാലോചന നടക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇസ്ലാമിക അടിത്തറയിലൂന്നിയുളളതാണ് രാജ്യത്തെ നിയമങ്ങളെങ്കിലും വിട്ടുവീഴ്ചാ മനോഭാവമുണ്ടാവുമെന്ന് ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി ശനിയാഴ്ച ടെലിവിഷനിലൂടെ വിശദമാക്കിയതിന്‍റെ പിന്മാാലെയാണ് മതപോലീസിനെ പിന്‍വലിച്ചുകൊണ്ടുള്ള വിവരം പുറത്തുവരുന്നത്,

പൊതുസ്ഥലത്ത് ഹിജാബ് കൃത്യമായി ധരിക്കാഞ്ഞതിന്റെ പേരില്‍ മഹ്‌സ അമിനി എന്ന യുവതി പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് ആരംഭിച്ച പ്രക്ഷോഭത്തിനൊടുവിലാണ് ഇറാന്‍ ഭരണാധികാരികള്‍ മതകാര്യ പോലീസിനെ പിന്‍വലിക്കാന്‍ നിര്‍ബ്ബന്ധിതരായിരിക്കുന്നത്. കഴിഞ്ഞ സെപ്തംബര്‍ 13 നായിരുന്നു മഹ്സ അമീനിയെ ഹിജാബിന്‍റെ ശിരോവസ്ത്രം മാറപോയി തലമുടി പുറത്തുകണ്ടതിന്‍റെ പേരില്‍ മതപോലീസ് കസ്റ്റഡിയില്‍ എടുത്തത്. മതപോലീസിന്‍റെ കസ്റ്റഡിയില്‍ വച്ച് മസ്തിഷ്ക മരണം സംഭവിച്ച് മഹ്സ അമീനി മരിക്കുകയായിരുന്നു.

അന്ന് മുതൽ ഇറാനിൽ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. അമീനിയുടെ മരണത്തിൽ പ്രതിഷേധിച്ചവരില്‍ ഭൂരിഭാ​ഗവും സ്ത്രീകളായിരുന്നു. അവർ പൊതുവിടങ്ങളിൽ തങ്ങളുടെ ശിരോവസ്ത്രം കത്തിച്ചും മുടി മുറിച്ച് കളഞ്ഞുമാണ് പ്രതിഷേധിച്ചത്. സ്വേച്ഛാധിപതിക്ക് മരണം എന്ന മുദ്രാവാക്യത്തോടെ വിദ്യാര്‍ത്ഥിനികളും തെരുവിലിറങ്ങിയിരുന്നു. പ്രതിക്ഷേധം മതഭരണകൂടത്തിനെതിരെയുള്ള പ്രതിക്ഷേധമായി രാജ്യം മുഴുവന്‍ കത്തിപടര്‍ന്നു. ഭരണകൂടമാകട്ടെ ഏതുവിധേയനേയും പ്രതിക്ഷേധത്തെ അടിച്ചമര്‍ത്തും എന്ന നിലപാടെടുത്തു. ഈ പ്രക്ഷോഭങ്ങളില്‍ നാനൂറിലധികം പേരാണ് ഇറാനില്‍ കൊല്ലപ്പെട്ടതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആയിരക്കണക്കിനു പേര്‍ അറസ്റ്റിലായി. അവരുടെ പേരില്‍ അള്ളാഹുവിനെതിരെ യുദ്ധം ചെയ്തു എന്നകുറ്റം ചുമത്തപ്പെട്ടു. ഈ കുറ്റത്തിന് ഇസ്ലാമിക രാജ്യങ്ങളില്‍ ശിക്ഷ മരണമാണ്.

ലോകകപ്പ് വേദിയില്‍ ഇറാന്‍റെ ടീം അംഗങ്ങള്‍ അവരുടെ ദേശീയ ഗാനം ആലപിച്ചപ്പോള്‍ പ്രക്ഷോഭകാരികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് നിശബ്ദരായി നിന്നത് ലോക ശ്രദ്ധ നേടിയ സംഭവമായിരുന്നു. ജനാധിപത്യ സമരത്തെ അടിച്ചമർത്തുന്നതിന് എതിരെ ബ്രിട്ടനും അമേരിക്കയും ഇറാനുമേൽ ഉപരോധങ്ങൾ പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധ പരമ്പരകളേക്കുറിച്ച് ഇറാന്‍റെ ബദ്ധവൈരികളും അവരുടെ സഖ്യ കക്ഷികളും ചേര്‍ന്ന് എന്‍ജിനിയറിംഗ് ചെയ്ത കലാപമെന്നാണ് നേരത്തെ അയത്തൊള്ള ഖമേനി വിലയിരുത്തിയത്.