അണ്ണാഹസാരേ വീണ്ടും സമരമുഖത്തേക്ക്

Print Friendly, PDF & Email

അഴിമതിവിരുദ്ധ ജന്‍ലോക്പാല്‍ രൂപീകരണവും കര്‍ഷകരുടെ പ്രശ്‌നങ്ങളും സജീവമാക്കി പ്രശസ്ത ഗാന്ധിയന്‍ അണ്ണാ ഹസാരെ വീണ്ടും സമരമുഖത്തേക്ക്. മാര്‍ച്ച് 23മുതല്‍ കേന്ദ്രസര്‍ക്കാരിനെതിരായ പ്രക്ഷോഭം തുടങ്ങുമെന്നാണ് അണ്ണാഹസാരേയുടെ പുതിയ പ്രഖ്യാപനം. അന്ന് രക്തസാക്ഷിദിനമായതിനാലാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് മാര്‍ച്ച് 23 തെരഞ്ഞെടുത്തതെന്നും സ്വദേശമായ മാഹാരാഷ്ട്രയിലെ റലിഗാന്‍സിദ്ദിയില്‍ അനുയായികളെ അഭിസംബോധനചെയ്യവെ ഹസാരെ പറഞ്ഞു.

തെരഞ്ഞെടുപ്പ് പരിഷ്‌കരണത്തിനും ജന്‍ലോക്പാല്‍ രൂപീകരണത്തിന് കര്‍ഷകരുടെ ക്ഷേമത്തിനും വേണ്ടിയുള്ള സത്യാഗ്രഹം ആവും പ്രക്ഷോഭം. ഇക്കാര്യങ്ങളെല്ലാം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പലതവണ കത്തെഴുതെയെങ്കിലും യാതൊരു മറുപടിയും ഉണ്ടായില്ല.

നരേന്ദ്രമോദി സര്‍ക്കാര്‍ ഒരു ലോക്പാലിനെപോലും നിയമിച്ചിട്ടില്ല. ഇതിനായി സര്‍ക്കാര്‍ പറയുന്ന ന്യായം വെറും സാങ്കേതികം മാത്രമാണ്. ലോക്പാല്‍ നിയമപ്രകാരം പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കര്‍, സുപ്രിംകോടതി ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ് എന്നിവരാണ് ലോക്പാലിനെ നിയമിക്കേണ്ടത്. എന്നാല്‍, ഇപ്പോള്‍ പ്രതിപക്ഷ നേതാവില്ലെന്ന സാങ്കേതിക കാരണം പറഞ്ഞ് ലോക്പാല്‍ നിയമനം സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോവുകയാണ്.

ഇതുസംബന്ധിച്ച് സുപ്രിംകോടതി മുമ്പാകെയുള്ള പൊതുതാല്‍പ്പര്യ ഹരജിയില്‍ നിലപാട് അറിയിച്ചപ്പോഴും ഇക്കാര്യം തന്നെയാണ് സര്‍ക്കാര്‍ വിശദീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 22 വര്‍ഷത്തിനിടെ ഇന്ത്യയില്‍ 12 ലക്ഷം കര്‍ഷകരാണ് ജീവനൊടുക്കിയത് എന്നാല്‍ എത്ര വ്യവസായികള്‍ നഷ്ടംവന്ന് ജീവനടുക്കിയെന്ന് എനിക്കറിയണം. പ്രക്ഷോഭം സംബന്ധിച്ച് ആലോചിക്കാന്‍ കഴിഞ്ഞദിവസം ഹസാരെ തന്റെ അനുയായികളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു.

Leave a Reply