വ്രതശുദ്ധിയുടെ പുണ്യം നുകരാന്‍ ആയിരങ്ങളിന്ന്‌ ഗുരുപവനപുരിയിലെത്തും

Print Friendly, PDF & Email

ഇന്ന് ഗുരുവായൂർ ഏകാദശി…..വ്രതശുദ്ധിയുടെ പുണ്യം നുകരാന്‍ ആയിരങ്ങളിന്ന്‌ ഗുരുപവനപുരിയിലെത്തും. ഗുരുവായൂരിൽ ശ്രീകൃഷ്ണ ഭഗവാൻറെ പ്രതിഷ്ഠ നടന്നത് 5110 ന് മുമ്പ് മാർഗ്ഗ ശീർഷ മാസത്തിലെ കൃഷ്ണപക്ഷത്തിൽ വരുന്ന ഉല്പ്പന്ന ഏകാദശി നാളിലായിരുന്നു. ഇതാണ് പിന്നീട് ഗുരുവായൂർ എകാദശി എന്ന് പ്രസിദ്ധമായത് എന്നാണ് ഒരു വിശ്വാസം. ഗുരുവും വായുവും ചേർന്ന് ഗുരുവായൂരിൽ വിഗ്രഹം പ്രതിഷ്ഠിച്ചതുകൊണ്ട് ഈ ഏകാദശി ഗുരുവായൂർ പ്രതിഷ്ഠാദിനം ആണ്. ഭഗവാൻ കൃഷ്ണൻ അർജ്ജുനന് ഗീതോപദേശം നടത്തിയ ദിവസമായതിനാൽ ഗീതാദിനം കൂടിയാണിത്.

ഏകാദശികളിൽ ഏറ്റവും വിശിഷ്ഠമായത് ഗുരുവയൂർ ഏകാദശിയാണ്. ഏകാദശി തൊഴാനും ദശമി വിളക്ക് കാണാനും ഒട്ടേറെ ഭക്തജനങ്ങൾ നവംബർ 29 ന് തന്നെ ഗുരുവായൂരിൽ എത്തിച്ചേരുന്നു..

ഒരു വർഷത്തിൽ 26 ഏകാദശികളുണ്ട്. അവയെല്ലാം വളരെ വിശിഷ്ഠവുമാണ്. ഏകാദശി എന്നാൽ വാവ് കഴിഞ്ഞു വരുന്ന പതിനൊന്നാം ദിവസം എന്നാണ് അർത്ഥം . ഏകാദശിയുടെ തലേ ദിവസം – ദശമി ദിവസം – മുതൽ വ്രതം തുടങ്ങണം .

ഏകാദശി വ്രതാനുഷ്ഠാനങ്ങള്‍

ഏകാദശിയുടെ തലേന്നാളായ ദശമി ദിവസം ഒരിക്കലിരിക്കണം. അതായത്‌ ഒരു നേരം മാത്രം ഊണു കഴിക്കുക. രാത്രി നിലത്തു കിടന്നേ ഉറങ്ങാവൂ. ഏകാദശി ദിവസം അന്നപാനാദികള്‍ ഒന്നുമില്ലാതെ ഉപവാസം അനുഷ്ഠിക്കണം. ഏണ്ണ തേച്ചു കുളിക്കരുത്‌. പ്രഭാതസ്നാനം നിര്‍വ്വഹിച്ച്‌ മനസ്സില്‍ അന്യചിന്തകള്‍ക്കൊന്നും ഇട നല്‍കാതെ ശുദ്ധമനസ്സോടെ ഭഗവാനെ ധ്യാനിക്കുകയും, ശുഭ്രവസ്ത്രം ധരിക്കുകയും വേണം. ക്ഷേത്രോപവാസത്തിന്‌ ഏറെ പ്രാധാന്യമാണുള്ളത്‌. വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഭഗവാനെ വന്ദിച്ച്‌ പ്രദക്ഷിണം വയ്ക്കുക. വിഷ്ണുസഹസ്രനാമം ജപിക്കുക. മൌനവ്രതം പാലിക്കുന്നത്‌ എത്രയും ഉത്തമമാണ്‌. ഭാഗവതം , ഭഗവദ്‌ ഗീത, ഏകാദശി മാഹാത്മ്യം തുടങ്ങിയ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുകയോ, ശ്രവിക്കുകയോ ചെയ്യുക. അല്‍പം തുളസീതീര്‍ത്ഥം സേവിക്കുക എന്നിവയാണ്‌ ഉത്തമമായ അനുഷ്ഠാനവിധികള്‍. ബ്രഹ്മചര്യം പാലിക്കപ്പെടണം.താംബൂലചര്‍വ്വണം അരുത്‌.

വിശപ്പു സഹിക്കുവാന്‍ സാധിക്കാത്തവര്‍ക്ക്‌ അരിഭക്ഷണം ഒഴികെ ഗോതമ്പോ, ചാമയോ, പാലോ പഴങ്ങളോ – ലഘുവായ ഭക്ഷണം ആകാം.രാത്രി നിദ്ര അരുത്‌. ക്ഷീണം തോന്നുകയാണെങ്കില്‍ നിലത്തു കിടന്നു വിശ്രമിക്കാം. പകലും രാത്രിയിലും ഉറങ്ങാന്‍ പാടില്ല.

ദ്വാദശി ദിവസം പ്രഭാതസ്നാനം ചെയ്ത ശേഷം പാരണ കഴിക്കണം. അല്‍പം ജലത്തില്‍ രണ്ടു തുളസീദളം, ഒരു നുള്ള് ചന്ദനം, ലേശം ഉണക്കലരി ചേര്‍ത്ത്‌ ഭഗവല്‍സ്മരണയോടെ സേവിക്കുന്നതാണ്‌ പാരണ. പിന്നീട്‌ പതിവു ഭക്ഷണം കഴിക്കാവുന്നതാണ്‌.

ഏകാദശിവ്രതത്തിണ്റ്റെ ഫലങ്ങള്‍ അതിരില്ലാത്തതാണ്‌. ഏകാദശി നാമങ്ങളില്‍ നിന്നു തന്നെ ഫലങ്ങളുടെ ഏകദേശരൂപം ഗ്രഹിക്കാവുന്നതാണ്‌. വ്രതഫലമായി ഐശ്വര്യപൂര്‍ണ്ണമായ ജീവിതം നയിക്കാനും അന്ത്യത്തില്‍ വിഷ്ണുസായൂജ്യം പ്രാപിക്കാനും സംഗതി ആകുമെന്നാണ്‌ വിശ്വാസം.

Leave a Reply