ഒരൊറ്റ നിയമനം: വികൃതമായത് സര്‍വ്വകലാശാലയുടേയും സ്‍ക്കാരിന്‍റേയും മുഖം.
കേരളത്തില്‍ നടക്കുന്നത് പിന്‍വാതില്‍ നിയമനമാണ്. അല്ല പിന്‍വാതില്‍ നിയമനമേ കേരളത്തില്‍ നടക്കുന്നുള്ളൂ. ഇത് ഒരിക്കല്‍ കൂടി കേരള ജനതക്ക് ബോധ്യപ്പെടുത്തി കൊടുത്തിരിക്കുകയാണ് ഹൈക്കോടതി ജഡ്ജ് ആയ ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍റെ സുദീര്‍ഘമായ വിധി പ്രസ്താവം. വിധി പ്രസ്താവത്തിന്‍റെ 2.45മണിക്കൂര്‍ ഉടനീളം നഗ്നമാക്കപ്പെട്ടത് കേരള യൂമിവേര്‍സിറ്റിയാണ്. വികൃതമാക്കപ്പെട്ടത് കേരള സര്‍ക്കാരിന്‍റെ മുഖമാണ്.
അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചതു മുതല്‍ തിരക്കിട്ട നീക്കമാണ് കണ്ണൂര്‍ യൂണിവേര്‍സിറ്റി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വര്‍ഗ്ഗീസിന്‍റെ കാര്യത്തില്‍ കാട്ടിയത്. യൂണിവേര്‍സിറ്റിയുടെ ഈ തിടുക്കം കണ്ടാല്‍ തോന്നും കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ലക്‍ചര്‍ മാത്രമായി പ്രവര്‍ത്തന പരിചമുള്ള പ്രിയ വര്‍ഗ്ഗീസിനെ നിയമിക്കുവാന്‍ മാത്രമായിട്ടാണോ ഈ വേക്കന്‍സി സൃഷ്ടിക്കപ്പെട്ടതെന്ന്. ഒടുവിൽ പ്രിയാ വർഗീസിനെ അയോഗ്യയാക്കിയ വിധിവന്നത് റാങ്ക് പട്ടികയിൽ ഒന്നാംസ്ഥാനം നൽകിയതിന്റെ ഒന്നാംവാർഷിക ദിനത്തിലും.
ഡോക്ടറേറ്റ് ബിരുദവും എട്ടുവർഷത്തെ അധ്യാപനപരിചയവുമാണ് അസോസിയേറ്റ് പ്രൊഫസർക്കുള്ള യോഗ്യത. 2021 നവംബർ 12 ന് നിയമനത്തിനായി അപേക്ഷിക്കാനുള്ള അവസാന ദിവസം കഴിഞ്ഞതിന്‍റെ പിറ്റേന്ന് തന്നെ പ്രാേ വൈസ് ചാൻസലറുടെ അധ്യക്ഷതയിൽ സ്‌ക്രീനിങ് കമ്മിറ്റി കൂടി പ്രിയാ വർഗീസ് ഉൾപ്പെടെ ആറുപേരെ അഭിമുഖത്തിന് ക്ഷണിച്ചു. നവംബർ 18-ന് ഓൺലൈൻ അഭിമുഖം നടത്തി ഒന്നാം റാങ്ക് പ്രിയയ്ക്കും രണ്ടാം റാങ്ക് എസ്.ബി. കോളേജ് അധ്യാപകനായ ജോസഫ് സ്‌കറിയക്കും മൂന്നാം റാങ്ക് മലയാളം സർവകലാശാലയിലെ സി. ഗണേശനും നൽകി. 651 റിസർച്ച് സ്‌കോർ പോയൻറുള്ള ജോസഫ് സ്‌കറിയയെയും 645 സ്‌കോർ പോയൻറുള്ള സി. ഗണേശനെയും പിന്തള്ളിയാണ് 156 സ്‌കോർ പോയൻറ് മാത്രമുള്ള പ്രിയക്ക് ഒന്നാംറാങ്ക് നൽകിയത്. അഞ്ച് ദിവസം കഴിഞ്ഞ് റിട്ടയര്‍ ചെയ്ത കണ്ണൂര്‍ യൂണിവേര്‍സിറ്റി വൈസ് ചാന്‍സലര്‍ ധൃതിപിടിച്ചു നടത്തിയ ഓൺലൈൻ ഇൻറർവ്യൂവിൽ പ്രിയാ വർഗീസിന് ഒന്നാംറാങ്ക് നൽകിയതിന്റെ പാരിതോഷികമായാണ് ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതെന്ന് ആക്ഷേപമുയര്‍ന്നു. അദ്ദേഹത്തെ പുനഃര്‍ നിയമിക്കണമെന്ന് മുഖ്യമന്ത്രി നേരിട്ട് സമ്മര്‍ദ്ദം ചെലത്തിയെന്ന ഗവര്‍ണര്‍ വെളിപ്പെടുത്തയതോടെ വിവാദം കത്തിപടര്‍ന്നു.
2012 മാർച്ചിൽ തൃശ്ശൂർ കേരളവർമ കോളേജിൽ അസിസ്റ്റൻറ് പ്രൊഫസറായി നിയമിതയായ പ്രിയ 2015 മുതൽ 18 വരെ മൂന്നുവർഷം എഫ്.ഡി.പി.യിൽ ഗവേഷണത്തിലായിരുന്നു. ഗവേഷണകാലം പൂർത്തിയാക്കിയശേഷം രണ്ടുവർഷം കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡൻറ്‌സ് സർവീസ് ഡയറക്ടറായി ഡെപ്യൂട്ടേഷനിൽ ജോലിചെയ്തു. തുടർന്ന് തിരുവനന്തപുരം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റൻറ് ഡയറക്ടറായി. ഗവേഷണ അവധിക്കാലവും കണ്ണൂർ സർവകലാശാല സ്റ്റുഡന്റ്‌സ് സർവീസ് ഡയറക്ടർ നിയമനവും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ അസിസ്റ്റൻറ് ഡയറക്ടർകാലവും അംഗീകൃത അധ്യാപനപരിചയമായി കണക്കിലെടുത്താണ് സ്‌ക്രീനിങ് കമ്മിറ്റി അഭിമുഖപട്ടികയിൽ ഉൾപ്പെടുത്തിയത്.
കണ്ണൂർ, സാങ്കേതിക, ഫിഷറീസ് സർവകലാശാലകളിലെ വി.സി. നിയമനത്തിലെ ക്രമക്കേട് ചോദ്യംചെയ്ത് നിയമപോരാട്ടം നടത്തുന്ന സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റിയാണ് പ്രിയയുടെ നിയമനവും ചോദ്യംചെയ്തത്. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗവർണർ പ്രിയാ വർഗീസിന്റെ നിയമനം സ്റ്റേചെയ്തിതു. തുടര്‍ന്ന് രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയ ഹൈക്കോടതിയെ സമീപിച്ചു. ഒന്നാം റാങ്ക് ലഭിച്ച പ്രിയ വര്‍ഗ്ഗീസിന് അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കുവാന്‍ പോലും യോഗ്യതയില്ലന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം.
പരാതിക്കാരന്‍റെ വാദമുഖങ്ങളെല്ലാം ശരിവച്ച ഹൈക്കോടതി സിംഗിള്‍ ബഞ്ച് കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗ്ഗീസിനെ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി.അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാൻ യുജിസി ചൂണ്ടിക്കാട്ടിയ അധ്യാപക പരിചയം പ്രിയക്ക് ഇല്ലെന്ന് കണ്ടെത്തി. പദവിക്ക് അപേക്ഷിക്കാൻ വേണ്ട അധ്യാപന പരിചയം പോലും പ്രിയ വര്‍ഗ്ഗീസിന് ഇല്ലായിരുന്നുവെന്നാണ് കോടതിയുടെ നിരീക്ഷണം. ഏറ്റവും പ്രധാനം യുജിസിയുടെ ചട്ടങ്ങളാണ്. ഏത് സാഹചര്യത്തിലും അത് മറികടക്കാൻ കഴിയില്ലെന്നും കോടതി വിധിച്ചു.
നിയമനം വിവാദമായപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ചോദിച്ച് ന്യായീകരിച്ച മുഖ്യമന്ത്രിയുടേയും, പ്രിയ വര്‍ഗ്ഗീസിന്‍റെ നിയമനം സുതാര്യവും ചട്ടങ്ങള്‍ പാലിച്ചുമാണെന്ന് പറഞ്ഞ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടേയും മുഖത്തേറ്റ അടികൂടിയാണ് ഹൈക്കോടതിയുടെ കണ്ടെത്തലുകള്‍.
അസോസിയേറ്റ് പ്രൊഫസര്‍ പദവിയിലേക്കുള്ള നിയമന നടപടികൾ അതിവേഗം നടന്നുവെന്ന ആക്ഷേപം ഉയര്‍ന്നപ്പോൾ വിദ്യാര്‍ത്ഥികളുടെ അധ്യായനം മുടങ്ങാതിരിക്കാനാണ് നിയമനനടപടികൾ ത്വരിതപ്പെടുത്തിയതെന്നായിരുന്നു കണ്ണൂര്‍ സര്‍വ്വകലാശാല വിസി പ്രൊഫസര്‍ ഗോപിനാഥ് രവീന്ദ്രൻ നേരത്തെ പറഞ്ഞത്. എന്നാൽ അതിവേഗം അഭിമുഖമടക്കമുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടും റാങ്ക് പട്ടിക എഴ് മാസം പ്രസിദ്ധീകരിക്കാതിരുന്നത് എന്ത് കൊണ്ടെന്ന ചോദ്യത്തിന് സര്‍വ്വകലാശാലക്ക് ഉത്തരം ഇല്ല. കൂടാതെ ഹൈക്കോടതി തന്നെ ചൂണ്ടിക്കാട്ടിയതുപോലെ യുജിസിയുടെ മാനദണ്ഡം മാത്രമല്ല കണ്ണൂര്‍ യൂണിവേര്‍സിറ്റിയുടെ നിയമന ചട്ടങ്ങളിലും അസിസ്റ്റ്ന്‍റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുവാന്‍ എട്ടു വര്‍ഷത്തെ അദ്ധ്യാപന പരിചയം വേണമെന്ന് നിഷികര്‍ഷിച്ചിരുന്നിട്ടും അതൊന്നും പരിഗണിക്കതെ പ്രിയവര്‍ഗ്ഗീസിനെ നിയമിക്കണമെന്ന പിടിവാശി കണ്ണൂര്‍ സര്‍വ്വകലാശാവൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രനടക്കം പലര്‍ക്കും ഉണ്ടായിരുന്നുവെന്ന് ഹൈക്കോടതി വിധി തെളിയിക്കുകയാണ്.
എൻഎസ്എസ് കോര്‍ഡിനേറ്ററായിട്ടുള്ള പ്രവൃത്തി പരിചയമോ സംസ്ഥാന സര്‍ക്കാരിന്‍റെ പബ്ലീഷിങ്ങ് വിഭാഗത്തിലെ ഡയറക്ടര്‍ പദവിയോ ഒന്നും അധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയപ്പോള്‍ തകര്‍ന്നുവീണത് പ്രിയ വർഗീസിന് മതിയായ അധ്യാപന പരിചയമുണ്ടെന്ന കണ്ണൂര്‍ സർവ്വകലാശാലയുടെ നിലപാടുകളായിരുന്നു. കൂടാതെ, റിസര്‍ച്ച് സ്കോര്‍ റാങ്കില്‍ ഏറ്റവും താഴെയായിരുന്നിട്ടും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ എന്ന പരിഗണന മാത്രം വച്ചാണ് അസോസിയേറ്റ് പ്രൊഫസർ നിയമത്തിൽ പ്രിയ വര്‍ഗ്ഗീസിന് ഒന്നാം റാങ്ക് നൽകിയത് എന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. സർവകലാശാല നിയമങ്ങളും ചട്ടങ്ങളും സംരക്ഷിക്കാൻ ബാധ്യതപ്പെട്ട കണ്ണൂർ സർവകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രൻ തന്നെ അവ ലംഘിച്ചത് ക്രിമിനൽ കുറ്റവും കൂടിയാണ്… ബോധപൂർവം കുറ്റംചെയ്ത അദ്ദേഹത്തിനെതിരേ ക്രിമിനൽ കേസെടുക്കുകയാണ് വേണ്ടത്.