കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ച ലിസ്റ്റ് വീണ്ടും അയച്ച് കൊളീജിയം. കേന്ദ്ര സര്‍ക്കാരിനോടുള്ള നിലപാട് ജഡ്ജി നിയമത്തില്‍ മാനദണ്ഡമാക്കുവാന്‍ ആകില്ല.
കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ച ലിസ്റ്റ് വീണ്ടും അയച്ച് കൊളീജിയം. കേന്ദ്ര സര്‍ക്കാരിനോടുള്ള നിലപാട് ജഡ്ജി നിയമത്തില്‍ മാനദണ്ഡമാക്കുവാന്‍ ആകില്ല. പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളേയും വിമര്‍ശിക്കുന്നതും, സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളും ചൂണ്ടിക്കാട്ടി ജഡ്ജി ആക്കുന്നതില്‍ നിന്ന് തടയാനാകില്ലെന്ന് സുപ്രീം കോടതി കൊളീജിയം. സ്വവർഗാനുരാഗി ആണെന്ന് ചൂണ്ടിക്കാട്ടി ജഡ്ജി സ്ഥാനം നിഷേധിക്കുന്നത് തെറ്റാണെന്നും കൊളീജിയം വ്യക്തമാക്കി. ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള നിർദേശം തിരിച്ചയച്ച കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി കൊളീജിയം വിയോജിപ്പ് പ്രകടിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ തിരിച്ചയച്ച ലിസ്റ്റ് തന്നെ വീണ്ടും കേന്ദ്ര സര്‍ക്കാരിന്‍റെ പരിഗണനക്ക് അയച്ച കൊളീജിയം വീണ്ടും അയക്കുന്ന ലിസ്റ്റ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ എം ജോസഫ് എന്നിവരടങ്ങിയ കൊളീജിയത്തിന്റേതാണ് തീരുമാനം. ഇതോടെ ജഡ്ജ് നിയമനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതി ഏറ്റുമുട്ടല്‍ രൂക്ഷമാവുകയാണ്.
കോടതികളുടെ പരിഗണനയിലുള്ള കേസുകളെ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളിൽ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനായ സോമശേഖർ സുന്ദരേശനെ ബോംബെ ഹൈക്കോടതിയിൽ ജഡ്ജി ആക്കാനുള്ള ശുപാർശ കേന്ദ്രം മടക്കിയത്. എല്ലാ പൗരന്മാർക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഭരണഘടന നൽകിയിട്ടുണ്ട്. ആ അവകാശം വിനിയോഗിച്ചുവെന്ന കാരണത്താൽ ജഡ്ജിസ്ഥാനം നിഷേധിക്കാനാകില്ലെന്നും കൊളീജിയം വ്യക്തമാക്കി. അഭിഭാഷകരായ അമിതേഷ് ബാനർജി, സാക്യ സെൻ എന്നിവരെ കൊൽക്കട്ട ഹൈക്കോടതി ജഡ്ജിമാരാക്കാനുള്ള ശുപാർശ വീണ്ടും കേന്ദ്രത്തിന് കൈമാറാനും കൊളീജിയം തീരുമാനിച്ചു.
രണ്ട് കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സൗരഭ് കൃപാലിന് ജഡ്ജിയാക്കാനുള്ള ശുപാർശ കേന്ദ്രം മടക്കിയത്. സൗരഭ് കൃപാലിന്റെ പങ്കാളി സ്വിറ്റ്‌സര്‍ലന്‍ഡ് എംബസിയില്‍ ജോലി ചെയ്യുന്ന വിദേശ പൗരന്‍ ആണെന്നതാണ് ആദ്യ കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ, ഭരണഘടനാ പദവി വഹിക്കുന്ന പലരുടെയും പങ്കാളികൾ വിദേശികളാണെന്ന് കൊളീജിയം അഭിപ്രായപ്പെട്ടു. സ്വിസ്റ്റർലൻഡ് ഇന്ത്യയുടെ സൗഹൃദ രാജ്യമാണെന്നും കൊളീജിയം ചൂണ്ടിക്കാട്ടി. ലൈംഗികാഭിമുഖ്യം കൃപാൽ മറച്ചുവെച്ചിട്ടില്ലെന്നും കൊളീജിയം വ്യക്തമാക്കി. ലൈംഗികാഭിമുഖ്യത്തിനനുസരിച്ച് അഭിമാനത്തോടെയും അന്തസോടെയും ജീവിക്കാൻ പൗരന് അവകാശമുണ്ടെന്ന് ഭരണഘടനാ ബെഞ്ച് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.