ഗവര്‍ണര്‍ മുഖ്യമന്ത്രി ഏറ്റുമുട്ടല്‍ പുതിയ വഴിത്തിരിവില്‍
കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് രാജ്ഭവനിലെത്തി ഇടപെട്ടെന്നും എന്നാല്‍ താന്‍ ചാന്‍സലറായിരിക്കെ സര്‍വ്വകലാശാലകളില്‍ ഇടപെടല്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍. ആരിഫ് മുഹമ്മദ് ഖാന്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരകന്‍’ ആണെന്നും അദ്ദേഹം വല്ലാതെ തരംതാേഴരുതെന്നും മുഖ്യമന്ത്രി. കേരള ഗവര്‍ണ്ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ രാജ്യഭവനില്‍ നടത്തിയ അത്യപൂര്‍വ്വ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. അതിനു മറുപടിയായി കണ്ണൂര്‍ ജില്ലയിലെ കോട്ടയം ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രിയുടെ രംഗപ്രവേശം. ഇതോടെ കേരളത്തില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രി ഏറ്റുമുട്ടല്‍ പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്.
‘മുഖ്യമന്ത്രി രാജ്ഭവനില്‍ വന്ന് കണ്ണൂര്‍ വൈസ് ചാന്‍സലറുടെ പുനര്‍നിയമന വിഷയത്തില്‍ ഇടപെട്ട് സംസാരിച്ചു. അദ്ദേഹത്തിന്റെ ജില്ലയാണ് കണ്ണൂര്‍. അതിനാല്‍ അഭിപ്രായത്തിന് വെയിറ്റേജ് നല്‍കാമെന്ന് പറഞ്ഞു. എന്നാല്‍ നിയമനത്തിനായി ഒരു നടപടിക്രമത്തിലൂടെ കടന്നുപോകേണ്ടതുണ്ട്.’ ഗവര്‍ണര്‍ പറഞ്ഞു. പിന്നീട് വിഷയത്തില്‍ തന്റെ മേല്‍ സമ്മര്‍ദം ചെലുത്തിയെന്നും ഗവര്‍ണര്‍ ആരോപിക്കുന്നു. തുടര്‍ന്ന് നിയമനത്തില്‍ അദ്ദേഹത്തിന്റെ നിയമോപദേഷ്ടാവ് ഡേക്യൂമെന്റ് സമര്‍പ്പിച്ചു. വിസിയുടെ നേരിട്ടുള്ള നിയമനത്തിനുള്ള അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം അറിയിച്ചുകൊണ്ടായിരുന്നു അത്. താന്‍ ആവശ്യപ്പെടാതെയാണ് നിയമോപദേശം നല്‍കിയതെന്നും ഗവര്‍ണര്‍ പറഞ്ഞു.
പിന്നീട് അഡ്വക്കേറ്റ് ജനറലിന് പുറമേ പ്രോ ചാന്‍സിലറായ വിദ്യാഭ്യാസ മന്ത്രിയുടെ അപേക്ഷയും തനിക്ക് ലഭിച്ചെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെഴുതിയ കത്തുകളും അദ്ദേഹം പുറത്ത് വിട്ടു. ഡിസംബര്‍ എട്ടിനാണ് ആദ്യകത്തെഴുതിയത്. വിസി നിയമനത്തില്‍ സമ്മര്‍ദമുണ്ടായതോടെ ചാന്‍സലര്‍ സ്ഥാനത്ത് തുടരില്ലെന്നറിയിച്ച് താന്‍ കത്ത് നല്‍കി. ചാന്‍സലര്‍ സ്ഥാനത്ത് തുടരാന്‍ ആവശ്യപ്പെട്ട് രണ്ടാം കത്ത് ഡിസംബര്‍ 16 ന് ലഭിച്ചു. സര്‍വ്വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന് ജനുവരി 16 ന് അവസാന കത്തും ലഭിച്ചെന്ന് ഗവര്‍ണര്‍ വിശദീകരിക്കുന്നു. ലോകായുക്ത, സര്‍വ്വകലാശാല നിയമഭേദഗതി ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്വന്തം കേസില്‍ വിധി പറയാന്‍ ആരേയും അനുവദിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

