INDIANEWS MAIN

അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ശശി തരൂരിന് സോണിയാഗാന്ധിയുടെ അനുമതി

പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റികള്‍ രാഹുല്‍ഗാന്ധി എഐസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് മുറവിളി കൂട്ടുന്നതിനിടയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ശശി തരൂര്‍ എംപിക്ക് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി അനുമതി നല്‍കി. ശശി തരൂര്‍ ഇന്ന് സോണിയാ ഗാന്ധിയുമായി നടത്തിയ ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ചക്കൊടുവിലാണ് തരൂരിന് മത്സരിക്കാന്‍ സോണിയ അനുമതി നല്‍കിയെന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡല്‍ഹി ജന്‍പഥിലെ സോണിയാ ഗാന്ധിയുടെ വസതിയിലാണ് നേതാക്കളുടെ കൂടികാഴ്ച്ച നടന്നത്. രണ്ട് വര്‍ഷത്തെ ഇടവളക്കു ശേഷം അടുത്തമാസമാണ് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നാണ് സോണിയ തരൂരിനെ അറിയിച്ചത്. ‘നിങ്ങളുടെ തീരുമാനമാണ്. തെരഞ്ഞെടുപ്പ് അതിന്റെ പ്രക്രിയയായി തന്നെ നടക്കും.’ സോണിയ തരൂരിനോട് പറഞ്ഞതായി പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. തരൂരിനൊപ്പം നേതാക്കളായ ദീപേന്ദര്‍ ഹൂഡ, ജയ് പ്രകാശ് അഗര്‍വാള്‍, വിജേന്ദ്ര സിംഗ് എന്നിവരും സോണിയയെ കണ്ടു. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ശശി തരൂര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടന്നാല്‍ പാര്‍ട്ടിക്കുളളില്‍ ജനാധിപത്യം ഉണ്ടെന്ന് സ്ഥാപിക്കാന്‍ കഴിയുമെന്നാണ് ശശി തരൂരിന്റെ അഭിപ്രായം. അതേസമയം പാര്‍ട്ടി നേതൃത്വത്തിലേക്ക് രാഹുല്‍ ഗാന്ധി വരണമെന്ന് ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് യോഗം പ്രമേയം പാസാക്കിയിട്ടുണ്ട്. ഗുജറാത്താണ് ഏറ്റവും ഒടുവില്‍ പ്രമേയം പാസാക്കിയത്. നേരത്തെ ചത്തീസ്ഗഢ്, രാജസ്ഥാന്‍ കോണ്‍ഗ്രസ് സമിതികളും രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

0