മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുഖ്യമന്ത്രി വസതി ഒഴിഞ്ഞു.
രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുഖ്യമന്ത്രി വസതി ഒഴിഞ്ഞു. സ്വവസതിയായ മതോശ്രീയിലേക്ക് ആണ് ഉദ്ദവ് താക്കറെ മടങ്ങുന്നത്. റോഡിനിരുവശവും പുഷ്പ വൃഷ്ടിയുമായ അണിനിരന്ന ശിവസേന പ്രവർത്തകർ വൈകാരികമായാണ് ഉദ്ദവ് താക്കറെയ്ക്ക് യാത്രയയപ്പ് നൽകിയത്. രാഷ്ട്രീയ പ്രതിസന്ധിക്ക് തുടക്കമിട്ട ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രി സ്ഥാനം നൽകണമെന്നും, ഷിൻഡെയുടെ കൂടെയുളള എംഎൽഎമാരിൽ ചിലർക്ക് മന്ത്രി സ്ഥാനം നൽകി മന്ത്രിസഭ പുന:സംഘടിപ്പിക്കാമെന്നും തുടങ്ങിയ നിർദേശങ്ങൾ കോൺഗ്രസ് -എൻസിപി -ശിവസേന ചർച്ചയിൽ മുതിർന്ന നേതാവ് ശരദ് പവാർ മുന്നോട്ട് വെച്ചിരുന്നു.
ഇന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ വസതിയിൽ വെച്ചായിരുന്നു മഹാവികാസ് അഘാടി ചർച്ച നടത്തിയത്. മൂന്ന് പാർട്ടിയുടെയും അധ്യക്ഷന്മാർ ചർച്ചയിൽ പങ്കെടുത്തിരുന്നു. താൻ രാജിക്കത്ത് തയ്യാറാക്കി വെച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചിരുന്നു. ശിവസേന ഒരിക്കലും ഹിന്ദുത്വത്തെ ഉപേക്ഷിക്കില്ലെന്നും ബാലാസാഹേബ് താക്കറെ നമ്മെ പഠിപ്പിച്ചത് അതാണെന്നും ഉദ്ദവ് ഫേസ്‌ബുക്കിലൂടെ ജനങ്ങളോട് വ്യക്തമാക്കി. സാധാരണക്കാരായ ശിവസൈനികർ തന്നോടൊപ്പമുള്ളിടത്തോളം ഒരു വെല്ലുവിളിയെയും താൻ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നിൽ വിശ്വാസമില്ലെന്ന് തന്റെ മുഖത്ത് നോക്കി പറയണമെന്ന് വിമത എംഎൽഎമാരോട് അദ്ദേഹം ആവശ്യപ്പെട്ടു. തന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടത് കോൺഗ്രസിനോ എൻസിപിക്കോ അല്ലെന്നതാണ് തന്നെ അസ്വസ്ഥനാക്കുന്നതെന്നും ഉദ്ദവ് കൂട്ടിച്ചേർത്തു. Also Read – പ്രധാനമന്ത്രിയുടെ യാത്രയ്ക്കായി 23 കോടി രൂപ ചെലവഴിച്ച് റോഡ് പുതുക്കൽ; നഗരത്തിന്റെ മറ്റു ഭാഗങ്ങളിൽ കുഴിയടക്കൽ പോലുമില്ല ശിവസേനയുടെ വിമത നേതാവ് ഏക്‌നാഥ് ഷിൻഡെ മുപ്പതിലധികം നിയമസഭാംഗങ്ങളുമായി സൂറത്തിലേക്ക് മാറിയതാണ് മഹാരാഷ്ട്രയിലെ ഭരണ പ്രതിസന്ധിക്ക് തുടക്കമിട്ടത്.
ബിജെപിയുമായി സഖ്യമുണ്ടാക്കണമെന്നായിരുന്നു ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുളള നേതാക്കളുടെ ആവശ്യം. ബിജെപിയുമായി സഖ്യമുണ്ടാക്കിയില്ലെങ്കിൽ പാർട്ടി പിളരുമെന്നും തന്റെ കൂടെ 34 എംഎൽഎമാരുണ്ടെന്നും ഷിൻഡെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ന് രാവിലെ ഏക്നാഥ് ഷിൻഡെയും എംഎൽഎമാരും സൂറത്തിൽ നിന്നി അസമിലെ ഗുവാഹത്തിയിലേക്ക് മാറിയിരുന്നു.
താന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയാമെന്ന് ഉദ്ദവ് വ്യക്തമാക്കിയിരുന്നെങ്കിലും ആ സമയമൊക്കെ കടന്നുപോയെന്നും ഇനി മുഖ്യമന്ത്രി സ്ഥാരനം രാജിവെക്കേണ്ട കാര്യമില്ലെന്നുമായിരുന്നു ഷിന്‍ഡേയുടെ മറുപടി. ഉദ്ദവ് താക്കറെ മുഖ്യമന്ത്രി മന്ദിരം ഒഴിഞ്ഞതിനാൽ ഉടൻ രാജിയുണ്ടാകും എന്നാണ് കരുതുന്നത്.