ദ്രൗപതി മുർമു ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി.
ഝാർഖണ്ട് മുന്‍ ഗവര്‍ണറും ഒഡീഷ മുന്‍ മന്ത്രിയുമായിരുന്ന ദ്രൗപതി മുർമു എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി. ഒഡീഷയിൽ പാർട്ടിക്ക് അടിത്തറയിട്ട പ്രമുഖ നേതാക്കളിൽ ഒരാൾ എന്ന നിലയിലാണ് മുർമുവിനെ ബിജെപി തങ്ങളുടെ പ്രസഡന്‍റ് സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തത്. ഗോത്രവിഭാഗങ്ങൾക്കിടയിൽ പ്രവർത്തിച്ച പേരെടുത്ത ശേഷമാണ് ബിജെപിയിലൂടെ മുർമു വലിയ പദവികളിലേക്ക് വളർന്നത്. 2000 മുതൽ 2004 വരെ ഒഡീഷയിലെ റയ്‌റങ്ക്പൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്നു അവർ. 20 പേരുകൾ ചർച്ചയായതില്‍ നിന്നാണ് ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപതി മുർമുവിനെ തെരഞ്ഞെടുത്തത്.
2000 മാർച്ച് മുതൽ 2002 ഓഗസ്റ്റ് ആറുവരെ ഒഡീഷയിലെ ബിജു ജനതാദൾ, ബിജെപി സഖ്യ സർക്കാരിൽ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ – ഗതാഗത മന്ത്രിയായിരുന്നു. 2002 ഓഗസ്റ്റ് ആറ് മുതൽ 2004 മെയ് 16 വരെ ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായും അവർ പ്രവർത്തിച്ചു. കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 2015 മെയ് 18-നാണ് ജാര്‍ഖണ്ഡിന്റെ ഒന്‍പതാം ഗവര്‍ണറായിട്ടായിരുന്നു അവരുടെ നിയമനം. ഗവര്‍ണര്‍ സ്ഥാനം വെറുമൊരു പദവി അല്ലെന്നും വലിയൊരു ഉത്തരവാദിത്വമാണെന്നും അത് ആത്മസമര്‍പ്പണത്തോടെ നിര്‍വ്വഹിക്കുമെന്നും ചുമതലയേറ്റു കൊണ്ട് ദ്രൌപദി മുർമു പ്രതകരിച്ചിരുന്നു. നിലവിൽ ജാർഖണ്ഡ് ഭരിക്കുന്നത് ജെഎംഎം – കോണ്ഗ്രസ് സഖ്യസർക്കാരാണ്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണമാർ ഇടഞ്ഞു നിൽക്കുന്നതാണ് ഇപ്പോൾ സ്ഥിരം കാഴ്ചയെങ്കിലും ഗവർണർ പദവിയുടെ അതിർത്തി വളരെ കൃത്യമായി പാലിച്ചാണ് മുർമു അവിടെ പ്രവർത്തിച്ചു പോന്നിട്ടുള്ളത്.
1958 ജൂൺ 20ന് ഒഡിഷയിലെ ബൈഡപ്പോസി ഗ്രാമത്തിലായിരുന്നു ദ്രൗപതി മുർമുവിന്‍റെ ജനനം. സന്താൾ വശജയാണ് ദ്രൗപദി. ജാർഖണ്ഡ് ഗവർണറാവുന്ന ആദ്യവനിതയും ഗവർണർ പദവിയിലെത്തുന്ന ആദ്യത്തെ ഒഡീഷ വനിതയുമാണ് മുർമു. പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും ഗവർണർ പദവിയിലേക്ക് എത്തിയ വനിത എന്ന സവിശേഷതയും മുർമുവിനുണ്ട്. ഒഡീഷയിൽ 2000 മുതൽ 2004 വരെയുള്ള കാലയളവിൽ വാണിജ്യ-ഗതാഗത വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവ കൈകാര്യം ചെയ്‌തു. ഒഡീഷ മുൻ മന്ത്രിയാണ് ദ്രൗപതി മുർമു. മികച്ച എം എൽ എയ്ക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. ഭർത്താവ് പരേതനായ ശ്യാം ചരൺ മുർമു.