കോവിഡ് വ്യാപന സാധ്യത മുന്‍കൂട്ടി കണ്ട് മുന്‍കരുതല്‍ ശക്തമാക്കി കേരളം.

Print Friendly, PDF & Email

ചൈനയുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ കോവിഡ് നിരക്കുകൾ കുതിച്ചുകൊണ്ടിരിക്കേ മറ്റൊരു കോവിഡ്-19 വ്യാപനത്തെ നേരിടുവാന്‍ തയ്യാറെടുപ്പിലാണ് രാജ്യം. അതിന്‍റെ ഭാഗമായി സംസ്ഥാനത്ത് കോവിഡ് മോണിറ്ററിംഗ് സെൽ പുനരാരംഭിച്ചു. 60 വയസ്സു കഴിഞ്ഞവരും അനുബന്ധരോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കരുതൽഡോസ് വാക്സിൻ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗം നിർദ്ദേശിച്ചു.

ആവശ്യത്തിന് ഓക്സിജൻ ഉത്പാദനം നടക്കുന്നുണ്ട് എന്ന് സംസ്ഥാനം ഉറപ്പുവരുത്തുകയാണ്. സംസ്ഥാനത്ത് ജില്ലാ ആശുപത്രികളില്ലും മറ്റും സ്ഥാപിച്ചിരിക്കുന്ന ഓക്സിജൻ പ്ലാന്റുകൾ പ്രവര്‍ത്തന ക്ഷമമാണെന്ന് ഉറപ്പുവരുത്തുവാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. മരുന്നുകൾ, മാസ്ക്, പി പി ഇ കിറ്റ് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാൻ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് നിർദ്ദേശം നൽകിയിട്ടുണ്ട്. വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഐ. ഇ. സി ബോധവൽക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി

ആൾക്കൂട്ടങ്ങൾ ഉണ്ടാവുന്ന പ്രദേശങ്ങൾ, എസി മുറികൾ, പൊതുയിടങ്ങൾ എന്നിവിടങ്ങളിൽ സന്ദർഭത്തിനനുസരിച്ച് മാസ്ക് ധരിക്കുന്നത് ഉചിതമാകുമെന്ന് യോഗം വിലയിരുത്തി. പുതിയ വൈറസ് വകഭേദത്തിന് വലിയതോതിൽ വ്യാപനശേഷി ഉള്ളതിനാൽ നല്ല ജാഗ്രതയും കരുതലും കാണിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗൗരവത്തോടെ നീങ്ങേണ്ടതുണ്ട്. ആരോഗ്യവകുപ്പിന്‍റെ കൂടെ തദ്ദേശസ്വയംഭരണ വകുപ്പ് കൂടി ജാഗരൂഗരാകണം. കോവിഡുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ അതേ രീതിയിൽ നടപ്പാക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശരാശരി 7000 പരിശോധനയാണ് ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് 474 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 72 പേർ ആശുപത്രിയിലാണ്. 13 പേർ ഐസിയുവിൽ ഉണ്ട് എന്ന് ആരോഗ്യമന്ത്രി അറിയിച്ചു. യോഗത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ജില്ലാ കളക്ടർമാർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.