‘ചരിത്ര വിധി’, രാജ്യദ്രോഹനിയമം (124 A) സുപ്രീംകോടതി മരവിപ്പിച്ചു.
ഇന്ത്യൻ ശിക്ഷാനിയമത്തിലുണ്ടായിരുന്ന രാജ്യദ്രോഹനിയമം (124 A) സുപ്രീംകോടതി മരവിപ്പിച്ചു. ബ്രിട്ടീഷ് ഇന്ത്യയില്‍ 1860ല്‍ രൂപംകൊടുത്തതും 160 വർഷമായി ഇന്ത്യൻ ശിക്ഷാനിയമത്തില്‍ തുടരുന്നതുമായ കരിനിയമം 124 A പ്രകാരം രാജ്യദ്രോഹ കേസുകൾ രാജ്യത്ത് രജിസ്റ്റർ ചെയ്യുന്നത് നിര്‍ത്തി വയ്ക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. രാജ്യദ്രോഹ കേസുകളില്‍ നിലിവിലുള്ള എല്ലാ നടപടികളും മരവിപ്പിക്കണം എന്നും, ഈ വകുപ്പു പ്രകാരം ജയിലുകളിൽ കഴിയുന്നവർ ഈ ഉത്തരവ് ചൂണ്ടിക്കാട്ടി ജാമ്യത്തിനായി കോടതികളെ സമീപിക്കണം എന്നും സുപ്രീംകോടിതിയുടെ സുപ്രധാന വിധിയില്‍ പറയുന്നു. കൂടാതെ 124 A പ്രകാരം പൊലീസ് കേസ് രജിസറ്റർ ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ അത് റദ്ദാക്കാൻ പൗരൻമാർക്ക് കോടതിയിൽ പോകാം എന്നും പരമോന്നത കോടതി ഉത്തരവിട്ടു.
രാജ്യദ്രോഹ നിയമം പുനപരിശോധിക്കാമെന്ന് കേന്ദ്രസർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ അതുവരെ കേസുകൾ മരവിപ്പിക്കുന്ന കാര്യത്തിൽ ഇന്ന് നിലപാടറിയിക്കാൻ കോടതി നിർദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, കേസെടുക്കുന്നത് നിര്‍ത്തിവയ്ക്കാനാവില്ല എന്നും എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ തീരുമാനിക്കുന്ന തരത്തിൽ മാർഗ്ഗനിർദ്ദേശം ഉണ്ടാക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് അരമണിക്കൂറോളം ജഡ്ജിമാർ ആലോചന നടത്തിയ ശേഷമാണ് ഇക്കാര്യത്തിലുള്ള ഉത്തരവ് ചീഫ് ജസ്റ്റിസ് എൻവി രമണ അദ്ധ്യക്ഷനായ ബഞ്ച് നല്‍കിയത്.
ഒന്ന് കേന്ദ്രവും സംസ്ഥാനങ്ങളും രാജ്യദ്രോഹ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് തല്‍ക്കാലം ഒഴിവാക്കണം എന്നും അതേ സമയം 124 A ദുരുപയോഗം തടയാനുള്ള മാർഗ്ഗനിർദ്ദേശം തയ്യാറാക്കി കേന്ദ്രസർക്കാരിന് കോടതിയിൽ നല്‍കാമെന്നും ഉത്തരവിലുണ്ട്. രാജ്യദ്രോഹനിയമം റദ്ദാക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവർത്തകരും എഡിറ്റേഴ്സ് ഗിൽഡ് പോലുള്ള സംഘടനകളുമാണ് സുപ്രീംകോടതിയിൽ എത്തിയത്. നിയമം മരവിപ്പിക്കാനാവില്ല എന്ന നിലപാട് സ്വീകരിച്ച കേന്ദ്ര സർക്കാരിന് വൻ തിരിച്ചടിയാണ് സുപ്രീംകോടതി ഉത്തരവ്.