മനീഷ് സിസോദിയക്ക് ജാമ്യം.
മദ്യനയക്കേസില് ഒന്നരവര്‍ഷത്തോളമായി തടവിലായിരുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു. മദ്യനയ കേസിൽ വിചാരണ ആരംഭിക്കുന്നതിലെ കാലതാമസം പരിഗണിച്ച് സിബിഐ, ഇഡി കേസുകളിൽ സിസോദിയ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി അംഗീകരിച്ചു.
“ഏകദേശം 17 മാസത്തോളം നീണ്ട ജയിൽവാസവും വിചാരണ ആരംഭിക്കാത്തതും കാരണം, അപ്പീൽക്കാരന് വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശം നഷ്‌ടപ്പെട്ടതായി കോടതി നിരീക്ഷിച്ചു. വേഗത്തിലുള്ള വിചാരണ ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ, കുറ്റകൃത്യത്തിൻ്റെ ഗൗരവം ചൂണ്ടിക്കാട്ടി ജാമ്യത്തെ എതിർക്കാൻ അന്വേഷണ ഏജൻസികൾക്ക് കഴിയില്ലെന്ന് കോടതി പരാമർശിച്ചു.
10 ലക്ഷം രൂപയുടെ വ്യക്തിഗത ജാമ്യത്തിലും സമാനമായ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യത്തിലും മോചിപ്പിക്കാൻ ഉത്തരവിട്ട സുപ്രീം കോടതി, സാക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവുകൾ നശിപ്പിക്കരുതെന്നും എല്ലാ ആഴ്ചയും പോലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു.