അര്‍ജുന കണ്ടെത്താന്‍ ഗംഗാവലി പുഴയില്‍ പ്രാഥമിക പരിശോധനയുമായി നാവിക സേന.

Print Friendly, PDF & Email

കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന കണ്ടെത്താന്‍ ഗംഗാവലി പുഴയില്‍ പ്രാഥമിക പരിശോധനയുമായി നാവിക സേന. ഇന്ന് വൈകിട്ടോടെയാണ് നാവിക സേന ഗംഗാവലി പുഴയില്‍ പരിശോധന നടത്തിയത്. വെള്ളത്തിന്‍റെ ഒഴുക്ക് ഉള്‍പ്പെടെയാണ് പരിശോധിച്ചത്. അടിയൊഴുക്ക് കുറഞ്ഞാല്‍ പുഴയിലിറങ്ങിയുള്ള തെരച്ചില്‍ ആരംഭിക്കാനാകുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. ഗം​ഗാവലി പുഴയിൽ ശക്തമായ ഒഴുക്ക് തുടരുന്നതാണ് ഇപ്പോഴത്തെ വെല്ലുവിളി. എല്ലാ ദിവസവും ജില്ലാ ഭരണകൂടം പുഴയിലിറങ്ങി ഒഴുക്ക് എത്രത്തോളമുണ്ടെന്ന് അളക്കുന്നുണ്ട്. ഇന്നു രാവിലത്തെ കണക്ക് പ്രകാരം വെള്ളത്തിന്റെ ഒഴുക്ക് 5.4 നോട്ടിക്കൽ മൈൽ വേ​ഗതയിലാണ്. ഈ ഒഴുക്കിൽ പുഴയിലിറങ്ങി ഡൈവ് ചെയ്യാനോ ഡ്രഡ്ജ് ചെയ്യാനോ സാധ്യമല്ല. അത് കുറയുന്ന സാഹചര്യത്തിൽ തെരച്ചിൽ പുനരാരംഭിക്കും എന്ന് കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ പറഞ്ഞു. ഒരാൾക്ക് സുരക്ഷിതമായി ഇറങ്ങി തിരയാൻ 2 നോട്ട് ആയി പുഴയുടെ ഒഴുക്കിന്റെ വേഗം കുറയണം. അടുത്ത ഒരാഴ്ച കാലാവസ്ഥ അനുകൂലമെന്നാണ് പ്രവചനം. കഴിഞ്ഞ രണ്ട് ദിവസമായി ഗംഗാവലി പുഴയുടെ വൃഷ്ടി പ്രദേശത്ത് മഴ ഉണ്ടായില്ലെന്നതും ആശ്വാസകരമാണ്. അതിനാൽ പുഴയുടെ ഒഴുക്ക് കുറയുന്നുണ്ട്. ചൊവ്വാഴ്ചയോടെ പുഴയുടെ ഒഴുക്ക് കുറഞ്ഞാൽ അടുത്ത നടപടി തീരുമാനിക്കുമെന്നും കളക്ട‍ര്‍ അറിയിച്ചു. വിഷയത്തിൽ കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടപെട്ടിരുന്നു. തെരച്ചിൽ പുനരാരംഭിക്കണമെന്ന് കോടതി നിര്‍ദ്ദേശം നൽകി. ദൗത്യം അവസാനിപ്പിക്കില്ലെന്നും തുടരുമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറയുന്നു.