KERALANEWS MAIN

കോവിഡ് വ്യാപനം അതിരൂക്ഷം. ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു.

കോവിഡ് -19ന്‍റെ മൂന്നാം തരംഗത്തില്‍ വീര്‍പ്പു മുട്ടുകയാണ് കേരളം. രണ്ടാം രംഗത്തിനു ശേഷം സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ഡിസംബര്‍ 26ന് 1824 വരെ കുറഞ്ഞിരുന്നുവെങ്കിലും ക്രിസ്മസ്, ന്യൂ ഇയര്‍ കഴിഞ്ഞതോടെ വളരെ പെട്ടെന്ന് കൊവിഡ് കേസുകള്‍ വര്‍ധിക്കുവാന്‍ തുടങ്ങി. ജനുവരി ഏഴിന് കൊവിഡ് കേസുകള്‍ 5,000ന് മുകളിലായിരുന്നു. അത് കേവലം 10 ദിവസം കൊണ്ട് നാലിരട്ടിയിലധികമായി വര്‍ധിച്ചു. ജനുവരി 12ന് 12,000ന് മുകളിലും ജനുവരി 17ന് 22,000ന് മുകളിലും എത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാകട്ടെ 35കടന്നു. കേരളം അഭിമുഖീകരിച്ച ഏറ്റവും ഉയര്‍ന്ന ടിപിആര്‍ നിരക്ക്.

കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കൊവിഡ് കേസുകളില്‍ ഏകദേശം 60,161 രോഗികളുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതായത് പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ 182 ശതമാനം വര്‍ധനവ്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍ 160 ശതമാനവും, ആശുപത്രികളിലെ രോഗികള്‍ 41 ശതമാനവും, ഫീല്‍ഡ് ആശുപത്രികളിലെ രോഗികള്‍ 90 ശതമാനവും, ഐസിയുവിലെ രോഗികള്‍ 21 ശതമാനവും, വെന്റിലേറ്ററിലെ രോഗികള്‍ 6 ശതമാനവും, ഓക്‌സിജന്‍ കിടക്കകളിലെ രോഗികള്‍ 30 ശതമാനവും വര്‍ധിച്ചിട്ടുണ്ട്. അതോടെ ആശുപത്രികളുടെ പ്രവര്‍ത്തവും താളം തെറ്റുകയാണ്.

ഡോക്‌ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ കൂട്ടത്തോടെ രോഗബാധിതരാവുകയാണ്. കഴിഞ്ഞ ഒൊരാഴ്ചക്കിടെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രോഗബാധിതരാകുവാന്‍ തുടങ്ങിയത്. സർക്കാരിന്റെ തന്നെ കണക്ക് പ്രകാരം 904 പേരാണ് ഇക്കാലയളവിൽ രോഗികളായത്. ജനുവരി 11ന് 113, 12ന് 125, 13ന് 104, 14ന് 116, 15ന് 153, 16ന് 149, 17ന് 144 എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം.

ആരോഗ്യ പ്രവർത്തകർ കൂട്ടത്തോടെ രോഗബാധിതരാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളും പ്രതിസന്ധിയിലാണ്. സ്വകാര്യ ആശുപത്രികളുടെ സ്ഥിതിയും സമാനം തന്നെ. രോഗവ്യാപനം കൂടുന്നതിന് ആനുപാതികമായി ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണവും കുത്തനെ വർദ്ധിക്കുകയാണ്. ഈ സാഹചര്യം ആശുപത്രികൾക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വാക്‌സിനേഷൻ കേന്ദ്രങ്ങളിലുള്ള നഴ്സുമാർ ഉൾപ്പെടെ കൊവിഡ് ബാധിതരാകുന്നതോടെ സ്കൂളുകളിലൂടെ നടത്തിവരുന്ന വാക്സിനേഷന്‍ യജ്ഞവും പ്രതിസന്ധിയില്ർ ആയിരിക്കുകയാണ്.