ദീലീപിന്‍റെ സഹോദരീ ഭര്‍ത്താവിന്‍റേയും സുഹൃത്തിന്‍റേയും വീടുകളില്‍ റെയിഡ്.

Print Friendly, PDF & Email

ദിലീപിന്റെയും സഹോദരന്റെയും വീടുകളില്‍ പരിശോധന നടത്തിയതിനു പിന്നാലെ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത് ജി നായരുടെയും സഹോദരീ ഭര്‍ത്താവ് സൂരജിന്റെയും വസതികളിലും ക്രൈംബ്രാഞ്ച് റെയിഡ് നടത്തി. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ കണ്ടെത്താനും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ തോക്കിന്റെ വിവരങ്ങള്‍ ലഭിക്കാനുമാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്. പരിശോധനയില്‍ ശരത്തിന്റെ വീട്ടില്‍ നിന്നും സിം കാര്‍ഡുകളും മൊബൈല്‍ ഫോണുകളും മെമ്മറി കാര്‍ഡുകളും ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തു. ഒപ്പം ദിലീപും ശരതും തമ്മിലുള്ള ബിസിനസ് ഇടപാടുകളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരും തമ്മിലുള്ള സ്ഥലമിടപാട് സംബന്ധിച്ച വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം യെങ്കിലും തോക്ക് അടക്കം കണ്ടെത്താനായിരുന്നില്ല.

ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രനും സിഐ വര്‍ഗീസ് അലക്‌സാണ്ടറുമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് സൂര്യ ഹോട്ടല്‍സ് ഉടമയായ ശരത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ ശരത് ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇയാളിപ്പോള്‍ ഒളിവിലാണെന്നാണ് സൂചന. കേസില്‍ ദിലീപുമായി ബന്ധമുള്ള വിഐപിയെ തേടിയുള്ള അന്വേഷണത്തിനിടയിലാണ് ശരത്തിലേക്കുകൂടി അന്വേഷണമെത്തിയിരിക്കുന്നത്.

അതിനിടെ കേസില്‍ മാധ്യമ വിചാരണ തടയണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. രഹസ്യ വിചാരണ എന്ന നിര്‍ദേശം ലംഘിക്കുന്നതാണ് മാധ്യമ വാര്‍ത്തകളെന്നും അത് തടയണമെന്നുമാണ് ദിലീപിന്റെ ഹര്‍ജി. വിചാരണ ക്കോടതിയിലെ നടപടികള്‍ പൂര്‍ത്തിയാകുംവരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തടയണം എന്നതാണ് ദിലീപിന്‍റെ ആവശ്യം.