INDIANEWS MAIN

ആരോഗ്യ രംഗത്ത് സമഗ്രമാറ്റത്തിന് പുതിയ കര്‍മ്മ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യ കോവിഡ് 19 എമര്‍ജന്‍സി റെസ്‌പോണ്‍സ് ആന്‍ഡ് ഹെല്‍ത്ത് സിസ്റ്റം പ്രിപ്പയേഡ്‌നെസ്സ് എന്ന പേരിലുള്ള പാക്കേജിനാണ് കേന്ദ്ര സര്‍ക്കാര്‍ രൂപം കൊടുത്തിരിക്കുന്നത്. പൂര്‍ണ്ണമായും കേന്ദ്ര ഫണ്ട് ഉപയോഗിച്ച് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരു പോലെ നടപ്പിലാക്കുന്ന പദ്ധതി 2020 ജനുവരി മുതല്‍ 2024 മാര്‍ച്ച് വരെ മൂന്നു ഘട്ടങ്ങളലായിരിക്കും നടപ്പിലാക്കുക.

ആശുപത്രികളുടെ അടിയന്തര ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുകയാണ് 2020 ജനുവരി മുതല്‍ 2020 ജൂണ്‍ വരെയുള്ള ഒന്നാം ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ആശുപത്രികള്‍ക്കാവശ്യമായ പിപിഇ കിറ്റുകള്‍, എന്‍95 മാസ്‌കുകള്‍,തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഈ പണം ചിലവഴിക്കാം. ഐസൊലേഷന്‍ ബ്ലോക്കുകള്‍, വെന്റിലേറ്ററുകളുള്ള ഐസിയു, ആശുപത്രികളിലെ ഓക്‌സിജന്‍ വിതരണം, ആശുപത്രികളിലെ ലബോറട്ടറികള്‍ തുടങ്ങിയവ ശക്തിപ്പെടുത്തുകയാണ് ഒന്നാം ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ആവശ്യമെങ്കില്‍ പുതിയ നിയമനം നടത്താം. ജീവനക്കാര്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് വോളന്റിയര്‍മാര്‍ എന്നിവര്‍ക്കുള്ള ഇന്‍സെന്റീവ് തുടങ്ങിയവയെല്ലാം ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നു. ഒന്നാംഘട്ട വികസനം നടപ്പിലാക്കുന്നതിനായി ആവശ്യമായ ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്ന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍/ കമ്മീഷണര്‍മാര്‍ (ആരോഗ്യം) എന്നിവര്‍ക്ക് അയച്ച സര്‍ക്കുലറില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ വന്ദന ഗുര്‍നാനിഅറിയിച്ചു.

അടിയന്തര ആവശ്യങ്ങള്‍ നിര്‍വ്വഹിച്ചതിനുശേഷം 2020 ജൂലൈ മുതല്‍ 2021 മാര്‍ച്ച് വരെയുള്ള രണ്ടാം ഘട്ടത്തില്‍ ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, അവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്ന് എന്നിവയുടെ സംഭരണം, കൂടുതല്‍ വിപുലമായ ലബോറട്ടറികള്‍ സ്ഥാപിക്കല്‍, ബയോ-സെക്യൂരിറ്റി തയ്യാറാക്കല്‍ തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. 2021 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെനീളുന്ന മൂന്നാംഘട്ടത്തിലാണ് അടിസ്ഥാന വികസനം നടത്തുക. 2024 ഓടെ രാജ്യത്തെ ആരോഗ്യ രംഗത്ത് സമഗ്ര നവീകരണത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിടുന്നത്.