അരങ്ങു തകര്‍ക്കുന്ന ആള്‍ക്കൂട്ടത്തിനിടയില്‍ കേരള മോഡല്‍ കോവിഡ് നിയന്ത്രണം.
ഒരു ഭാഗത്ത് സര്‍വ്വകാല റിക്കാര്‍ഡുകളും ഭേദിച്ച് കുതിച്ചുയരുന്ന കോവിഡ്. മറുഭാഗത്ത് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ആള്‍ക്കൂട്ട സമ്മേളനങ്ങള്‍. അതിനിടയില്‍ നിയന്ത്രണം കടുപ്പിക്കുമെന്നുള്ള ആരോഗ്യവകുപ്പു മന്ത്രിയുടെ പതിവു വായ്ത്താര. പ്രസിദ്ധമായ കേരള മോഡല്‍ കോവിഡ് നിയന്തണം കേരളത്തില്‍ അരങ്ങു തകര്‍ക്കുകയാണ്.
ഞായറാഴ്ച സംസ്ഥാനത്ത് ആദ്യമായി ടിപിആർ 30 കടന്നു. ഞായറാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 18,123 പുതിയ രോഗികളാണ്. 30.55 ശതമാനമാണ് ടി.പിആര്‍. ആദ്യ രണ്ട് തരംഗങ്ങളിലും സംസ്ഥാനത്ത് രോഗസ്ഥിരീകരണ നിരക്ക് ഇത്രകണ്ട് ഉയര്‍ന്നിട്ടില്ല. ഇതിനിടയിലും ഞായറാഴ്ച നടന്നത് അഞ്ഞൂറിന് മേല്‍ ആളുകള്‍ പങ്കെടുത്ത വിവിധ പരിപാടികളാണ്. ആള്‍ക്കൂട്ടത്തിന് യാതൊരു നിയന്ത്രണവുമില്ലെന്നതാണ് ആശങ്കയുണർത്തുന്നത്.
ഭരണം നിന്ത്രിക്കുന്ന സിപിഎം ന്‍റെ പാര്‍ട്ടി സമ്മേളനങ്ങള്‍ അരങ്ങു തകര്‍ക്കുകയാണ്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അടക്കം സമ്മേളനങ്ങളില്‍ പങ്കെടുത്ത് തിരുവാതിരക്കളി നടത്തുന്പോള്‍ ആരോഗ്യ വകുപ്പിന് മൂകസാക്ഷികളായി നോക്കി നില്‍ക്കാനേ കഴിയുന്നുള്ളൂ. പാര്‍ട്ടി സമ്മേളനം മാറ്റി വയ്ക്കാത്തത് ജനാധിപത്യ രീതിക്ക് മാറ്റം വരും എന്നതിനാലാണെന്നും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പരിപാടി നടത്തിയത് എന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി പറയുന്നത്.
അടച്ചുപൂട്ടിയ ഹാളുകളില്‍ 50 പേരില്‍ താഴെയും തുറന്ന സ്ഥലങ്ങളില്‍ 100ല്‍ താഴേയും ആളുകള്‍ മാത്രമേ പങ്കടുക്കുവാന്‍ പാടുള്ളൂ എന്ന നിയന്ത്രണം ഇന്നു കേരളത്തില്‍ നടപ്പാക്കുന്നത് സാധാരണക്കാരുടെ വിവാഹ മരണ ചടങ്ങുകളിലും മറ്റും മാത്രമാണ്. സാമൂഹിക അകലം പാലിക്കലും മറ്റ് പ്രതിരോധ നടപടികളും സാധരണക്കാരില്‍ അടിച്ചേല്‍പ്പിക്കുന്പോള്‍ സംഘടിത രാഷ്ട്രീയ സാമുദായിക പ്രസ്ഥനങ്ങള്‍ കോവിഡ മാനദങ്ങളെ നോക്കി കൊഞ്ഞനം കുത്തുകയാണ്. ഭരണകൂടമാകട്ടെ അതിനു പ്രോത്സാഹനവും നല്‍കുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗവ്യാപനമുള്ള തലസ്ഥാന ജില്ലയില്‍ തലസ്ഥാന ജില്ലയില്‍ തന്നെ മുന്നൂറോളം സ്ത്രീകള്‍ പങ്കെടുത്ത കുടുംബശ്രീയുടെ എ.ഡി.എസ് തിരഞ്ഞെടുപ്പ് ഞായറാഴ്ച നടന്നു. സാമൂഹിക അകലം പാലിക്കലും മറ്റ് പ്രതിരോധ നടപടികളും ശരിയായ രീതിയില്‍ സ്വീകരിച്ചിരുന്നില്ല എന്നാണ് അവിടെനിന്നു വരുന്ന റിപ്പോർട്ട്.
പോപ്പുലര്‍പ്രണ്ടിന്‍റെ തീവ്രവാദ നിലപാടുകള്‍ക്കെതിരെ എറണാകുളത്ത് പെരുമ്പാവൂരിലും കോഴിക്കോട് മുതലക്കുളം മൈതാനത്തും ബി.ജെ.പി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയില്‍ പങ്കെടുത്തത് ആയിരത്തോളം ആളുകളാണ്. സാമൂഹികാകലം പേരിന് പോലും ഇവിടങ്ങളില്‍ ഇല്ലായിരുന്നു. മാസ്‌ക് ധരിക്കാത്തവരുടെ എണ്ണവും കുറവല്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രതന്നെയാണ് കോഴിക്കോട് സമ്മേളനത്തിന് അദ്ധ്യക്ഷനായത്. തിരുവനന്തപുരത്തിനു പിന്നാലെ തൃശൂരും സിപിഎം ജില്ലാ സമ്മേളനത്തിനു ഭാഗമായി നടത്തിയത് 150 പേരുടെ തിരുവാതിരക്കളി.
പാര്‍ട്ടി സമ്മേളനങ്ങള്‍ യാതൊരു തടസ്സവുമില്ലാതെ മുന്നേറിക്കൊണ്ടിരിക്കുന്നു. ഓരോ ജില്ലാ സമ്മേളനങ്ങളിലും ശരാശരി 250ഓളം പ്രതിനിധികളേ ഉണ്ടാകുവുള്ളൂ എങ്കിലും സംഘാടകരും നടത്തിപ്പുകാരും സുരക്ഷ ജീവനക്കാരും മറ്റുമായി ഓരോ സമ്മേളനനഗരിയിലും 1000 ത്തോളം പേരങ്കിലും ഒത്തുകൂടുന്നുണ്ടാകുമെന്നാണ് ഏകദേശ കണക്ക്. കോവിഡ് മാനദണ്ഡ ലംഘനത്തിന് ബിജെപി കൂട്ടായ്മക്കെതിരെ കേസെടുത്തുവെങ്കിലും സിപിഎം സമ്മേനങ്ങള്‍ക്ക് സംരക്ഷണമൊരുക്കി തങ്ങളുടെ വിധേയത്വം പ്രഖ്യാപിക്കുകയാണ് കേരള പോലീസും ആരോഗ്യ വകുപ്പും.
കോവിഡ് വ്യാപനത്തിന്‍റെ പേരില്‍ ജനുവരി 30 വരെ എല്ലാ പൊതു സമ്മേളനങ്ങളും കോണ്‍ഗ്രസ് റദ്ദാക്കിയിരിക്കുകയാണ്. അത്രയും നല്ലത്. എങ്കിലും നേതാക്കന്മാരുടെ ചുറ്റുമുള്ള ആള്‍ക്കൂട്ടങ്ങളെ നിയന്ത്രിക്കാന്‍ അവര്‍ക്കും ആവുന്നില്ല. ഉത്സവങ്ങളുടെ സീസണ്‍ ആരംഭിക്കുവാന്‍ പോവുകയാണ്. ഇനിയും ആള്‍ക്കൂട്ട നിയന്ത്രണം കാര്യക്ഷമമായി നടപ്പിലാക്കിയില്ലങ്കില്‍ കേരളം അതിനു കൊടുക്കേണ്ട വില വളരെ വലുതായിരിക്കും.