KERALANEWS MAIN

കോവിഡ് കാലത്ത് പാര്‍ട്ടി തിരുവാതിര. 550 പേര്‍ക്കെതിരെ പോലീസ് കേസ്.

പൊതു സമ്മേളനങ്ങൾക്ക് പരമാവധി 150 പേരെമാത്രം പങ്കെടുപ്പിക്കണമെന്ന ആരോഗ്യവകുപ്പിന്‍റെ കർശന നി‍ർദ്ദേശം നിലനിൽക്കെ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ 500ലേറെ പേരെ സംഘടിപ്പിച്ചുകൊണ്ട് നടത്തിയ മെ​ഗാ തിരുവാതിരക്കെതിരെ പാറശ്ശാല പൊലീസ് കേസെടുത്തു. ജില്ലാ പഞ്ചായത്തംഗം സലൂജ ഉൾപ്പടെ കണ്ടലറിയാവുന്ന 550 പേർക്കെതിരെയാണ് പാറശാല പൊലീസ് കേസെടുത്തത്. പകർച്ചാവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ്. കോവിഡ് വ്യാപന സാഹചര്യത്തില്‍ പൊതുപരിപാടിയില്‍ 150 പേരില്‍ കൂടരുതെന്ന സര്‍ക്കാര്‍ നിയന്ത്രണം നിലനില്‍ക്കേയാണ് ഇത്രയധികം പേര്‍ പങ്കെടുത്ത മെഗാ തിരുവാതിരക്കളി അരങ്ങേറിയത്. മരണാനന്തര, വിവാഹ ചടങ്ങുകളില്‍ 50 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളുവെന്ന ഉത്തരവും കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇതിനിടെയാണ് 550 പേര്‍ അണിനിരന്ന തിരുവാതിര നടന്നത്.

മെ​ഗാ തിരുവാതിരക്കെതിരെ തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റ് എം മുനീർ ഡിജിപിക്ക് പരാതി നൽകിയിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനെതിരെയായിരുന്നു പരാതി. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായിട്ടാണ് അഞ്ഞൂറിലേറെ പേർ പങ്കെടുത്ത സമൂഹ തിരുവാതിര സിപിഎം സംഘടിപ്പിച്ചത്. ജില്ലാ സമ്മേളനത്തിന് മുന്നോടിയായിട്ട് പാറശ്ശാല ചെറുവാരക്കോണം സിഎസ്ഐ പള്ളി മൈതാനത്തായിരുന്നു മെഗാ തിരുവാതിര അരങ്ങേറിയത്.

ജനാധിപത്യ മഹിള അസോസിയേഷന്‍ പാറശാല ഏരിയ കമ്മിറ്റിയുടെ പേരില് ജില്ലാ പഞ്ചായത്ത‍ഗം സലൂജയുടെ നേതൃത്വത്തിലായിരുന്നു തിരുവാതിര. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും അടക്കമുള്ള നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. കൊവിഡ് കേസുകള്‍ കുത്തനെ കൂടിയതിന് പിന്നാലെ സംസ്ഥാനത്ത് ആള്‍കൂട്ടങ്ങള്‍ നിയന്ത്രിക്കാനായി സര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കുമ്പോഴാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗമടക്കം നിയന്ത്രണങ്ങള്‍ ലംഘിച്ചത്.

0