ഗേജ് മാറ്റിയത് എന്തിന് ?; ഉത്തരമില്ലാതെ കെ-റെയില്‍.

Print Friendly, PDF & Email

ഇന്ത്യന്‍ റെയില്‍വേയിലുള്ള ബ്രോഡ് ഗേജ് സംവിധാനത്തിന് പകരം സില്‍വര്‍ലൈന്‍ അര്‍ധ അതിവേഗ തീവണ്ടിപ്പാതയ്ക്ക് സ്റ്റാന്‍ഡേര്‍ഡ് ഗേജ് സ്വീകരിക്കാനുള്ള തീരുമാനം ആര് എന്തിന് എടുത്തു എന്ന പ്രമാദമായ ചോദ്യത്തിനു മുന്പില്‍ ഉത്തരമില്ലാതെ കെ-റെയില്‍. സിസ്ട്ര നടത്തിയ പ്രാഥമിക സാധ്യതാ പഠനത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജ് (പാളം 1.435 മീറ്റര്‍) അനുയോജ്യമല്ലെന്നും ബ്രോഡ് ഗേജാണ് (പാളം 1.676 മീറ്റര്‍) നല്ലതെന്നുമായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍, അന്തിമറിപ്പോര്‍ട്ടില്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജ് തന്നെഎന്ന് തീരുമാനിക്കപ്പെട്ടു. കെ-റെയില്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് സ്റ്റാന്‍ഡേര്‍ഡ് ഗേജ് ഉറപ്പിച്ചതെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പ്രാഥമിക പഠനത്തെ അടിസ്ഥാനമാക്കിയാണ് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയതെങ്കില്‍ ഗേജ് മാറ്റിയത് ഏത് പഠനനിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കെ-റെയില്‍ വിശദീകരിക്കേണ്ടി വരും. പ്രാഥമിക പഠന റിപ്പോര്‍ട്ടിനു പകരം മറ്റേത് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്നതിന് കെ-റെയിലിന് ഉത്തരവുമില്ല. മറ്റേതെങ്കിലും സംഘം പ്രാഥമികപഠനം നടത്തിയതായും റിപ്പോര്‍ട്ട് നല്‍കിയതായും കെ-റെയില്‍ എവിടെയും വിശദീകരിച്ചിട്ടുമില്ല. പ്രാഥമിക റിപ്പോര്‍ട്ട് അലോക് വര്‍മയുടെ നേതൃത്വത്തിലാണ് സിസ്ട്ര തയ്യാറാക്കിയത്. സാങ്കേതിക പഠനത്തിന്റെ പിന്‍ബലമില്ലാതെയാണ് അര്‍ധ അതിവേഗ പാത സ്ഥാപിക്കാന്‍ കെ-റെയില്‍ തയ്യാറാകുന്നതെന്ന വാദവുമായി കെറെയില്‍ വിരുദ്ധ പക്ഷത്താണ് ഇപ്പോള്‍ അലോക് വര്‍മയുള്ളത്.

സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ ഇന്ത്യന്‍ റെയില്‍വേ പാതയുമായി ബന്ധിപ്പിക്കാനാകാത്ത കേരളത്തിന് മാത്രമായ പാത സ്ഥാപിക്കാനായിരുന്നു തിടുക്കമെന്നും ഇത് സംശയമുണ്ടാക്കുന്നതാണെന്നുമാണ് അലോക് വര്‍മയുടെ ആരോപണം. എന്നാല്‍ ഒട്ടേറെ പോരായ്മകള്‍ കാരണം അലോക് വര്‍മയുടെ കരട് നിര്‍ദേശങ്ങള്‍ അന്തിമ സാധ്യതാപഠന റിപ്പോര്‍ട്ടില്‍ പരിഗണിച്ചില്ല എന്നാണ് കെ-റെയിലിന്‍റെ നിലപാട്.

അലോക് വര്‍മയുടെ വാദം
* നിലവിലെ റെയില്‍വേ സംവിധാനവുമായി ബന്ധിപ്പിക്കാനാകാത്ത വിധത്തില്‍ പ്രത്യേക റെയില്‍വേ പാത നിര്‍മിക്കുന്നത് ഗുണകരമല്ല. അത് സാമ്പത്തിക വിജയം കൊണ്ടു വരുകയില്ല.
* നിലവിലെ റെയില്‍വേ സ്റ്റേഷനുകളില്‍നിന്ന് 10-15 കിലോമീറ്റര്‍ അകലെ അര്‍ധ അതിവേഗ പാതയുടെ സ്റ്റേഷന്‍ സ്ഥാപിച്ചാല്‍ യാത്രാക്ലേശവും സമയവും കൂടും.
* യാത്രക്കാരില്‍ ഏറെയും സംസ്ഥാനത്തിന് പുറത്ത് സഞ്ചരിക്കുന്നവരാണ് അതിനാല്‍ സില്‍വര്‍ലൈന്‍ ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധമുള്ളതാകണം.
* കേരളത്തിന് ഗുണകരമായ ചെലവുകുറഞ്ഞ റെയില്‍വേ പദ്ധതികളുണ്ട്. അതേക്കുറിച്ച് പരിശോധിക്കാനോ, അത്തരം നിര്‍ദേശം ഉള്‍ക്കൊള്ളാനോ കെ-റെയില്‍ തയ്യാറായിട്ടില്ല.

അലോക് വര്‍മ്മ റിപ്പോര്‍ട്ടിനെതിരെ കെ-റെയിലിന്റെ വാദം
* പാതയുടെ അലൈന്‍മെന്റ് തീരദേശങ്ങളിലൂടെയായിരുന്നു. 10 സ്റ്റേഷന്റെ സ്ഥാനത്ത് 15 സ്റ്റേഷനുകളായിരുന്നു, പലതും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളിലുമാണ്.
* എറണാകുളം സ്റ്റേഷന്‍ കുമ്പളം ദ്വീപിലായിരുന്നു. വ്യവസായ, ഐ.ടി. പാര്‍ക്കുകളെയും സ്മാര്‍ട്ട് സിറ്റികളെയും അവഗണിച്ചു. മറ്റ് ഗതാഗത സംവിധാനങ്ങളുമായി ബന്ധം പരിഗണിച്ചില്ല. കൊച്ചി മെട്രോ, നിര്‍ദിഷ്ട കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോകളെയും അവഗണിച്ചു.
* അലോക് വര്‍മ്മയുടെ റിപ്പോര്‍ട്ട് പ്രകാരം ഏറ്റെടുക്കേണ്ട ഭൂമിയും പദ്ധതിച്ചെലവും കൂടുതലായിരുന്നു.

  •  
  •  
  •  
  •  
  •  
  •  
  •