രാജ്യത്ത് കോവിഡ് കുതിച്ചുയരുന്നു. പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി യോഗം ചേരും

Print Friendly, PDF & Email

രാജ്യത്ത് കോവിഡ് കുതിച്ചുയരുന്നു. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 2,30,000 ത്തിന് മുകളിലാണ്. ഇന്നലെ (ബുധനാഴ്ച) 1,94,720 പേർക്കായിരുന്നു വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുമായി യോഗം ചേരും. വൈകിട്ട് നാലരയ്ക്കാണ് യോഗം. ഞായറാഴ്ച്ച ചേർന്ന കൊവിഡ് അവലോകന യോഗത്തിലെ നിർദേശങ്ങൾ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച ചെയ്യും.

കേരളത്തിലും സ്ഥിതി അതീവ ഗുരുതരമാകുകയാണ്. ബുധനാഴ്ച 12,742 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 17.5 ശതമാനമായി ഉയർന്നു. തിരുവനന്തപുരം (3,498) എറണാകുളം (2,214) കോഴിക്കോട്(1,164) എന്നീ ജില്ലകളില്‍ പ്രതിദിന രോഗികളുടെ എണ്ണം 1000 കടന്നു. രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും. യോഗത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചേക്കും.

കർണാടകയിൽ ബുധനാഴ്ച 21,390 പുതിയ കോവിഡ് -19 കേസുകളും 10 മരണങ്ങളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ പോസിറ്റീവ് നിരക്ക് 10.96 ശതമാനമാണ്. പുതിയ കേസുകളിൽ 15,617 കേസുകള്‍ ബെംഗളൂരു നഗരത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത്.

തമിഴ്നാട്ടിൽ ഇന്നലെ 17934 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ മാത്രം 7372 പുതിയ രോഗികളുണ്ട്.19 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ്മരണം 36905 ആയി. ചെന്നൈയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.3% ആണ്. സംസ്ഥാനത്തെ ടിപിആർ 11.3% ആയി ഉയർന്നു. നാളെ പൊങ്കൽ ഉത്സവം തുടങ്ങാനിരിക്കെ സാമൂഹിക നിയന്ത്രണം ഉറപ്പാക്കാൻ 16000 പൊലീസുകാരെയാണ് ചെന്നെയിൽ മാത്രം വിന്യസിക്കുന്നത്. വ്യാപാര കേന്ദ്രങ്ങളിൽ തിരക്ക് വർദ്ധിക്കുന്നത് ആശങ്കയ്ക്ക് ഇടനൽകുന്നുണ്ട്. രാത്രി കർഫ്യൂ അടക്കം നിയന്ത്രണങ്ങൾ തുടരുകയാണ്.

ദേശീയ ലോക്ക്ഡൗൺ അജണ്ടയിലില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ മരണസംഖ്യയും ഉയരുകയാണ്. യുപിയിൽ 13000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലും ദില്ലിയിലും പ്രതിദിന രോഗികളുടെ എണ്ണം കുത്തനെ ഉയർന്നു. മഹാരാഷ്ട്രയിൽ 46,723 പേരും ദില്ലിയിൽ 27,561പേരും രോഗബാധിതരായി. ദില്ലിയിൽ പോസിറ്റിവിറ്റി നിരക്ക് 26 ശതമാനമായി ഉയർന്നു.