ഇമ്മാനുവൽ മാക്രോണ്‍ വീണ്ടും ഫ്രഞ്ച് പ്രസിഡന്‍റ്

Print Friendly, PDF & Email

ഫ്രാൻസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇമ്മാനുവൽ മാക്രോണിന് വിജയം. എതിരാളിയായ തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥി മറൈൻ ലെ പെന്നിനെ മാക്രോണ്‍ പരാജയപ്പെടുത്തിയെന്നാണ് ഫലങ്ങള്‍ പുറത്തുവരുന്നത്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ മക്രോണ്‍ 58% വോട്ട് നേടിയതോടെയാണ് വിജയം ഉറപ്പിച്ചത്. മരീന്‍ പെന്നിന് 41% വോട്ട് നേടാനേ സാധിച്ചുള്ളൂ. മധ്യ- മിതവാദി ആശയങ്ങള്‍ മുന്നോട്ട് വെക്കുന്ന ലാ റിപ്പബ്ലിക്ക് എന്‍ മാര്‍ഷെ പാര്‍ട്ടി നേതാവായ മക്രോണ്‍, എതിരാളിയായ മരീന്‍ പെന്നിനെതിരെ ആദ്യഘട്ടത്തിലും രണ്ടാം ഘട്ടത്തിന്റെ അഭിപ്രായ സര്‍വേയില്‍ മുന്നിലായിരുന്നു. രണ്ടാം ഘട്ടത്തില്‍ ശക്തമായ മത്സരത്തിനൊടുവിലാണ് മക്രോണിന്റെ വിജയം പ്രഖ്യാപിക്കപ്പെട്ടത്.

ഇന്ത്യൻ സമയം രാവിലെ 11.30 ന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി 11.30 നാണ് അവസാനിച്ചത്. ഏപ്രിൽ 10ന് നടന്ന ഒന്നാം റൗണ്ടിൽ ഇമ്മാനുവൽ മാക്രോൺ ഒന്നാമതും എതിർ സ്ഥാനാർത്ഥി മറൈൻ ലെ പെൻ രണ്ടാമതും എത്തിയിരുന്നു. 12 സ്ഥാനാർത്ഥികൾ മത്സരിച്ച ആദ്യ റൗണ്ടിൽ മാക്രോൺ 27.8 ശതമാനം വോട്ടുകൾ നേടിയപ്പോൾ പെന്നിന് ലഭിച്ചത് 23.1 ശതമാനം വോട്ടുകളാണ്. മേയ് 13ന് പ്രസിഡന്റായി ഇമ്മാനുവൽ മാക്രോൺ വീണ്ടും അധികാരമേൽക്കും.

2002ല്‍ ജാക് ഷിറാക്കിനു ശേഷം ഭരണത്തുടര്‍ച്ച നേടുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റാവുകയാണ് മക്രോണ്‍. ജീവിതച്ചെലവും യുക്രെയ്ന്‍ യുദ്ധവും തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായി എന്നാണ് വിലയിരുത്തപ്പെടുന്നത്. യൂറോപ്യന്‍ യൂണിയന്‍ അംഗത്വവും കാലാവസ്ഥ വ്യതിയാനവും ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക ശിരോവസ്ത്രത്തിനെതിരെ മരീന്‍ ലെ പെന്‍ നടത്തിയ പരാമര്‍ശങ്ങള്‍ അവര്‍ക്ക് തിരിച്ചടിയായി.പരിവര്‍ത്തനങ്ങളുടെ അഞ്ച് വര്‍ഷങ്ങള്‍ക്കും സന്തോഷകരവും ബുദ്ധിമുട്ടേറിയ സമയങ്ങള്‍ക്കും മുമ്പില്ലാത്തവിധത്തിലുള്ള പ്രതിസന്ധികള്‍ക്കും ശേഷം വീണ്ടും ഫ്രാന്‍സിലെ ജനങ്ങള്‍ ഫ്രാന്‍സിനെ നയിക്കാന്‍ ഞങ്ങളെ ഏല്‍പ്പിച്ചിരിക്കുന്നു. എല്ലാവര്‍ക്കും നന്ദി എന്നായിരുന്നു വിജയം ഉറപ്പിച്ചതിന് പിന്നലെ മക്രോണിന്റെ പ്രതികരണം.

അതേസമയം, മക്രോണിനോട് പരാജയം സമ്മതിച്ച മരീന്‍ ലെ പെന്‍, തന്റേത് ഉജ്ജ്വലമായ വിജയമാണെന്ന് അവകാശപ്പെട്ടു. താന്‍ ഫ്രാന്‍സിനെ കൈവിടില്ലെന്നും 2017നേക്കാള്‍ മികച്ച വിജയമാണ് തന്റേതെന്നും അവര്‍ പറഞ്ഞു. വരാനിരിക്കുന്ന ലെജിസ്ലേറ്റീവ് തെരഞ്ഞെടുപ്പുകള്‍ക്കായി പോരാട്ടം ആരംഭിക്കുകയാണെന്നും അവര്‍ അറിയിച്ചു.