ആരോഗ്യ വകുപ്പ് ആസ്ഥാനത്തു നിന്നും ഫയലുകള്‍ കൂട്ടത്തോടെ കാണാതായി.
കോവിഡ് പശ്ചാത്തലത്തിൽ ടെൻഡർ ഒഴിവാക്കി കോടിക്കണക്കിന് രൂപയുടെ മരുന്നും മെഡിക്കൽ ഉപകരണങ്ങളും മെഡിക്കൽ സർവീസസ് കോർപ്പറേഷൻവഴി വാങ്ങിയത് വിവാദമായതിനു പിന്നാലെ മരുന്നുവാങ്ങൽ ഇടപാടുകളുടേത് അടക്കം ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്ന് അഞ്ഞൂറിലധികം സുപ്രധാന ഫയലുകൾ കാണാതായി. സർക്കാർ ആശുപത്രികൾക്ക് ആവശ്യമായ മരുന്നും ഉപകരണങ്ങളും വാങ്ങാൻ തയ്യാറാക്കിയ ഇൻഡന്റു മുതൽ ഓഡിറ്റ് നിരീക്ഷണങ്ങൾവരെ അടങ്ങിയ ഫയലുകൾ ആണ് കാണാതായ ഫയലുകളില്‍ കൂടുതലും. ബന്ധപ്പെട്ട സെക്‌ഷൻ ക്ലാർക്കുമാർ തന്നെയാണ് ഉന്നതാധികാരികളെ ഇക്കാര്യം അറിയിച്ചത്.
ആരോഗ്യവകുപ്പ് ആസ്ഥാനത്ത് ജീവനക്കാർ ദിവസങ്ങളോളം ഈ ഫയലുകള്‍ക്കായി കൂട്ടത്തിരച്ചിൽ നടത്തിയെങ്കിലും ഒരെണ്ണംപോലും കണ്ടെത്താനായില്ല. മെഡിക്കൽ സർവീസസ് കോർപ്പറേഷനിലും മരുന്നിടപാടുകളുടെ ഡിജിറ്റൽ ഫയലുകൾ പലതും നശിപ്പിച്ചതായി ആരോപണം ഉയർന്നിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടർ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയതിനെത്തുടർന്ന് കന്റോൺമെന്റ് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. നഷ്ടമായ ഫയലുകൾ എത്രയെന്ന കൃത്യമായ കണക്കില്ലെങ്കിലും അഞ്ഞൂറിലധികം വരുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പോലീസിനെ അറിയിച്ചത്. ഡയറക്ടറേറ്റിലെ ജീവനക്കാർ അറിയാതെ ഫയലുകൾ കൂട്ടത്തോടെ എടുത്തുമാറ്റാനാവില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആരോഗ്യവകുപ്പ് വിജിലൻസ് വിഭാഗവും പ്രത്യേക അന്വേഷണം ആരംഭിച്ചു. മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽനടന്ന ക്രമക്കേടുകളുമായി ആരോഗ്യവകുപ്പ് ആസ്ഥാനത്തെ ഫയൽ കാണാതായ സംഭവത്തിന് ബന്ധമുണ്ടോ എന്നതും വിജിലൻസ് അന്വേഷിക്കുന്നുണ്ട്.

