കേരളവും കോവിഡ് മൂന്നാം തരംഗ ഭീക്ഷണിയില്‍…?
കൊവിഡ് -19 മൂന്നാം തരംഗ ഭീഷണി കേരളത്തിൽ ശക്തമാകുന്നു. ഓരോ ദിവസത്തേയും കോവിഡ് ബാധിതരുടെ കണക്കുകൾ ഇതാണ് വ്യക്തമാക്കുന്നത്. ഒരു മാസത്തിന് ശേഷം സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം അയ്യായിരം കടന്നുിരിക്കുകയാണ്. ഒപ്പം തന്നെ ടെസ്റ്റ് പോസിറ്റിവിറ്റിയും കുതിച്ചുയരുന്നു. ഇന്ന് സംസ്ഥാനത്ത് 5296 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ടി പി ആർ എട്ടിന് മുകളിലായി. ടി പി ആർ പത്തിന് മുകളിലായാൽ മൂന്നാം തരംഗം സ്ഥിരീകരിക്കാമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ ചൂണ്ടികാട്ടുന്നത്.
ഡിസംബർ എട്ടാം തിയതിയാണ് കേരളത്തിൽ ഇതിന് മുമ്പ് പ്രതിദിന കേസുകൾ അയ്യായിരം കടന്നത്. പിന്നീട് ഇത് ആയിരത്തി അഞ്ഞൂറിനടുത്തേക്ക് താഴ്ന്നിരുന്നു. എന്നാൽ കഴിഞ്ഞ പത്ത് ദിവസത്തിൽ കേസുകൾ കുത്തനെ കൂടുകയായിരുന്നു. ഡിസംബർ 27 ന് കേസുകളുടെ എണ്ണം 1636 മാത്രമായിരുന്നു. വലിയ ആശ്വാസത്തിലേക്ക് എന്ന് സംസ്ഥാനം നിനച്ചിരിക്കെയാണ് കേസുകളുടെ എണ്ണം കുതിച്ചുയർന്നത്. ജനുവരി 3 ന് രണ്ടായിരത്തി അഞ്ഞൂറ് കടന്ന കേസുകൾ കഴിഞ്ഞ രണ്ട് ദിവസമായി നാലായിരത്തി അഞ്ഞൂറിന് മുകളിലായിരുന്നു. ഒമിക്രോൺ ഉയർത്തുന്ന മൂന്നാം തരംഗ ഭീഷണിയിലേക്കാണ് കേരളവും കടക്കുന്നതെന്നാണ് കണക്കുകളിലെ ഈ വർധനവ് സൂചിപ്പിക്കുന്നത്. കേരളത്തിലെ മൊത്തം ഒമിക്രോൺ കേസുകളുടെ എണ്ണം മുന്നൂറ് കടന്നുവെന്നതും ആശങ്ക വർധിപ്പിക്കുന്നതാണ്.
മൂന്നാം തരംഗ ഭീഷണിയിലേക്ക് കടന്നതോടെ സംസ്ഥാനത്തും നിയന്ത്രണങ്ങളും കടുപ്പിക്കുകയാണ്. എയര്‍പോര്‍ട്ടിലെത്തുന്ന യാത്രക്കാരെ ഹൈ റിസ്‌ക്, ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ എന്നിങ്ങനെ തിരിച്ചാണ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നത്. ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന്‍ ഏര്‍പ്പെടുത്തും. തുടര്‍ന്ന് എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. നേരത്തെ ലോ റിസ്ക് രാജ്യങ്ങളില്‍ വരുന്നവര്‍ക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്ന എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന നടത്തും. നെഗറ്റീവായാല്‍ 7 ദിവസം ഹോം ക്വാറന്റീനും എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധനയും നടത്തും. ഫലം നെഗറ്റീവായാല്‍ വീണ്ടും 7 ദിവസം സ്വയം നിരീക്ഷണത്തില്‍ തുടരണം. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരമാണ് നടപടിയെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. കൊവിഡ് പോസിറ്റീവാകുന്നവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നതാണ്. ഇവരെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുന്നതാണ്. സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ നല്‍കുകയും ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഡിസ്ചാര്‍ജ് ചെയ്യാനുമാണ് തീരുമാനം.

