ഇന്ത്യന്‍ തിരഞ്ഞെടുപ്പു രംഗത്തെ സമൂലം മാറ്റി മറിച്ച ഇതിഹാസമായ ടിഎന്‍ ശേഷന്‍ ഇനി ഓര്‍മ്മ.

Print Friendly, PDF & Email

ഇന്ത്യന്‍ തിരഞ്ഞെടുപ്പു രംഗത്തെ സമൂലം മാറ്റി മറിച്ച ഇതിഹാസമായ ടിഎന്‍ ശേഷന്‍ (87) ഇനി ഓര്‍മ്മ. വാർദ്ധക്യസഹജമായ അസുഖത്തെ തുട‍ർന്ന് ദീർഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്‍റെ അന്ത്യം ഞായറാഴ്ച രാത്രി ഒന്‍പതരയോടെ ചെന്നൈ ആല്‍വാര്‍പേട്ട സെയ്ന്റ് മേരീസ് റോഡിലെ സ്വഭവനത്തില്‍ വച്ചായിരുന്നു. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നിന് ചെന്നൈ ബസന്ത് നഗര്‍ ശ്മശാനത്തില്‍ നടക്കും

ചന്ദ്രശേഖര്‍ സര്‍ക്കാരിന്റെ കാലത്ത് 1990 ഡിസംബര്‍ 12-നാണ് ശേഷന്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറായത്. അതുവരെ ആസൂത്രണ കമ്മിഷനിലെ അപ്രധാന തസ്തികയില്‍ നിന്ന് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷന്‍റെ പദവിയിലേക്കെത്തിയ പാലക്കാട് തിരുനെല്ലായി സ്വദേശിയായ ടിഎന്‍ ശേഷന്‍ തിരഞ്ഞെടുപ്പു കമ്മിഷന്റെ കരുത്തും ശേഷിയും രാജ്യത്തിനു കാട്ടിക്കൊടുത്തു. ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന തിരഞ്ഞെടുപ്പു കമ്മിഷന്‍ എന്തെന്ന് ജനം തിരച്ചറിഞ്ഞത് അതോടെ ആയിരുന്നു.

രാഷ്ട്രീയ പാ‍ർട്ടികളോടും നേതാക്കളോടും നേർക്കു നേർ ഏറ്റുമുട്ടാൻ ധൈര്യം കാണിച്ച തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു ടിഎന്‍ ശേഷന്‍. തെരഞ്ഞെടുപ്പ് സംബന്ധിയായ വിഷയങ്ങളില്‍ ആധികാരികമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാനും രാഷ്ട്രീയ പാ‍ർട്ടികളെ കൊണ്ട് അത് അണുവിട തെറ്റിക്കാതെ അനുസരിപ്പിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. ഇത് അദ്ദേഹത്തിനു ‘നിര്‍വാചന്‍ സദ’നിലെ ‘അല്‍സേഷ്യന്‍’ എന്ന പേരുചാര്‍ത്തി കൊടുത്തു.

1990ൽ ഇന്ത്യയുടെ പത്താമത് തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ ടി എൻ ശേഷൻ ചങ്ങലക്കിടാന്‍ രാഷ്ട്രീയ നേതൃത്വം ഒറ്റക്കെട്ടായി രംഗത്തുവന്നെങ്കിലും ‘നിര്‍വാചന്‍ സദനിലെ ഈ ‘അല്‍സേഷ്യന്‍’ ഭയപ്പെട്ടില്ല. നരസിംഹറാവുവിന്‍റെ കാലത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾക്ക് തടയിടുവാനുള്ള ശ്രമങ്ങളുമായി കേന്ദ്ര സ‍ർക്കാ‍ർ സുപ്രീം കോടതിയില്‍ വരെ എത്തി. പക്ഷെ, ഭരണഘടന അനുവധിച്ചു നല്‍കിയ തിരഞ്ഞെടുപ്പു കമ്മീഷന്‍റെ അധികാരം എന്തെന്ന് വ്യക്തമായ ധാരണയുള്ള ആ മഹാ മേരുവിന്‍റെ മുന്പില്‍ കേന്ദ്ര സര്‍ക്കാര്‍ പോലും തലകുനിക്കുന്ന കാഴ്ചക്കും രാജ്യം സാക്ഷിയായി.

1990 മുതൽ 96 വരെയാണ് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതല വഹിച്ചത്. ഈ ചുരുങ്ങിയ കാലയിളവില്‍ തെരഞ്ഞെടുപ്പ് പ്രക്രിയയെ ശുദ്ധീകരിക്കുന്നതിൽ ടിഎന്‍ ശേഷന്‍ വിജയിച്ചു. മാതൃകാപെരുമാറ്റച്ചട്ടം (Model Code of Conduct) കൊണ്ടുവന്നുതും അര്‍ഹതപ്പെട്ട വോട്ടര്‍മാര്‍ക്കെല്ലാം നിര്‍ബന്ധമായും വോട്ടര്‍ ഐഡികാര്‍ഡ് കൊണ്ടുവന്നതും തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവിടാവുന്ന തുകയ്ക്ക് പരിധി നിശ്ചിച്ചതും അദ്ദേഹമായിരുന്നു. തിരഞ്ഞെടുപ്പു നിരീക്ഷകരും മറ്റു കമ്മീഷന്‍ ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തിന് പുറത്തുനിന്നാക്കി. വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കല്‍/വിരട്ടല്‍ , തെരഞ്ഞെടുപ്പ് ദിവസത്തെ പരസ്യ മദ്യവിതരണം, ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്തുകൊണ്ടുള്ള പ്രചാരണം തുടങ്ങി ആ കാലത്ത് സജീവമായിരുന്ന ദുശീലങ്ങളെല്ലാം ടി എൻ ശേഷന്‍ നേരിട്ട് ഇടപെട്ട് അവസാനിപ്പിച്ചു. പെരുമാറ്റചട്ടം എങ്ങനെ ഫലപ്രദമായി നടപ്പിലാക്കാം എന്ന് അദ്ദേഹം ഭരണാധികാരികളെ പഠിപ്പിച്ചു. കലങ്ങി മറിഞ്ഞ ആയിരത്തി തൊണ്ണൂറുകളിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ടി എൻ ശേഷൻ നട്ടെല്ല് നിവര്‍ത്തി നിന്ന് ഭാവിയില്‍ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പു കമ്മീഷന്മാര്‍ക്ക് മാര്‍ഗ്ഗ ദര്‍ശകമായി. തിരഞ്ഞെടുപ്പു കമ്മീഷന്‍ എന്തെന്ന് ജനം തിരിച്ചറിഞ്ഞത് ടിഎന്‍ ശേഷനിലൂടെ ആയിരുന്നു.

1933 മേയ് 15ന് പാലക്കാട് തിരുനെല്ലായിലായിരുന്നു ടി. എന്‍ ശേഷന്റെ ജനനം. അഭിഭാഷകനായിരുന്ന നാരായണ അയ്യര്‍ ആയിരുന്നു പിതാവ്. അമ്മ സീതാലക്ഷ്മി. ശേഷന്റെ ഭാര്യ ജയലക്ഷ്മി 2018 മാര്‍ച്ച് 31ന് അന്തരിച്ചിരുന്നു. മദ്രാസ് ക്രിസ്ത്യൻ കോളേജ് ഹാ‍ർവാർഡ് സർവകലാശാല എന്നിവിടങ്ങളിലായിരുന്നു പഠനം. 1955ല്‍ ആണ് ഐഎഎസ് നേടിയത്. തമിഴ്‌നാട് കേഡറില്‍ ആയിരുന്നു നിയമനം. 1956ല്‍ കോയമ്പത്തൂര്‍ അസിസ്റ്റന്‍ഡ് കളക്ടറായി. ഗ്രാമവികസന വകുപ്പില്‍ അണ്ടര്‍ സെക്രട്ടറിയായും മധുരയില്‍ കളക്ടറായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ട്രാന്‍സ്‌പോര്‍ട്ട് ഡയറക്ടര്‍, വ്യവസായം, കൃഷി വകുപ്പുകളില്‍ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു. അണുശക്തി വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി 1968ല്‍ കേന്ദ്രസര്‍വീസില്‍ പ്രവേശിച്ചു. തുടര്‍ന്ന് ഡയറക്ടറായി. ശൂന്യാകാശം, എണ്ണ-പ്രകൃതിവാതകം, വനം വന്യജീവി സംരക്ഷണം, പരിസ്ഥിതി തുടങ്ങിയ വകുപ്പുകളിലും പ്രവര്‍ത്തിച്ചു. 1986ല്‍ രാജീവ് ഗാന്ധിയുടെ സുരക്ഷാ ചുമതലയുള്ള സെക്രട്ടറിയായി. 1988ല്‍ പ്രതിരോധ സെക്രട്ടറിയും 1989ല്‍ കാബിനറ്റ് സെക്രട്ടറിയുമായി.1997ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ രാഷ്ട്രപതി സ്ഥനത്തേക്ക് അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചു. രാജ്യം ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും ഇന്ത്യന്‍ രാഷ്ട്രിയ നേതൃത്വങ്ങള്‍ ടിഎന്‍ ശേഷന്‍ എന്ന സിംഹത്തെ പരാജയപ്പെട്ടുത്തി അവരുടെ രാഷ്ട്രീയ വൈര്യം തീര്‍ത്തു. ഒരു പക്ഷെ അദ്ദേഹം രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നുവെങ്കില്‍ രാജ്യം കണ്ട ഏറ്റവും ശക്തനായ രാഷ്ട്രപതിയായി അദ്ദേഹം മാറുമായിരുന്നു എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

  •  
  •  
  •  
  •  
  •  
  •  
  •