കെ.റെയില്‍ പ്രത്യേക പദ്ധതി അല്ല. ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ആവശ്യമില്ല – റെയില്‍വേ
സംസ്ഥാന സര്‍ക്കാര്‍ സിൽവർലൈൻ (കെ-റെയിൽ) പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നത് റെയിൽവേയുടെ പ്രത്യേക പദ്ധതി (സ്‌പെഷ്യൽ പ്രോജക്ട് ) അല്ലാത്തതിനാൽ ഭൂമി ഏറ്റെടുക്കാൻ കേന്ദ്രസർക്കാരിന്റെ വിജ്ഞാപനം ആവശ്യമില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം അംഗീകരിക്കുന്നതായി റെയിൽവേ മന്ത്രാലയം ഹൈക്കോടതിയിൽ വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കുന്നത് ഉൾപ്പെടെയുള്ള നിക്ഷേപപൂർവ (പ്രീ ഇൻവെസ്റ്റ്മെന്റ്) നടപടികൾക്ക് നേരത്തെ പ്രാഥമികാനുമതി നൽകിയതാണെന്ന് മന്ത്രാലയത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി.
സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കുന്നതിനെ ചോദ്യംചെയ്ത് ഏറ്റുമാനൂർ പട്ടിമറ്റം സ്വദേശി എം.വി ചാക്കോച്ചന്‍ കോട്ടയം വെമ്പള്ളി സ്വദേശി ജയിംസ് അലക്സ് എന്നിവരുൾപ്പെടെ ഹൈക്കോടതിയില്‍ നൽകിയ ഹർജികള്‍ പരിഗണിച്ചപ്പോഴാണ് റെയില്‍വേ നിലപാട് വ്യക്തമാക്കിയത്. തുടന്ന് കേസ് വിധി പറയുവാന്‍ മാറ്റി വച്ചു. റെയിൽവേ പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനമിറക്കാൻ കേന്ദ്രസർക്കാരിനെ അധികാരപ്പെടുത്തുന്ന നിയമം 1990ൽ നിലവിൽവന്നതിനാല്‍ കെ റെയില്‍ പദ്ധതിക്കായി 955.13 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാൻ ചീഫ് സെക്രട്ടറി കഴിഞ്ഞ ആഗസ്റ്റ് 18ന് ഇറക്കിയ ഉത്തരവ് കേന്ദ്രസർക്കാരിന്റെ അധികാരത്തിൽ ഉള്ള കടന്നുകയറ്റമാണെന്നും അതിനാല്‍ ഉത്തരവ് റദ്ദാക്കുകും സര്‍വ്വേ ഉള്‍പ്പെടെയുള്ള നടപടികള്‍ തടയുകയും ചെയ്യണമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍, റെയിൽവേയുടെ പ്രത്യേക പദ്ധതിയല്ലാത്തതിനാൽ കേന്ദ്ര വിജ്ഞാപനം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണക്കുറുപ്പ് വാദിച്ചു. സര്‍ക്കാരിന്ർറെ ഈ വാദങ്ങൾ അംഗീകരിക്കുന്നതായി കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനും റെയിൽവേ ബോർഡിനും വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കി. പദ്ധതി നടപ്പാക്കുന്ന കമ്പനിയിൽ സർക്കാരിന് 51 ശതമാനവും റെയിൽവേക്ക് 49 ശതമാനവും പങ്കാളിത്തമുണ്ട്എന്ന് റെയില്‍വേ കോടതിയില്‍ വ്യക്തമാക്കി.
കേരളത്തിൽ നടപ്പാക്കിയ പാതയിരട്ടിപ്പിക്കൽ അടക്കമുള്ളവ പ്രത്യേക പദ്ധതികളായി റെയിൽവേ പ്രഖ്യാപിച്ചിട്ടില്ല. അങ്ങനെയായാൽ മാത്രമേ, റെയിൽവേ ആക്ട് പ്രകാരം ഭൂമിയേറ്റെടുക്കാൻ റെയിൽവേ വിജ്ഞാപനം ഇറക്കേണ്ടതുള്ളൂ. അതിനാല്‍ എല്ലായിടത്തും വിജ്ഞാപനമിറക്കിയത് സംസ്ഥാന സർക്കാരാണ്. കെ-റെയില്‍ പദ്ധതി ദക്ഷിണ റെയിൽവേയുടെ പ്രത്യേക പദ്ധതി അല്ലാത്തതിനാല്‍ പദ്ധതിക്ക് പുതിയ സാമൂഹ്യാഘാത പഠനം പോലും ആവശ്യമില്ല. കാര്യമായ സാന്പത്തിക ബാധ്യതയോ വിദേശവായ്പാ ബാദ്ധ്യതയോ ഏൽക്കില്ലെന്ന എതിർപ്പ് മാത്രമാണ് കെ.റെയില്‍ പദ്ധതിയുടെ കാര്യത്തില്‍ കേന്ദ്രത്തിന് ഇതുവരെയുള്ളത്. സിൽവർ ലൈനിൽ റെയിൽവേ മുടക്കുന്നത് വെറും 2150കോടി രൂപ മാത്രമാണ്.

