ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍: ശരിവച്ച് സുപ്രീം കോടതി.
പൊതുതാല്‍പര്യം സംരക്ഷിക്കാന്‍ സുതാര്യത അനിവാര്യമാണെന്നും അതിനാല്‍ 2010ലെ ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി ശരിവെച്ചുകൊണ്ട് സുപ്രീ കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്നു സുപ്രീം കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് സുപ്രധാനമായ ഈ വിധി . ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപക് ഗുപ്ത, എന്‍.വി. രമണ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരായിരുന്ന ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചില്‍നിന്ന് ഭൂരിപക്ഷ വിധിയാണുണ്ടായത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയും ജസ്റ്റിസുമാരായ സഞ്ജയ് ഖന്നയും ദീപക് ഗുപ്തയും വിധിയോട് യോജിച്ചപ്പോള്‍, ജസ്റ്റിസുമാരായ ചന്ദ്രചൂഡും രമണയുമാണ് വിയോജിപ്പ് പ്രകടിപ്പിച്ചു.
സുഭാഷ് ചന്ദ്ര അഗര്‍വാള്‍ സുപ്രീംകോടതി ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ തേടി വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയതോടെയാണ് ഇതുസംബന്ധിച്ച തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നത്. സുഭാഷ് ചന്ദ്ര അഗര്‍വാള്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ സുപ്രീംകോടതി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും അത് നടപ്പായില്ല. തുടര്‍ന്ന് വിഷയം കോടതി കയറുകയായിരുന്നു.
സുപ്രീംകോടതി ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ തടസവാദങ്ങള്‍ തള്ളിക്കൊണ്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പബ്ലിക് അതോറിറ്റിയാണെന്നും ചീഫ് ജസ്റ്റിസും വിവരാവകാശ നിയമത്തിന് കീഴില്‍ വരുമെന്നും 2009 സെപ്റ്റംബറില്‍ ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട് വിധിച്ചു. തുടര്‍ന്ന് 2010 ജനുവരി 12-ന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എ.പി.ഷാ ജസ്റ്റിസുമാരായ വിക്രംജീത് സെന്‍, എസ്.മുരളീധര്‍ എന്നിവരടങ്ങിയ ബെഞ്ച് സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവച്ചുകൊണ്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്നും വിവരാവകാശ നിയമമനുസരിച്ച് ചീഫ് ജസ്റ്റിസിന്റെ ഓഫീസില്‍നിന്നും വിവരങ്ങള്‍ തേടാമെന്നും പ്രഖ്യാപിച്ചു. ഈ സുപ്രധാന വിധിയാണ് ഇപ്പോള്‍ പരമന്നത കോടതിയും ശരിവച്ചിരിക്കുന്നത്. ഭരണകൂടങ്ങള്‍ വിവരാവകാശ നിയമത്തിന്‍റെ ചിറകരിയുവാന്‍ ശ്രമിക്കുന്പോള്‍ സുപ്രീംകോടതി പോലും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്നുള്ള സുപ്രീംകോടതിയുടെ ഈ സുപ്രധാന വിധി വിവരാവകാശ നിയമത്തിന് ഊര്‍ജ്ജം പകരുന്നതായി മാറിയിരിക്കുകയാണ്.