പെൺകുട്ടികളുടെ വിവാഹ പ്രായം 21. നിയമ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു.
പെൺകുട്ടികളുടെ വിവാഹ പ്രായം 21ആയി ഉയർത്താനുള്ള ശൈശവ വിവാഹ നിരോധന നിയമ ഭേദഗതി ബിൽ ലോക്സഭയിൽ തികച്ചും നാടകീയമായി അവതരിപ്പിച്ചു. വ്യാപക എതിർപ്പുയർന്നതിനാൽ ബിൽ നടപ്പു സമ്മേളനത്തിൽ അവതരിപ്പിച്ചേക്കില്ലെന്ന സൂചന നൽകിയ ശേഷം ഇന്നലെ ഉച്ചയ്‌ക്ക് പൊടുന്നനെ അധിക അജൻഡയായി ചേർക്കുകയായിരുന്നു. ബഹളംകാരണം രാവിലെ പിരിഞ്ഞ സഭ രണ്ടിന് ചേർന്നയുടൻ സഭ നിയന്ത്രിച്ച രാജേന്ദ്ര അഗ്രവാൾ മന്ത്രി സ്‌മൃതി ഇറാനിയെ ബിൽ അവതരിപ്പിക്കാൻ ക്ഷണിക്കുകയായിരുന്നു.
ബില്ലിനോടുള്ള വിയോജിപ്പും മുൻകൂട്ടി അറിയിക്കാതെ അജൻഡയിൽ ഉൾപ്പെടുത്തിയതിലുള്ള രോഷവും പ്രകടിപ്പിച്ച പ്രതിപക്ഷം നടുത്തളത്തിൽ ബഹളം വയ്‌ക്കുകയും ഒരംഗം ബിൽ വലിച്ചു കീറുകയും ചെയ്‌തു. സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടണമെന്നും വിശദ ചർച്ച വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം തടസപ്പെടുത്താൻ പരമാവധി ശ്രമിച്ചു. പ്രതിപക്ഷ രോഷപ്രകടനത്തിനിടെ വിശദ പരിശോധനയ്‌ക്ക് വനിതാ ശിശുക്ഷേമ വകുപ്പിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിട്ടു.
21 വയസു തികയാത്തവരെ കുട്ടികളായിരിക്കും നിയമം കണക്കാക്കുക. ബിൽ ലോകസഭയും രാജ്യസഭയും പാസ്സാക്കി രാഷ്‌ട്രപതി ഒപ്പിട്ട് നിയമമായാലും നിയമം നടപ്പാക്കാൻ രണ്ട് വർഷം സാവകാശമുണ്ടാകുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ഈ സമയം ബോധവൽക്കരണത്തിനായി ഉപയോഗിക്കാമെന്നാണ് വാദം.
മറ്റ് ആചാരാനുഷ്‌ഠാനങ്ങൾക്കും എല്ലാ നിയമങ്ങള്‍ക്കും അതീതം ആയിരിക്കും പുതിയ നിയമം. ഇന്ത്യൻ ക്രിസ്‌ത്യൻ മാര്യേജ് ആക്‌ട് – 1872, പാർസി മാര്യേജ് ആൻഡ് ഡൈവോഴ്സ് ആക്‌ട്-1936, സ്‌പെഷ്യൽ മാര്യേജ് ആക്‌ട് -1954, ഹിന്ദു മാര്യേജ് ആക്‌ട്-1955, ഹിന്ദു മൈനോറിറ്റി ആൻഡ് ഗാർഡിയൻഷിപ്പ് ആക്‌ട്-1956, ഹിന്ദു ദത്ത് നിയമം – 1956, ഫോറിൻ മാര്യേജ് ആക്‌ട്, 1969 എന്നീ നിയമങ്ങളെല്ലാം ഭേദഗതി ചെയ്തു കൊണ്ടായിരിക്കും പുതിയ നിയമം നടപ്പിലാക്കുക. മുസ്ലീം വിവാഹ നിയമങ്ങള്‍ ഭേദഗതി ചെയ്യും എന്ന് പ്രത്യേകം പറഞ്ഞിട്ടില്ല എങ്കിലും മുസ്ലിം ശരിഅത്ത് വ്യവസ്ഥയ്ക്കും മുകളിലാകും നിയമം. ബാലവിവാഹ നിരോധന നിയമത്തിൽ ഇത് എഴുതിച്ചേർക്കും.