കെ-റെയില്‍ സര്‍ക്കാരിന് ആദ്യ തിരിച്ചടി.
കെ-റെയില്‍ പദ്ധതിക്കായുളള കല്ലിടലിനെതിരെ പ്രതിഷേധം സംസ്ഥാനത്ത് പ്രതിക്ഷേധം ശക്തമായിരിക്കേ രണ്ടാം പിണറായി സർക്കാരിന്റെ ഇഷ്ട പദ്ധതിയായ കെ റെയിലിന് കേരള ഹൈക്കോടതിയില്‍ നിന്ന് ആദ്യ തിരച്ചടി. കെ റെയിൽ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ല് സ്ഥാപിക്കുന്നതിനെയാണ് ഹൈക്കോടതി തടഞ്ഞത്. ഭൂമി ഏറ്റെടുക്കാതെ ഇത്തരം അടയാളങ്ങളുള്ള തൂണുകൾ സ്ഥാപിക്കാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി.
അതേസമയം സിൽവർ ലൈൻ പദ്ധതിക്കായി സർവ്വേ ആൻഡ് ബൗണ്ടറിസ് ആക്ട് പ്രകാരം സർവേ തുടരാൻ അധികൃതർക്ക് സാധിക്കുമെന്നും കോടതി വിശദീകരിച്ചു. ഈ നിയമത്തിൽ പറയുന്ന 60 സെന്റിമീറ്റർ നീളമുള്ള കല്ലുകൾ മാത്രമേ സ്ഥാപിക്കാനാകൂവെന്നും കോടതി പറഞ്ഞു. പദ്ധതി കടന്നു പോകുന്ന സ്ഥലത്തിന്റെ ഉടമസ്ഥരായ കോട്ടയം സ്വദേശികളാണ് ഹർജിക്കാർ. പദ്ധതിക്ക് ഇതുവരെ കേന്ദ്ര സർക്കാരിന്റെ അംഗീകാരം കിട്ടിയിട്ടില്ലെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടി. എന്നാലും സർവേ തടയാനില്ലെന്നും അവർ പറഞ്ഞു.
കേരള റെയില്‍ ഡവലപ്മെന്‍റ് കോര്‍പറേഷന്‍ നടപ്പാക്കുന്ന സെമി ഹൈസ്പീഡ് റെയില്‍വേ പദ്ധതിക്കായുളള അതിര്‍ത്തി നിര്‍ണയിക്കുന്ന കല്ലിടലാണ് വിവിധയിടങ്ങളില്‍ പ്രതിഷേധത്തിലേക്ക് എത്തിയത്. സാമൂഹ്യാഘാത പഠനത്തിന് മുന്നോടിയായുളള അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് സംസ്ഥാന വ്യാപകമായി പ്രതിക്ഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പലിടത്തും കല്ലിടല്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയുന്നില്ല. സാമൂഹ്യാഘാത പഠനത്തിന് മുന്നോടിയായാണ് കല്ലിടലെന്നും ഭൂമിയേറ്റെടുക്കല്‍ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നുമാണ് കെ റെയില്‍ അധികൃതര്‍ വിശദീകരിക്കുന്നത്. എന്നാല്‍ സാമൂഹികാഘാദ പഠനത്തിനായിയ്യാണെങ്കില്‍ എന്തിനാണ് കല്ലിടുന്നതെന്നാണ് നാട്ടുകാര്‍ തിരിച്ചു ചോദിക്കുന്നത്.
സില്‍വര്‍ ലൈന്‍ കടന്നു പോകുന്ന പതിനൊന്ന് ജില്ലകളിലും കല്ലിടലിനായുളള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവുമധികം കല്ലിടല്‍ നടന്നത്. ഏഴ് വില്ലേജുകളിലായി 22 കിലോമീറ്റര്‍ നീളത്തില്‍ അറുന്നൂറോളം കല്ലുകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. അതേസമയം കല്ലിടല്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് പദ്ധതി പ്രദേശങ്ങളില്‍ ആക്ഷന്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കുകയാണ്.

