രാജിയില്‍ ഉറച്ച് വിഎം സുധീരന്‍. എഐസിസി അനുനയ ചര്‍ച്ചയും പാളി.

Print Friendly, PDF & Email

കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും എഐസിസിയില്‍ നിന്നും രാജിവെച്ച വി എം സുധീരന്‍ രാജിയില്‍ ഉറച്ചു നില്‍ക്കുകയാണ്. സുധീരനെ അനുനയിപ്പിക്കുവാന്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ചര്‍ച്ച നടത്തിയെങ്കിലും രാജിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച നിലപാടിലാണ് വി എം സുധീരന്‍.

എന്റെ ഒരു നിലപാടിലും മാറ്റമില്ല. കോണ്‍ഗ്രസിന്റെ നന്മയ്ക്ക് യോജിക്കാത്ത നടപടികള്‍ ഉണ്ടായതാണ് പ്രതികരിക്കാന്‍ കാരണംമെന്നും പാര്‍ട്ടിയുടെ പുതിയ നേതൃത്വം പ്രതീക്ഷയ്ക്ക് ഉയര്‍ന്നില്ലെന്നും സുധീരന്‍ പറഞ്ഞു. പരാതികള്‍ ചൂണ്ടിക്കാണിച്ചിട്ടും നേതൃത്വം അത് പരിഗണിച്ചില്ല. കോണ്‍ഗ്രസിലെ തെറ്റായ ശൈലികളും പ്രവര്‍ണതകളുമാണ് ചൂണ്ടിക്കാട്ടിയത്. പാര്‍ട്ടിയെക്കുറിച്ചുള്ള തന്റെ ആകുലതകള്‍ താരീഖ് അന്‍വറുമായി പങ്കുവെച്ചു. പാര്‍ട്ടിയെ ശരിയായ ദിശയിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ഹൈക്കമാന്റില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. താന്‍ ഉന്നയിച്ച പരാതികള്‍ക്ക് പരിഹാരം ഉണ്ടാകുമോ എന്നാണ് കാത്തിരിക്കുന്നത്. ഇപ്പോഴത്തെ നിലയില്‍ മുന്നോട്ട് പോയാല്‍ തിരിച്ചടി ഉണ്ടാകുമെന്നും സുധീരന്‍ പറഞ്ഞു.

സുധീരന്റെ നിര്‍ദ്ദേശങ്ങള്‍ ഗൗരവത്തോടെ പരിഗണിക്കുമെന്ന് താരീഖ് അന്‍വര്‍ പ്രതികരിച്ചു. സുധീരന്റെ ഉപദേശങ്ങള്‍ പാര്‍ട്ടിക്ക് അനിവാര്യമാണെന്നും അദ്ദേഹവുമായുള്ള ചര്‍ച്ച ഫലപ്രദമായിരുന്നെന്നും താരീഖ് പറഞ്ഞു. കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും എഐസിസിയില്‍ നിന്നും രാജിവെച്ച വി എം സുധീരന്റെ നടപടിയില്‍ കടുത്ത വിമർശനവുമായി കോണ്‍ഗ്രസ് മുതിർന്ന നേതാവ് പി ജെ കുര്യന്‍ രംഗത്തെത്തി. അധികാരവും ശക്തിയുമുണ്ടായിരുന്ന കാലത്ത് പല സ്ഥാനങ്ങളും വഹിച്ചിരുന്ന സുധീരന്‍ പാർട്ടി ക്ഷീണിച്ചിരിക്കുന്ന സമയത്ത് രാജിക്ക് മുതിർന്നത് ശരിയാണോ എന്ന് ചോദിച്ച പി ജെ കുര്യന്‍ അധികാരമുള്ള സമയത്ത് ആകാമായിരുന്നു ഇത്തരം ‘ലക്ഷ്വറി’ എന്നും വിമർശിച്ചു. രാജിവെയ്ക്കുന്നതിന് പകരം കമ്മിറ്റികളില്‍ സജീവമായി അഭിപ്രായമറിയിക്കുകയും നേതൃത്വത്തിന് തെറ്റുപറ്റിയെങ്കില്‍ തിരുത്തുകയായിരുന്നു വേണ്ടതെന്നും പി ജെ കുര്യന്‍ പറഞ്ഞു. അതിനുപകരം കോണ്‍ഗ്രസ് അധികാരമില്ലാതെ ശക്തി ക്ഷയിച്ചിരിക്കുമ്പോള്‍ രാജിവെച്ച സുധീരന്റെ നിലപാട് ഒരുതരത്തിലും നീതികരിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.