ബില്ല് പാസ്സായില്ലങ്കിലും ചട്ടങ്ങള്‍ നടപ്പിലാക്കുവാന്‍ തയ്യാറെടുത്ത് പിണറായി സര്‍ക്കാര്‍.

Print Friendly, PDF & Email

പോത്തിന് എന്ത് നാളും സംക്രാന്തിയും പിണറായിയുടെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെന്ത് ജനാധിപത്യ ചട്ടങ്ങളും നിയമങ്ങളും ഭരണഘടനയും. ബില്ല് പാസ്സായില്ലങ്കിലും അതിലെ ചട്ടങ്ങള്‍ നടപ്പിലാക്കുവാന്‍ തയ്യാറെടുപ്പിലാണ് പിണറായി സര്‍ക്കാര്‍. ഗവർണർ ഇതുവരെ ഒപ്പിടാത്തതിനാല്‍ നിയമമാകാത്ത സർവ്വകലാശാല നിയമഭേദഗതി അനുസരിച്ച് ഗവർണറെ മറികടന്ന് മലയാളം സർവ്വകലാശാല വൈസ് ചാന്‍സലറെ നിയമിക്കുവാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട്.

വിസി നിയമനത്തിന് സർച്ച് കമ്മിറ്റിയുണ്ടാക്കാനാണ് പിണറായി സര്‍ക്കാരിന്‍റെ തീരുമാനം. ഗവർണറുടെ അധികാരം വെട്ടാൻ നിയമസഭ പാസ്സാക്കിയ നിയമഭേദഗതി അനുസരിച്ചാണ് സെർച്ച് കമ്മിറ്റി ഉണ്ടാക്കുന്നത്. കമ്മിറ്റിയിലേക്ക് രാജ്ഭവൻ പ്രതിനിധിയെ നൽകാൻ ആവശ്യപ്പെട്ട് സർക്കാർ കത്ത് നൽകി. ഗവർണറുടെ പ്രതിനിധിക്ക് പുറമെ സർക്കാറിന്‍റേയും യുജിസിയുടേയും ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റേയും സിന്റിക്കേറ്റിന്റേയും പ്രതിനിധികൾ സർച്ച് കമ്മിറ്റിയിലുണ്ടാകുമെന്നാണ് സർക്കാർ അറിയിച്ചത്. ഇതോടെ അഞ്ചഗ സര്‍ച്ച് കമ്മറ്റിയില്‍ മൂന്നുപേര്‍ ഗവര്‍മ്മെന്‍റ് നിയന്ത്രിക്കുന്നവരാകും. ഭൂരിപക്ഷ തീരുമാനമനുസരിച്ച് സര്‍ക്കാരിന് ഇഷ്ടപ്പെട്ട വിസി ആയി നിയമിക്കുവാന്‍ കഴിയും. ഇതാണ് സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍. പക്ഷെ, ഇതുവരെ ഈ ബില്ലിൽ ഗവർണർ അംഗീകാരം നൽകിയിട്ടില്ല. അതിനാല്‍ നിയമവും ആയിട്ടില്ല. അതിനാല്‍ സർക്കാർ ആവശ്യം ഗവർണർ തള്ളിക്കളയുമെന്ന് ഉറപ്പാണ്. പിന്നീട് എന്തായിരിക്കും സര്‍ക്കാരിന്‍റെ അടുത്ത നീക്കം എന്ന് കാണാന്‍ കാത്തിരിക്കുകയാണ് കേരളം.