പഞ്ചാബ് കോണ്‍ഗ്രസ്സില്‍ ഉരുള്‍ പൊട്ടല്‍. സിദ്ദുവിന്‍റെ പിന്നാലെ മന്ത്രിമാര്‍ രാജിവച്ചു

Print Friendly, PDF & Email

ആദ്യം പഞ്ചാബ് കോണ്‍ഗ്രസ്സിന്‍റെ ക്യാപ്റ്റനായ മുഖ്യമന്ത്രി അമരീന്ദർ സിംഗ് നെതിരെ പടനയിച്ച് പുറത്താക്കുക. പിന്നാലെ പഞ്ചാബ് പിസിസി അദ്ധ്യക്ഷ സ്ഥാനം രാജിവച്ച് അടുത്ത ലാവണം തേടുക. പഞ്ചാബില്‍ കോണ്‍ഗ്രസ്സില്‍ നടക്കുന്നത് അക്ഷരാര്‍ത്ഥത്തില്‍ അഗ്നിപര്‍വ്വത സ്ഫടന പരന്പരയാണ്. ഇപ്പോഴിതാ നവ്ജോത് സിംഗ് സിദ്ദുവിനെ പിന്തുണച്ച് പഞ്ചാബില്‍ രണ്ടുമന്ത്രിമാര്‍ കൂടി രാജിവെച്ചിരിക്കുന്നു. റസിയ സുൽത്താനയും പർഗത് സിംഗുമാണ് രാജിവെച്ചത്. പിസിസി ട്രഷറര്‍ ഗുല്‍സന്‍ ചഹലും രാജിവെച്ചു. അതേസമയം സിദ്ദു അസ്ഥിരതയുണ്ടാക്കും എന്ന് ക്യാപ്റ്റൻ അമരീന്ദർ പറഞ്ഞത് സത്യമാവുകയാണ്.

പ്രതിസന്ധി വിലയിരുത്താന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി (Charanjit Singh Channi) അടിയന്തര മന്ത്രിസഭായോഗം വിളിച്ചിരിക്കുകയാണ്. പഞ്ചാബിൽ മന്ത്രിമാരെ തീരുമാനിച്ചതിൽ ഉൾപ്പടെ കടുത്ത അതൃപ്തി അറിയിച്ചാണ് പഞ്ചാബ് പിസിസി അദ്ധ്യക്ഷ സ്ഥാനം നവ്ജോത് സിംഗ് സിദ്ദു രാജിവച്ചത്. ഒത്തുതീർപ്പുകൾക്ക് വഴങ്ങുന്നത് പഞ്ചാബിന്‍റെ താല്‍പ്പര്യത്തിന് വിരുദ്ധമെന്ന് സിദ്ദു രാജിക്കത്തില്‍ പറയുന്നു. ക്യാപ്റ്റൻ അമരീന്ദർ സിംഗ് രാജിവച്ചപ്പോൾ തനിക്ക് അധികാരം നല്‍കുമെന്ന് സിദ്ദു കരുതി. അതുണ്ടാകാത്തതിലുള്ള അതൃപ്തിയാണ് ഇപ്പോഴത്തെ രാജിയിലേക്ക് നയിച്ചത്.

മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ചപ്പോൾ സുഖ്ജീന്ദർ സിംഗ് റന്ധാവയ്ക്ക് ആഭ്യന്തര വകുപ്പ് നല്‍കിയതിനെ സിദ്ദു എതിർത്തു. റാണ സുർജിത്ത്, ഭരത് ഭൂഷൺ അസു എന്നിവരെ മന്ത്രിമാരാക്കിയത് അഴിമതി ചൂണ്ടിക്കാട്ടി തടയാൻ സിദ്ദു ശ്രമിച്ചു. സംസ്ഥാന ഡിജിപി, അഡ്വക്കേറ്റ് ജനറൽ എന്നിവരുടെ നിയമനവും സിദ്ദുവിന്‍റെ നിർദ്ദേശത്തിന് വിരുദ്ധമായിരുന്നു. സിദ്ദുവിന്‍റെ രാജിക്കത്ത് എഐസിസി ആസ്ഥാനത്ത് വലിയ അമ്പരപ്പിനിടയാക്കി.

രാജിക്കത്ത് നല്‍കിയ ശേഷം നേതാക്കളുമായി ചർച്ചയ്ക്കും സിദ്ദു തയ്യാറായില്ല. ഇന്ന് അരവിന്ദ് കെജ്രിവാൾ പഞ്ചാബിൽ എത്തുന്നുണ്ട്. സിദ്ദു ആം ആദ്മി പാർട്ടിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമാണ്. പ്രശ്നപരിഹാരത്തിന് ശ്രമിക്കും എന്ന പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി വ്യക്തമാക്കി. ദില്ലിയിലെത്തിയ അമരീന്ദർ ബിജെപി നേതാക്കളെ കാണും എന്ന റിപ്പോർട്ടുകളുണ്ട്. കർഷകസമരം തീർക്കാൻ അമിത് ഷായും ജെപി നഢ്ഢയും അമരീന്ദർ സിംഗിന്‍റെ സഹായം തേടി എന്നാണ് സൂചന.

  •  
  •  
  •  
  •  
  •  
  •  
  •