പെഗാസസ് സ്കാം അന്വേഷണം നടത്താമെന്ന് എന്‍.എസ്.ഒ. അന്വേഷണത്തിന് ഇസ്രായേലും.

Print Friendly, PDF & Email

വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയക്കാര്‍, മാധ്യപ്രവര്‍ത്തകര്‍, ജുഡീഷ്യറി അംഗങ്ങള്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരുടെ ഫോണുകള്‍ പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ചോര്‍ത്തിയെന്ന വിവരം രാജ്യാന്തര തലത്തിലെ 17 മാധ്യമങ്ങളുടെ കൂട്ടായ്മ പുറത്തുവിട്ടതോടെ അന്വേഷണത്തിന് തയ്യാറായി പെഗസസിന്റെ ഇസ്രായേലി മാതൃ കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ്. ഇതുവരേയും തങ്ങളുടെ സോഫ്റ്റ് വെയറായ പെഗസസ് ഉപയോഗിച്ച് ആരുടേയും ഫോണ്‍ ചോര്‍ത്തിയട്ടില്ലെന്ന് അകാശപ്പെട്ടിരുന്ന കമ്പനി സാങ്കേതികവിദ്യ ദുരുപയോഗം ചെയ്തതിന്റെ വിശ്വസനീയമായ തെളിവുകള്‍ നല്‍കിയാല്‍ സമഗ്രമായി അന്വേഷിക്കുമെന്ന നിലപാടിലേക്കാണ് മാറിയിരിക്കുന്നത്.

അന്വേഷണം നടത്തി ആവശ്യമെങ്കില്‍ ആ സേവനം അവസാനിപ്പിക്കുമെന്നും എന്‍എസ്ഒ ഗ്രൂപ്പ് വക്താവ് പറഞ്ഞു. മാധ്യമ സ്ഥാപനങ്ങളുടെ അന്വേഷണത്തിന് ആധാരമായ, ചോര്‍ത്തലിനോ നിരീക്ഷണത്തിനോ വിധേയമായവയുടെ പട്ടികയെ ഞായറാഴ്ച മുതല്‍ എന്‍.എസ്.ഒ. നിഷേധിച്ചു കൊണ്ടിരിക്കുകയായിരുന്നു. പെഗാസസ് ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ ഇസ്രയേല്‍ മുതിര്‍ന്ന മന്ത്രിമാരുടെ സംഘത്തെ നിയോഗിച്ചെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് ഈ നിലപാടു മാറ്റം.

എന്‍എസ്ഒ ഒരു ടെക്‌നോളജി കമ്പനിയാണ്. രാജ്യങ്ങളുടെ സുരക്ഷാ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് പെഗസിസ് സേവനം നല്‍കുന്നത്. തങ്ങളുടെ സോഫ്റ്റ് വെയര്‍ സ്വകാര്യ വ്യക്തികള്‍ക്കു നല്‍കുന്നില്ല. എന്‍എസ്ഒക്ക് ഉപയോക്താക്കളുടെ ഡാറ്റയിലേക്ക് പ്രവേശനമില്ല. എങ്കിലും ആവശ്യപ്പെട്ടാല്‍ വിവരങ്ങള്‍ നല്‍കാന്‍ ഉപയോക്താക്കള്‍ ബാധ്യസ്ഥരാണ്. എന്നാല്‍ പുറത്തുവന്ന പട്ടികയിലെ നമ്പറുകള്‍ക്ക് എന്‍എസ്ഒ ഗ്രൂപ്പുമായി ബന്ധമില്ല എന്നും എന്‍എസ്ഒ വക്താവ് ആവര്‍ത്തിച്ചു. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ഇനി മാധ്യമങ്ങളോട് പ്രതികരിക്കില്ല എന്നും കമ്പനി അറിയിച്ചു.

അതേസമയം പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലിമെന്റ് ഐടി സമിതി അന്വേഷണം നടത്തുവാന്‍ തീരുമാനിച്ചു. ആഭ്യന്തര മന്ത്രാലയം, ഐടി മന്ത്രാലയം എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരെ സമിതി വിളിച്ചു വരുത്തി അടുത്ത ആഴ്ച മൊഴി എടുക്കും.

പെഗാസസ് വഴി ചോര്‍ത്തിയവരുടെ പട്ടികയില്‍ രാജ്യത്തെ ബഹുരാഷ്ട്ര കമ്പനികളുടെ പേരുകള്‍ കൂടി ഉണ്ടെന്ന വിവരംപുറത്തായതോടെ പെഗ്സസ് ഫോണ്‍ ടാപ്പിങ്ങ് സ്കാമിന് പുതിയ മാനങ്ങള്‍ കൂടി കൈവന്നിരിക്കുകയാണ്. മഹിക്കോ മൊണ്‍സാന്റോ ബയോടെക് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, മൊണ്‍സാന്റോ ഇന്ത്യ എന്നീ കമ്പനികളിലെ ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകളാണ് പട്ടികയിലുള്ളത്. 2018ല്‍ അന്നത്തെ മഹാരാഷ്ട്രയിലെ എന്‍ഡിഎ സര്‍ക്കാര്‍ ഈ കമ്പനികള്‍ക്കെതിരെ അന്വേഷണം നടത്തിയ സമയത്താണ് ചോര്‍ച്ച. അസമിലെ എഎഎസ്‌യു നേതാവ് സമുജ്ജല്‍ ഭട്ടചാര്യ, യുഎല്‍എഫ്എ നേതാവ് അനുപ് ചേതിയ, മണിപൂരി എഴുത്ത് കാരന്‍ മാലേം നിങ്‌തോജ എന്നിവരുടെ പേരുകളും പട്ടികയില്‍ ഉണ്ട്.