സിസ്റ്റര്‍ ലൂസി കളപ്പുരയോട് കോൺവെന്‍റിൽ നിന്ന് ഇറങ്ങിപ്പോകാൻ ഉത്തരവിടാനാകില്ല – ഹൈക്കോടതി

Print Friendly, PDF & Email

സിസ്റ്റര്‍ ലൂസി കളപ്പുരയോട് കോൺവെന്‍റിൽ നിന്ന് ഇറങ്ങിപ്പോകാൻ ഉത്തരവിടാനാകില്ല എന്ന് ഹൈക്കോടതി. കോൺവെന്‍റിലെ താമസവുമായി ബന്ധപ്പെട്ട് മുൻസിഫ് കോടതിയില്ലുള്ള ഹർജി എത്രയും വേഗം തീർപ്പാക്കാനും ഹൈക്കോടതി മുൻസിഫ് കോടതിയോട് ആവശ്യപ്പെട്ടു. മഠത്തിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സിസ്റ്റർ ലൂസി കളപ്പുര ഹൈക്കോടതിയില്‍ നൽകിയ ഹർജി തീര്‍പ്പാക്കി കൊണ്ടായിരുന്നു ഹൈക്കോടതിയുടെ വിധി.

സിസ്റ്റര്‍ ലൂസിക്ക് മഠത്തില്‍ പോലീസ് സംരക്ഷണം നല്‍കാന്‍ ആവില്ല. എന്നാല്‍ ഇപ്പോൾ താമസിക്കുന്ന വയനാട്ടിലെ കാരയ്ക്കാമല കോൺവെന്‍റിൽ അല്ലാതെ മറ്റെവിടെയെങ്കിലും താമസിച്ചാൽ സുരക്ഷ നൽകാൻ ഹൈക്കോടതി പൊലീസിന് നിർദേശം നൽകി. അതോടൊപ്പം കോൺവെന്‍റിലെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കപ്പെടണം എന്നാവശ്യപ്പെട്ടുള്ള സിസ്റ്റർ ലൂസിയുടെ അപേക്ഷ ബന്ധപ്പെട്ട മജിസ്ട്രേറ്റ് കോടതിയിൽ നൽകാനും ഹൈക്കോടതി നിർദേശിച്ചു.

സഭാ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്നാരോപിച്ച് സിസ്റ്റർ ലൂസി കളപ്പുരയെ എഫ്‍സിസി കോൺവെന്‍റിൽ നിന്ന് പുറത്താക്കിയ നടപടി വത്തിക്കാനും അടുത്തയിടെ ശരിവെച്ചിരുന്നു. എന്നാൽ ഇത് വത്തിക്കാൻ തീരുമാനമല്ലെന്ന് പ്രതികരിച്ച സിസ്റ്റർ ലൂസി കളപ്പുര, മഠം വിട്ടുപോകാൻ തയ്യാറായില്ല. ഇതേതുടര്‍ന്ന് കോണ്‍വെന്‍റ് അധികൃതര്‍ സിസ്റ്റര്‍ ലൂസിയോട് മഠം പുറത്തപോകണമെന്ന് അന്ത്യശാസനം നല്‍കിയിരുന്നു. തുടര്‍ന്നാണ് സിസ്റ്റര്‍ ലൂസി ഹൈക്കോടതിയെ സമീപിച്ചത്. സ്വന്തം വക്കീല്‍ കേസില്‍ നിന്ന് ഒഴിവായതിനാല്‍ ഹൈക്കോടതിയില്‍ സിസ്റ്റര്‍ ലൂസി സ്വന്തമായി കേസ് വാദിച്ചത് വിചാരണക്കാലത്ത് ദേശീയ ശ്രദ്ധ നേടിയ സംഭവമായിരുന്നു. ഇപ്പോള്‍ അനുകാലമായ വിധി വന്നതോടെ ഇത് സഭക്കേറ്റ കനത്ത തിരിച്ചടികൂടിയായി മാറിയിരിക്കുകയാണ്