എണ്ണപ്പാടങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാൻ ആണെന്നതിന് ‘തെളിവുകൾ’ പുറത്തുവിട്ട് സൗദി അറേബ്യ
മധ്യപൂർവ പ്രദേശത്ത് സംഘർഷസാധ്യത രൂക്ഷമാക്കികൊണ്ട് സൗദിയിലെ എണ്ണപ്പാടങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാൻ തന്നെയാണെന്നതിന് ‘തെളിവുകൾ’ പുറത്തുവിട്ട് സൗദി അറേബ്യ. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളുടെ അവശിഷ്ടങ്ങളും കഴിഞ്ഞ കുറച്ചു കാലമായി സൗദിക്ക് നേരെ ‘ഇറാൻ പിന്തുണയ്ക്കുന്ന’ ഹൂതി വിമതരുടെ ആക്രമണങ്ങളുടെ കണക്കുകളും അവതരിപ്പിച്ചാണ് സൗദി പ്രതിരോധവക്താവ് തുർക്കി-അൽ-മാലിക്കി വാർത്താസമ്മേളനം നടത്തിയത്.
ഇറാന്‍റെ സാങ്കേതിക വിദ്യയിലൂടെ നിർമിച്ച, ആയുധങ്ങളുപയോഗിച്ചതിനു തെളിവുകളുണ്ടെന്നും, ആ തെളിവുകളാണ് പ്രദർശിപ്പിക്കുന്നതെന്നും പറഞ്ഞുകൊണ്ടാണ് സൗദി വാർത്താസമ്മേളനം നടത്തിയത്. എണ്ണപ്പാടങ്ങൾക്ക് നേരെ ആക്രമണമുണ്ടായത് വ്യക്തമായും വടക്ക് ഭാഗത്തു നിന്നാണെന്നും അതുകൊണ്ട് യെമന്‍റെ ഭാഗത്ത് നിന്നല്ല ആക്രമണങ്ങളെന്നത് വ്യക്തമാണെന്നും സൗദി പറയുന്നു. ഇറാന്‍റെ സൈനികശക്തി പ്രകടനത്തിൽ അവതരിപ്പിച്ച ഡെൽട്ടാ വിങ് ഡ്രോണുകളുടെ മാതൃകയിലുള്ള ഡ്രോണുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ചിത്രങ്ങൾ സഹിതം സൗദി ആരോപിക്കുന്നു. ഇതോടെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ഇറാന്‍ കടുത്ത പ്രതിരോധത്തില്‍ ആയിരിക്കുകയാണ്.