മരട് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിയ്ക്കുന്നത് ഒഴിവാക്കാൻ വീണ്ടും സുപ്രീംകോടതിയിലേക്ക്…
മരട് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിയ്ക്കുന്നത് ഒഴിവാക്കാൻ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. അതിനായി അറ്റോർണി ജനറലിൽ നിന്ന് നിയമോപദേശം തേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സര്‍വ്വ കക്ഷി യോഗത്തിൽ അറിയിച്ചു. പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഇത്തരം കേസുകളില്‍ ഇളവുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ അധികാരം കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെട്ടിടങ്ങള്‍ പൊളിച്ചു നീക്കമ്പോള്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍കൊണ്ടുവരാന്‍ മുന്‍കൈ എടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചിട്ടുണ്ട്. അതോടൊപ്പം കേന്ദ്ര പരിസ്ഥിതി മന്ത്രിയെ ഫോണില്‍ വിളിച്ച് പ്രശ്നത്തിന്‍റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തു. ഈ കേസില്‍ പരിസ്ഥിതി മന്ത്രാലയം കക്ഷി ചേരണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം. കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ സംസ്ഥാനത്തിനു വേണ്ടി സുപ്രീംകോടതിയിലെ ഉന്നതനായ അഭിഭാഷകന്‍ തന്നെ ഹാജരാകും. നിയമപരമായി ഇക്കാര്യത്തില്‍ ചെയ്യാവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ട്ന്ന് പിണറായി പറഞ്ഞു.
എന്നാല്‍, സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കാനം രാജേന്ദ്രന്‍ വിഎസ് അച്ചുതാനന്ദന്‍, വിഎം സുധീരന്‍ എന്നിവര്‍ രംഗത്തു വന്നു. ശബരിമല വിധിയുമായാണ് മരട് വിധിയെ കാനം താരതമ്യം ചെയ്തത്. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന വിധി നടപ്പാക്കാമെങ്കിൽ ഫ്ലാറ്റുകൾ പൊളിയ്ക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെന്താണ് ബുദ്ധിമുട്ടെന്ന് കാനം രാജേന്ദ്രൻ ചോദിച്ചു. നഷ്ടപരിഹാരം ഫ്ളാറ്റ് നിർമാതാക്കളിൽ നിന്ന് ഈടാക്കി നൽകണമെന്ന് കാനം ആവശ്യപ്പെട്ടു. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്നാണ് വി എസ് അച്യുതാനന്ദന്‍റെയും വി എം സുധീരന്‍റെയും നിലപാട്. മരടിലെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം ബിൽഡർമാരിൽ നിന്ന് ഈടാക്കണമെന്ന് ഇരുനേതാക്കളും ആവശ്യപ്പെടുന്നു.മരട് ഫ്ലാറ്റ് പൊളിക്കൽ പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ എംപിമാരായ എൻ കെ പ്രേമചന്ദ്രനും ടി എൻ പ്രതാപനും ഒപ്പിട്ടിട്ടില്ല.
സെപ്റ്റംബർ 23-ന് ഫ്ലാറ്റ് പൊളിച്ചു നീക്കിയെന്ന റിപ്പോർട്ടുമായി ചീഫ് സെക്രട്ടറിയോട് ഹാജരാകാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. ഹോളി ഫെയ്ത്ത് ബിൽഡേഴ്സ് ആന്‍റ് ഡെവലപ്പേഴ്സ് ലിമിറ്റഡിന്‍റെ ഹോളി ഫെയ്ത്ത് എച്ച്ടുഒ, ആൽഫ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ നെട്ടൂരുള്ള ആൽഫ വെഞ്ചേഴ്സ് ഇരട്ട ഫ്ലാറ്റ് സമുച്ചയം, കെ വി ജോസ് ഗോൾഡൻ കായലോരം, ജെയ്ൻ ഹൗസിംഗ് ആന്‍റ് കൺസ്ട്രക്ഷൻസിന്‍റെ നെട്ടൂർ കേട്ടേഴത്ത് കടവിലുള്ള ജെയിൻ കോറൽ കോവ്, ഹോളിഡേ ഹെറിറ്റേജ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഹോളിഡേ ഹെറിറ്റേജ് (നിർമാണം തീർന്നിട്ടില്ല) എന്നിവയാണ് സുപ്രീംകോടതി പൊളിക്കാനുത്തരവിട്ട ഫ്ലാറ്റുകൾ. 375 കുടുംബങ്ങളാണ് അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങളിലായി താമസിക്കുന്നത്. ഫ്ലാറ്റ് ഒഴിപ്പിക്കുമ്പോൾ 343 കുടുംബങ്ങളിലായി 1472 പേരെ പുനരധിവസിപ്പിക്കേണ്ടിവരുമെന്ന് മരട് നഗരസഭ കണക്കാക്കുന്നത്.