ഭരണകൂട ഭീകരതയുടെ ഇര… മനുഷ്യാവകാശങ്ങളുടെ രക്തസാക്ഷി… ഫാദര്‍ സ്റ്റാന്‍ സ്വാമി അന്തരിച്ചു.

Print Friendly, PDF & Email

ഭീമ കൊരേഗാവ്- എല്‍ഗാര്‍ പരിഷദ് കേസില്‍ അറസ്റ്റിലായ ഫാദർ സ്റ്റാൻസാമി എന്ന് ലോകം അറിയുന്ന ഫാദര്‍ സ്റ്റാന്‍ ലൂര്‍ദ് സ്വാമി അന്തരിച്ചു. ഇന്ന് ഉച്ചക്ക് 1.30ഓടെയാണ് മുബൈ ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ വച്ച് തന്‍റെ സമരജീവിതത്തിന് അന്ത്യം കുറിച്ചത്. തലോജ സെന്‍ട്രല്‍ ജയിലിലായിരുന്ന സ്റ്റാന്‍ സ്വാമിയെ ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് മേയ് 28-നാണ് രണ്ടാഴ്ചത്തേക്ക് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ സ്വാമിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷികത്തില്‍ 2018 ജനുവരി ഒന്നിനുണ്ടായ സംഘര്‍ഷങ്ങളുമായും അതിനു മുന്നോടിയായി നടന്ന എല്‍ഗാര്‍ പരിഷദ് എന്ന ദളിത് സംഗമവുമായും മാവോവാദി സംഘടനകളുമായും ഫാദര്‍ സ്റ്റാന്‍ സ്വാമിക്ക് ബന്ധമുണ്ട് എന്ന് ആരോപിച്ചാണ് അദ്ദേഹത്തെ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ റാഞ്ചിയില്‍നിന്ന് എന്‍.ഐ.എ. അറസ്റ്റ് ചെയ്തത്. റാഞ്ചിയില്‍ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന സ്വാമി ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചുനല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കുവാനിരിക്കെയാണ് അന്ത്യം. തുടര്‍ന്ന് സ്റ്റാന്‍സ്വാമിയുടെ മരണം വക്കീല്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഞെട്ടലോടെയായിരുന്നു സ്റ്റാന്‍സ്വാമിയുടെ മരണം ഹൈക്കോടതി കേട്ടത്.

പാർക്കിൻസൺസ് രോഗവും പ്രായവുമായി ബന്ധപ്പെട്ട കേള്‍വിക്കുറവും മറ്റ് രോഗങ്ങളും ബാധിച്ച 84കാരനായ സ്റ്റാന്‍സ്വാമിയെ 2020 ഒക്ടോബര്‍ 8നായിരുന്നു സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് രാജ്യദ്രോഹകുറ്റം ചുമത്തി എന്‍ഐഎ അറസ്റ്റ് ചെയ്തത്. പാര്‍ക്കിസണ്‍ രോഗ ബാധിതനായതിനാല്‍ തനിക്ക് ഭക്ഷണം കൈകൊണ്ട് വാരികഴിക്കുവാന്‍ കഴിയുകയില്ല എന്നും അതിനാല്‍ ജയിലില്‍ തനിക്ക് ഭക്ഷണം കഴിക്കുവാനായി ഒരു സ്പൂണ്‍ അനുവദിച്ചു നല്‍കണമെന്ന അദ്ദേഹത്തിന്‍റെ അപേക്ഷ കോടതി തള്ളിയതും അന്ന് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. പരസഹായമില്ലാതെ സ്വയം നടക്കുവാന്‍ പ്രയാസപ്പെട്ടിരുന്ന അദ്ദേഹം കഴിഞ്ഞ എട്ടുമാസത്തിനിടെ ജയിലിൽ ആയിരുന്നപ്പോൾ പലതവണ വീണു പരുക്കേറ്റു. പലപ്രവശ്യം ജാമ്യത്തിനായി ശ്രമിച്ചു. എന്നാല്‍, ഫാദര്‍ സ്റ്റാന്‍സ്വാമി കൊടിയ ഭീകരനാണെന്ന നിലപാടിലായിരുന്നു എന്‍ഐഎ.

2018 ജനുവരി 1ന് മഹാരാഷ്ട്രയലെ പൂനക്കടുത്ത് ഭീമ – കൊറേഗാവ് ഗ്രാമത്തില്‍ ഭീമ-കോറേഗാവ് യുദ്ധത്തിന്‍റെ 200-ാം വാര്‍ഷികം ആഘോഷിക്കുവാന്‍ ദളിത് സംഘടനകള്‍ ഒരു വലിയ സമ്മേളനം സംഘടിപ്പിച്ചിരുന്നു. ഈ സമ്മേളനത്തിനു നേരെ സവര്‍ണ്ണ ജാതി വിഭാഗങ്ങള്‍ അക്രമണം അഴിച്ചുവിടുകയും സംഘര്‍ഷം കലാപമായി മാറുകയും ചെയ്തിരുന്നു. ദളിത് വിഭാഗങ്ങളുടെ നേരെ സവര്‍ണ്ണര്‍ അക്രമണം നടത്തുകയായിരുന്നുവെങ്കിലും അവരാരും കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടില്ല. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ആക്ടിവിസ്റ്റുകള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, അക്കാദമീഷ്യന്മാര്‍ തുടങ്ങിയവരാണ് പ്രതി ചേര്‍ക്കപ്പെട്ടവരും അറസ്റ്റ് ചെയ്യപ്പെട്ടവരും.

2017 ഡിസംബർ 31 ന് പൂനെയിൽ നടന്ന ഒരു കോൺക്ലേവിൽ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളാണ് ജനുവരി 1ന് പടിഞ്ഞാറൻ മഹാരാഷ്ട്ര നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള കൊറെഗാവ്-ഭീമ യുദ്ധസ്മാരകത്തിന് സമീപം അക്രമത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. മാവോയിസ്റ്റ് ബന്ധമുള്ള ആളുകളാണ് കോൺക്ലേവ് സംഘടിപ്പിച്ചതെന്ന് പോലീസ് അവകാശപ്പെട്ടിരുന്നു. ആ യോഗം സംഘടിപ്പിച്ചവര്‍ക്കെതിരെ പൂനയില്‍ കേസ് രജിസ്റ്റർ ചെയ്തു. എന്നാല്‍,‍ ജസ്റ്റീസ് സാവന്ത് അടക്കമുള്ള രണ്ട് റിട്ടയേര്‍ഡ് ജഡ്ജിമാര്‍ പങ്കെടുത്ത ആ യോഗത്തില്‍ ഫാദര്‍ സ്റ്റാന്‍സ്വാമി പങ്കെടുക്കുകയോ കലാപം നടന്ന കൊറെഗാവ്-ഭീമ പ്രദേശത്ത് ഒരിക്കലെങ്കിലും അദ്ദേഹം പോവുകയോ ചെയ്തിട്ടില്ല എന്നതാണ് വിരോധാഭാസം.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേസ് പിന്നീട് എൻ‌ഐ‌എയിലേക്ക് മാറ്റി. സി‌പി‌ഐ (മാവോയിസ്റ്റ്) അംഗം എന്ന നിലയിലും അതിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിലും സ്റ്റാൻ സ്വാമിയുടെ പങ്ക് ഈ കേസിൽ ഉയർന്നുവന്നിട്ടുണ്ടെന്ന് അധികൃതർ ആരോപിച്ചു. അന്വേഷണത്തിൽ, “അദ്ദേഹം സിപിഐ (മാവോയിസ്റ്റ്) കേഡറുമായി ആശയവിനിമയം നടത്തുന്നതായും സി‌പി‌ഐയുടെ (മാവോയിസ്റ്റ്) ഒരു മുൻ‌ സംഘടനയായ പീഡിത തടവുകാരുടെ സോളിഡാരിറ്റി കമ്മിറ്റി (പിപിഎസ്സി) യുടെ കൺവീനർ ആയിരുന്നുവെന്നും എന്‍ഐഎ ആരോപിക്കുന്നു. ആദിവാസികളുടേയും അധഃകൃതരുടേയും ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും സവര്‍ണ്ണരുടെ ചൂഷണത്തിനെതിരെ അവരെ സംഘടിപ്പിക്കുകയും ചെയ്ത അദ്ദേഹത്തെ കുടുക്കുവാനും നടത്തിയ ആസൂത്രിതമായ നീക്കമായിരുന്നു ഇതിന്‍റെ പിന്നില്‍.

കേസിലെ അദ്ദേഹത്തിന്റെ പങ്ക് അടിസ്ഥാനമാക്കി സ്റ്റാൻ സ്വാമിയെ 2020 ഒക്ടോബർ 8 ന് എൻ‌ഐ‌എ അറസ്റ്റ് ചെയ്ത് എൽഡി സ്പെഷ്യൽ കോടതിയിൽ ഹാജരാക്കി. പാര്‍ക്കിസണ്‍ രോഗവും മറ്റ് വാര്‍ദ്ധക്യ സഹജമായ അവശതകളും മൂലം ദൈനദിന ജീവിതത്തിന് പരസഹായം ആവശ്യമായിരുന്ന ഫാദര്‍ സ്റ്റാന്‍സ്വാമിയെ അദ്ദേഹത്തിന്റെ പ്രായത്തിന്റെ പശ്ചാത്തലത്തിൽ, അന്വേഷണ സമയത്ത് പോലീസ് കസ്റ്റഡിയില്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ എന്‍ഐഎ കേസ് ഏറ്റെടുക്കുകയും ഒക്ടോബര്‍ 8ന് യുഎപിഎ കുറ്റം ചുമത്തി സ്റ്റാന്‍സ്വാമി അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി പരിശോദിക്കാന്‍ എന്‍ഐഎ നിയോഗിച്ച ഡോക്ടര്‍ സിആർ‌പി‌സിയിലെ സെക്ഷൻ 54 അനുസരിച്ച് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സുസ്ഥിരമാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തതോടെയാണ് എന്‍ഐഎക്ക് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കുവാന്‍ കഴിഞ്ഞത്.

2020 ഒക്ടോബർ 9 ന് മുംബൈലെ എൻഐഎ പ്രത്യേക കോടതിയില്‍ അദ്ദേഹത്തെ ഹാജരാക്കി. പോലീസ് മുന്പ് ചുമത്തിയ വകുപ്പുകള്‍ക്കു പുറമേ യുഎപിഎ 13,16,18,20,38 and 39 വകുപ്പുകള്‍ കൂടി ചുമത്തിയ സപ്ലിമെന്‍ററി കുറ്റപത്രത്തോടു കൂടിയായിരുന്ന എന്‍ഐഎ സ്പെഷ്യല്‍ കോടതിയില്‍ അദ്ദേഹത്തെ ഹാജരാക്കിയത്. തുടര്‍ന്ന് എൽഡി കോടതി സ്റ്റാന്‍സ്വാമി അടക്കമുള്ളവരെ മുംബൈയിലെ തലോജയിലെ സെൻട്രൽ ജയിലിലേക്ക് അയച്ചു.

നിരവധി തവണയാണ് ആ വയോവൃദ്ധന്‍ ജാമ്യത്തിനായി ശ്രമിച്ചത്. മെഡിക്കൽ കാരണങ്ങളിലുള്ള ഇടക്കാല ജാമ്യം പ്രത്യേക എൻ‌ഐ‌എ കോടതി 2020 ഒക്ടോബർ 23 ന് നിരസിച്ചു. വീണ്ടും പാർക്കിൻസൺസ് രോഗം കാരണം ഗ്ലാസ് കൈവശം വയ്ക്കാൻ കഴിയാത്തതിനാൽ വൈക്കോല്‍ സിപ്പര്‍ ആവശ്യപ്പെട്ട് 2020 നവംബർ 6 ന് സ്വാമി പ്രത്യേക കോടതിയിൽ അപേക്ഷ സമർപ്പിച്ചു. അപേക്ഷയോട് പ്രതികരിക്കാൻ എൻ‌ഐ‌എ 20 ദിവസത്തെ സമയമാണ് ചോദിച്ചത്. സ്വാമിക്കു നല്‍കാന്‍ സിപ്പർ അവരുടെ പക്കലില്ലെന്ന് എൻഐഎ 2020 നവംബർ 26 ന് കോടതിയെ അറിയിച്ചു. തനിക്ക് 83 വയസ്സുണ്ടെന്നും പാർക്കിൻസൺസ് രോഗം ബാധിച്ചെന്നും പറഞ്ഞ് സ്വാമി രണ്ടാം തവണ ജാമ്യത്തിനായി അപേക്ഷ നൽകി. വെള്ളം കുടിക്കുന്നതിനായി സിപ്പർ, ശൈത്യകാല വസ്ത്രങ്ങൾ എന്നിവയ്ക്കുള്ള അദ്ദേഹത്തിന്റെ ലളിതമായ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കുവാന്‍ തലോജ ജയിൽ അധികൃതരോട് നിർദ്ദേശിക്കുന്നതിനു പകരം കോടതി അടുത്ത വാദം 2020 ഡിസംബർ 4 ലേക്ക് മാറ്റി വക്കുകയാണുണ്ടായത്.

തുടര്‍ന്നുണ്ടായ ജനരോക്ഷത്തിന്‍റെ പേരില്‍ അറസ്റ്റിലായി 50 ദിവസത്തിനുശേഷം തലോജ ജയിൽ അധികൃതർ സ്വാമിക്ക് ഒരു സിപ്പർ നൽകി. തുടര്‍ന്ന് 2020 നവംബറിൽ സ്വാമി ജാമ്യത്തിന് വീണ്ടും അപേക്ഷിച്ചിരുന്നു. എന്നാല്‍ ജാമ്യം അനുവദിക്കാതെ പ്രത്യേക എൻ‌ഐ‌എ കോടതി 2021 മാർച്ച് 22 ന് പിരിച്ചുവിടുകയാണ് ഉണ്ടായത്. തനിക്ക് ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വന്ദ്യവയോധികാനായ അദ്ദേഹത്തന് ആദ്യമായി നീതിയുടെ ചെറിയ ആശ്വാസം ലഭിച്ചത്. 2021 മെയ് 28 ന് ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സർക്കാരിനോട് 15 ദിവസത്തേക്ക് സ്വാമിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദ്ദേശിച്ചു. ആരോഗ്യനില അതിവേഗം വഷളായിക്കൊണ്ടിരുന്ന അദ്ദേഹത്തെ ബാന്ദ്രയിലെ ഹോളി ഫാമിലി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അവിടെ വച്ചാണ് തടവറകലില്ലാത്ത ലോകത്തേക്ക് ആ മനുഷ്യസ്നേഹി പറന്നുപോയത്.

See the source image
എണ്‍പതു വയസ് പിന്നിട്ട പ്രശസ്ത തെലിഗു കവി വരവരറാവുവിനെ രാജ്യദ്രോഹ കുറ്റം ചുമത്തി
എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തപ്പോള്‍

മഹാരാഷ്ട്രയലെ പൂനക്കടുത്ത് ഭീമ കൊറേഗാവ് എന്നറിയപ്പെടുന്ന ഗ്രാമത്തിൽ 2018 ജനുവരി ഒന്നിന് നടന്ന കലാപമാണ് മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ആക്ടിവിസ്റ്റുകള്‍ക്കും സാമൂഹിക പ്രവർത്തകർക്കുമെതിരെ യുഎപിഎ ചുമത്തി അറസ്റ്റിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം. ജാതിവ്യവസ്ഥയില്‍ ദളിതരെ അടിച്ചമർത്തുന്നവർക്കെതിരായ യുദ്ധത്തിന്‍റെ വിജയമായി പല ദളിതരും കരുതുന്ന യുദ്ധ വിജയോത്സവത്തിന്‍റെ 200-ാം വാർഷിക ആഘോഷ വേളയില്‍ ഹിന്ദു ദേശീയവാദ ഗ്രൂപ്പുകളും ദളിതരും ഏറ്റുമുട്ടിയതോടെ സംഭവങ്ങളുടെ തുടക്കം. ഭീമ-കൊറേഗാവ് ഗ്രാമത്തിൽ അന്ന് നടന്ന കലാപത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന അന്വേഷണം അധികം താമസിക്കാതെ ഗതി മാറി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ആക്ടിവിസ്റ്റുകളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നതിലേക്ക് എത്തുകയായിരുന്നു. ദളിത് വിരുദ്ധരായ സംഘപരിവാര്‍ ശക്തികളുടെ സ്വാധീനമായിരുന്നു ഈ കൂട്ട അറസ്റ്റിലേക്ക് കാര്യങ്ങളെ കൊണ്ടുചെന്നെത്തിച്ചത്.

മൂന്ന് വർഷത്തെ അന്വേഷണത്തിന് ശേഷം, എന്‍ഐഎ സമര്‍പ്പിച്ച 17,000 പേജുള്ള ചാര്‍ജ് ഷീറ്റില്‍ ഭീമ-കൊറേഗാവ് കലാപത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് പതിറ്റാണ്ടുകളായി സർക്കാരിനെതിരെ സായുധ കലാപം നടത്തിവരുന്ന ഒരു സംഘം നിരോധിത കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) അംഗങ്ങളാണെന്ന് ആരോപിക്കുന്നു. 80വയസു പിന്നിട്ട ഗുരുതരമായ ആരോഗ്യ രോഗങ്ങളുള്ള മുതിർന്ന പൗരന്മാരാണ് പ്രവർത്തകരിൽ പലരും. പാർക്കിൻസൺസ് രോഗം ബാധിച്ച ഫാദര്‍ സ്റ്റാൻ സ്വാമി (84) എന്ന ജെസ്യൂട്ട് പുരോഹിതൻ, തെലിഗു കവി വരവര റാവു (80).എന്നിവരും ഉള്‍പ്പെടും. കേസിലെ കുറ്റാരോപണങ്ങളുടെ ഗുരുതരമായ സ്വഭാവം കാരണം ജാമ്യം പോലും ലഭിക്കാതെ തടവറക്കുള്ളിലാണ് അവരിപ്പോഴും.

അറസ്റ്റിലായ തെലിഗു കവി വരവര റാവു (80), സ്റ്റാന്‍സ്വാമി(84), സുധ ഭരദ്വാജ് (74), റോണ വിൽസന് തുടങ്ങിയവര്‍

തടവിലാക്കപ്പെട്ട മറ്റൊരു പ്രമുഖ വ്യക്തിയാണ് അമേരിക്കൻ പൗരത്വം ഉപേക്ഷിച്ച ഇന്ത്യയില്‍ തിരിച്ചെത്തി ആദിവാസി സമുദായങ്ങളുടെ അവകാശങ്ങൾക്കായി പ്രവര്‍ത്തിക്കുന്ന തൊഴിലാളി അഭിഭാഷകയും ആക്ടിവിസ്റ്റുമായ സുധ ഭരദ്വാജ്. രണ്ടു വർഷത്തിലേറെയായി അഴികള്‍ക്കുള്ളില്‍ കഴിയുന്ന അവര്‍ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, സന്ധിവാതം എന്നിവയാൽ ബുദ്ധിമുട്ടുകയാണെന്ന് മകള്‍ പറയുന്നു.

ഇവര്‍ക്കെല്ലാം എതിരെ തെളിവുകളായി കുറ്റാരോപിതരുടെ കംപ്യൂട്ടറുകളില്‍ നിന്ന് ശേഖരിച്ച ഡിജിറ്റൽ തെളിവുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും എന്‍ഐഎ നിരത്തി. എന്നാല്‍ അവയെല്ലാം സൃഷ്ടിച്ചെടുത്ത തെളിവുകളാണ് എന്ന് ലോകപ്രസിദ്ധ ഫോറിന്‍സിക്‍ ലാബായ അമേരിക്കയിലെ മസാച്യുസെറ്റ്‌സിലുള്ള ഡിജിറ്റല്‍ ഫോറന്‍സിക് ഫേം നടത്തിയ ഫോറിന്‍സി‍ക്‍ പരിശോദനയില്‍ തെളിഞ്ഞിരുന്നു. മാല്‍വെയർ ഉപയോഗിച്ച് റോണ വിൽസന്റെ ലാപ്‌ടോപ്പിൽ നുഴഞ്ഞുകയറി കുറഞ്ഞത് 10 കുറ്റകരമായ കത്തുകൾ കമ്പ്യൂട്ടറിൽ നിക്ഷേപിക്കുകയായിരുന്നുവെന്നാണ് ഫോറിന്‍സി‍ക്‍ പരിശോദനയില്‍ കണ്ടെത്തിയിരുന്നത്. ഇത് കേന്ദ്ര സര്‍ക്കാരിനേയും എന്‍ഐഎയും പ്രതിരോധത്തിലാക്കിയിരുന്നു. രാജ്യദ്രോഹകുറ്റത്തിന്‍റെ പ്രധാന തെളിവായി എന്‍ഐഎ ചൂണ്ടിക്കാണിക്കുന്ന പ്രധാന തെളിവുകളായിരുന്നു മലയാളിയായ റോണ വില്‍സന്റെ ലാപ്‌ടോപില്‍ നിന്നു കണ്ടെത്തിയ ഈ കത്തുകള്‍. സാമൂഹിക പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ റോണ വില്‍സണാണ് ഈ കേസുമായി ബന്ധപ്പെട്ട് ആദ്യമായി അറസ്റ്റിലാകുന്നത്.

See the source image
മലയാളിയായ ആക്ടിവിസ്റ്റ് റോണ വിത്സന്‍ എന്‍ഐഎ കസ്റ്റഡിയില്‍

രാജ്യദ്രോഹക്കുറ്റു ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട് തടവിലാക്കപ്പെട്ടവര്‍ എല്ലാവരും“തൊട്ടുകൂടാത്തവർ” എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന ഗോത്രവർഗക്കാരും ദലിതരും ഉൾപ്പെടെ ഇന്ത്യയിലെ ഏറ്റവും പിന്നോക്ക സമുദായങ്ങളുടെ അവകാശങ്ങൾക്കായി വാദിക്കുന്നവരാണ്. മോദിയുടെ ഭരണകാലത്ത് സർക്കാർ വിമർശകർ ഭീഷണിപ്പെടുത്തലിനും അറസ്റ്റിനും വിധേയരാകുന്നുവെന്നും വിയോജിപ്പുകൾ അടിച്ചമർത്താനുള്ള ശ്രമമാണ് രാജ്യത്ത് നടന്നുവരുന്നതെന്നുമാണ് മനുഷ്യാവകാശ ഗ്രൂപ്പുകളും നിയമ വിദഗ്ധരും കരുതുന്നത്. ഫാദര്‍ സ്റ്റാന്‍സ്വാമിയെന്ന ജസ്യൂട്ട് വൈദികന്‍റ മരണത്തോടെ ഭരണകൂടം തടവിലാക്കിയിരിക്കുന്ന ഈ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പേരില്‍ ആരോപിക്കപ്പെടുന്ന രാജ്യദ്രോഹക്കുറ്റവും അറസ്റ്റും രാജ്യത്ത് വീണ്ടും ചര്‍ച്ചാവിഷയമാവുകയാണ്.

Pravasabhumi Facebook

SuperWebTricks Loading...